പന്തളം : പന്തളം നഗരസഭാ പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ അമൃത് പദ്ധതിയിൽ കേന്ദ്രഗവൺമെന്റ് ഫണ്ടിൽനിന്നു 14.9 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.
നഗരസഭയിൽ അച്ചൻകോവിലാറിന്റെ തീരമുൾപ്പെടുന്ന വാർഡുകളിലും കുന്നിൻപ്രദേശമായ കുരമ്പാല ഭാഗത്തുമാണ് വേനലിന്റെ ആരംഭത്തിൽത്തന്നെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. കുടിവെള്ള പദ്ധതിയുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളുൾപ്പെടുന്ന പ്രദേശങ്ങളിൽ പലയിടത്തും പൈപ്പ്‌ലൈൻപോലും വലിച്ചിട്ടില്ല.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമായി ആരംഭിച്ചിട്ടുള്ളതാണ് അമൃത് പദ്ധതി. ആദ്യഘട്ടമായി നഗരസഭാ പരിധിയിലെ ജലാശയങ്ങളുടെ വിവരങ്ങൾ, ജലശുദ്ധീകരണം, വിതരണം എന്നിവയുടെ നിലവിലെ സ്ഥിതി എന്നീ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നഗര ജലസന്തുലന പദ്ധതിയുടെ രൂപവത്കരണം നടക്കും. അടുത്തഘട്ടമായി നഗര ജല കർമപദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജലവിതരണം, ഗാർഹിക ജലവിതരണ കണക്ഷൻ നൽകൽ, ജലാശയങ്ങളുടെ പുനരുജ്ജീവനം എന്നിവ നടപ്പാക്കും.
ഒന്നാംഘട്ടമായി തയ്യാറാക്കുന്ന പദ്ധതി ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സംസ്ഥാനതല ഉന്നതാധികാര സമിതിയുടെ അംഗീകാരത്തോടെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു.
ഇതിന് മുന്നോടിയായി നഗരസഭാ കൗൺസിലുകളുടെ അംഗീകാരത്തോടെ പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അമൃത് സംസ്ഥാന മിഷൻ മാനേജ്‌മെന്റ് യൂണിറ്റിലും നൽകിയിരുന്നു.
3840 ഗാർഹിക കണക്ഷൻ പദ്ധതിയുടെ ഭാഗമായി നൽകും. 31 കിലോമീറ്റർ പൈപ്പ് ലൈൻ വലിക്കലും പദ്ധതിയിലുണ്ട്. സാങ്കേതികാനുമതി ലഭിക്കുന്ന മുറയ്ക്ക് ജോലികൾ തുടങ്ങുമെന്നു നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു. മുളമ്പുഴയിൽ ഇപ്പോഴുള്ള കുടിവെള്ളസംഭരണിയെ ആശ്രയിച്ചാകും പുതിയ പദ്ധതിയും നടപ്പാക്കുക. പുതിയ ജലസംഭരണികളുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..