കാലൻ തുള്ളിയ കളത്തിൽ ഇന്ന് ഭൈരവി തുള്ളിയൊഴിയും


1 min read
Read later
Print
Share

കുരമ്പാല പടയണിക്കളത്തിൽ ഞായറാഴ്ച നടന്ന നായാട്ടും പടയും

പന്തളം : പടയണിയിലെ രാജകോലമായ കാലൻ തുള്ളിയൊഴിഞ്ഞ കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ പടയണിക്കളത്തിൽ ചൊവ്വാഴ്ച 101 പച്ചപ്പാളയിൽ തയ്യാറാക്കുന്ന ഭൈരവിക്കോലം തുള്ളിയുറയും. ഭൈരവിക്കോലത്തിനുമുൻപിൽ കരിങ്കോഴിയെ കാണിച്ച് വിളിച്ച് പൂഴിക്കാട് ചിറമുടിയിലെത്തിച്ച് തുള്ളി ഒഴിയുന്നതോടെ 21 ദിവസമായി കുരമ്പാലയെ ഉത്സവ ലഹരിൽ ആറാടിച്ച അടവി ഉത്സവത്തിന് സമാപനമാകും.

ചൂരലുരുളിച്ച കഴിഞ്ഞ കളത്തിൽ ഞായറാഴ്ച നായാട്ടും പടയും തിങ്കളാഴ്ച കാലൻകോലവുമാണ് കളത്തിലെത്തിയത്. വിളകൾ നശിപ്പിച്ചിരുന്ന മൃഗങ്ങളെ ആഴികൊളുത്തിയും നായയുടെ സഹായത്തോടെ തുരത്തിയോടിക്കുന്ന സങ്കല്പമാണ് നായാട്ടും പടയും എന്ന കലാരൂപത്തിന് പിന്നിലുള്ളത്. പുലി, പന്നി, കരടി എന്നിവയെ നായയുടെ സഹായത്തോടെ തുരത്തിയോടിക്കുന്ന സങ്കല്പത്തിലാണ് നായാട്ടും പടയും നടത്തിയത്.

തിങ്കളാഴ്ച രാത്രി ഒൻപതിനുശേഷം പതിവുപരിപാടികൾ കഴിഞ്ഞ് പൂപ്പട നടന്നു. കന്യകമാരെ ബാധിക്കുന്ന ഗന്ധർവനെ ഒഴിപ്പിക്കുന്നു എന്നതാണ് പൂപ്പടയുടെ പിന്നിലുള്ള വിശ്വാസം. പൂപ്പടയ്ക്കൊപ്പം ഹാസ്യരൂപമായ കണിയാന്റെ പുറപ്പാടും നടന്നു.

ഗണപതിക്കോലം കളത്തിലെത്തി തുള്ളിയ ശേഷമാണ് കാലൻകോലം കളത്തിലേക്കെത്തിയത്. രാജ്‌മോഹനാണ് കാലൻകോലം തുള്ളിയത്. മരണഭയം ഇല്ലാതാക്കാനാണ് കാലംകോലം കെട്ടിയാടുന്നതെന്നാണ് വിശ്വാസം.

ചൊവ്വാഴ്ച പടയണിയിലെ ഭീമാകാരമായ കോലമാണ് കളത്തിലേക്കെത്തുന്നത്. 1001 പാളയിൽവരെ ഭൈരവിക്കോലം തീർക്കാറുണ്ട്. കുരമ്പാലയിൽ 101 പാളയിൽ കെട്ടുന്ന കോലമാണ് തുള്ളുന്നത്.

ക്ഷേത്രത്തിലെ ദേവതതന്നെയാണ് ഭൈരവിയായി മുന്നിലെത്തുന്നത്. കരയ്ക്കും കരക്കാർക്കും ഉണ്ടായ ദുരിതങ്ങൾ ഒഴിയാൻ, പറ്റിപ്പോയ പിഴവുകളെല്ലാം പൊറുക്കണമേയെന്ന പ്രാർഥനയോടെയാണ് ഭൈരവി കളത്തിൽ തുള്ളുന്നത്.

ക്ഷേത്രത്തിലേതന്നെ ദേവതയായതിനാൽ ആർപ്പുവിളികളും കുരവയും ദേവീസ്തുതികളുമായാണ് ഭൈരവിയെ കളത്തിലേക്കാനയിക്കുന്നത്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..