പുല്ലാട് ജങ്ഷനിൽ മല്ലപ്പള്ളി ഭാഗത്തേക്കുള്ള റോഡിലെ സീബ്രാലൈൻ മാഞ്ഞനിലയിൽ
പുല്ലാട് : ചീറിപ്പായുന്ന വാഹനങ്ങളെ കടത്തിവെട്ടി റോഡ് മുറിച്ചുകടക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കിൽമാത്രം പുല്ലാട് ജങ്ഷനിൽ കാൽനടയായി പോകാം. അല്ലാത്തവർ ഏറെനേരം ക്ഷമയോടെ നിൽക്കണം. മറ്റാരെങ്കിലുമൊക്കെ ഒപ്പം എത്തുന്നതുവരെ റോഡിന് ഇരുവശവും കണ്ണുംനട്ട് കാത്തിരിക്കണം. കാൽനടക്കാരന് റോഡിൽ യാതൊരു അവകാശവുമില്ലെന്ന തരത്തിലാണ് വാഹനങ്ങളുടെ ചീറിപ്പായൽ. തിരുവല്ല-കോഴഞ്ചേരി സംസ്ഥാനപാതയിലും മല്ലപ്പള്ളി-പുല്ലാട് റോഡിലും കാൽനടക്കാർക്ക് റോഡിനു കുറുകെ കടക്കൽ വെല്ലുവിളിയാണ്.
സീബ്രാവരകൾ മാഞ്ഞു
രണ്ട് സംസ്ഥാനപാതകളും കൂടിച്ചേരുന്നത് പുല്ലാട് ജങ്ഷനിലാണ്. മല്ലപ്പള്ളി റോഡിൽ ഓട്ടോ സ്റ്റാൻഡിന് മുൻപിലായി വരച്ചിരിക്കുന്ന സീബ്രാലൈനുകൾ ഏറെക്കുറെ മാഞ്ഞനിലയിലാണ്. കോട്ടയം ഭാഗത്തേക്ക് പോകുന്ന ബസുകൾ ഈ സീബ്രാലൈനിന്റെ മുകളിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യന്നത്. തിരുവല്ല-കോഴഞ്ചേരി റോഡിൽ രണ്ട് സീബ്രാലൈനുകളാണുള്ളത്. രണ്ടും ഏറെക്കുറെ മാഞ്ഞു.
വാഹനങ്ങൾ ഇടതടവില്ലാതെ വരുന്ന ഈ റോഡിൽ കാൽനടക്കാർ വളരെ ബുദ്ധിമുട്ടിയാണ് റോഡ് മുറിച്ചുകടക്കുന്നത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ബസുകൾ ഇതുവഴി കടന്നുപോകുന്നത്. ബസിറങ്ങി പെട്ടെന്ന് റോഡ് മുറിച്ചുകടക്കുന്നവരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകൾ നിർത്തുന്നതും സീബ്രാലൈനിന്റെ മുകളിലാണ്. ഇതുകാരണം സീബ്രാലൈനിൽക്കൂടിയല്ലാതെയാണ് കാൽനടക്കാരിൽ ഭൂരിഭാഗവും റോഡ് മുറിച്ചുകടക്കുന്നത്. കോയിപ്രം പഞ്ചായത്ത് ഓഫീസിന് മുൻപിൽ എപ്പോഴും റോഡ് ബ്ളോക്കാണ്.
ഓഫീസിൽ വരുന്നവരുടെ വാഹനങ്ങൾ റോഡിലേക്ക് ഇറങ്ങുമ്പോഴും കയറുമ്പോഴും ഗതാഗത തടസ്സം ഉണ്ടാകുന്നു. ബ്ളോക്കിൽപ്പെടുന്ന വാഹനങ്ങളുടെ നിര കുന്നന്താനം വരെ നീളാറുണ്ട്.
പഞ്ചായത്തിന് മുൻപിൽ സീബ്രാലൈനില്ല. പഞ്ചായത്തിൽ വരുന്ന പ്രായമുള്ള ആളുകളാണ് ഇതുകൊണ്ട് കൂടുതലും ബുദ്ധിമുട്ടുന്നത്. ട്രാഫിക് വാർഡന്റെ സേവനം ജങ്ഷനിൽ രാവിലെയും വൈകീട്ടും മാത്രമേയുള്ളൂ. രാവിലെ എട്ടു മണി മുതൽ വൈകീട്ട് ആറ് മണിവരെയെങ്കിലും വാർഡന്റെ സേവനം ലഭ്യമാക്കണമെന്നാണ് സ്ഥിരം യാത്രക്കാരുടെ ആവശ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..