പന്തളം : വാളകത്തിനാൽ പുഞ്ചയിൽ വെള്ളം കിട്ടാതെ നെൽക്കൃഷി കരിഞ്ഞുണങ്ങി. കനാൽവെള്ളമെത്തിയെങ്കിലും ഇനിയും പ്രയോജനം ലഭിക്കാത്ത അവസ്ഥയാണുള്ളത്. വെള്ളം ആവശ്യമുള്ള സമയത്ത് കർഷകർ വെള്ളത്തിനായി മുറവിളികൂട്ടിയെങ്കിലും അധികാരികളാരും തിരിഞ്ഞുനോക്കിയില്ല. പാടം വിണ്ടുകീറി വലിയ കട്ടകളായി മാറിയശേഷമാണ് അതിൽനിന്ന നെല്ല് കതിരുവന്നശേഷം ഉണങ്ങിവീണുപോയത്. വെള്ളം സമയത്ത് കിട്ടാത്തതിനാൽ കതിരുവന്നതിലധികവും പതിരായിട്ടുമുണ്ട്.
വാളകത്തിനാൽ പുഞ്ചയുടെ മുകൾഭാഗത്തായി 39 വർഷമായി തരിശുകിടന്ന പന്ത്രണ്ടര ഏക്കർ പാടത്തെ പച്ചപുതപ്പിക്കാൻ മുന്നിട്ടിറങ്ങിയ കർഷകരാണ് വെട്ടിലായത്. കനാൽവെള്ളവും ആമപ്പുറം കുളത്തിലെ വെള്ളവും മുന്നിൽകണ്ട് കൃഷിയിറക്കിയവരാണ് കതിരുനിരന്ന നെൽക്കൃഷിയെ രക്ഷിക്കാനായി പാടുപെട്ടത്. ആമപ്പുറത്തുള്ള കുളത്തിൽനിന്നു പെട്ടിയും പറയും, അഞ്ച് കുതിരശക്തിയുള്ള രണ്ട് മോട്ടോറുംവെച്ച് വെള്ളം പമ്പുചെയ്ത് കൃഷിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വെള്ളം തോടുവഴി പാടത്തേക്കെത്തുംമുമ്പുതന്നെ കുളം പൂർണമായും വറ്റിക്കഴിഞ്ഞിരുന്നു.
തരിശുനില കൃഷി പദ്ധതിയുടെ ഭാഗമായി കൃഷിഭവന്റെ സഹായത്തോടെ കർഷകരായ അമ്പലം നിൽക്കുന്നതിൽ മധുസൂദനൻ നായർ, രാജേന്ദ്രൻ തേക്കുനിൽക്കുന്നതിൽ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയിരുന്നത്. നവംബർ 20-ന് വിത്തുവിതച്ച് നെൽച്ചെടി രണ്ട് മാസത്തെ വളർച്ചയെത്തിയപ്പോഴാണ് വെള്ളം കൂടുതൽ ആവശ്യമുള്ള സമയത്തുതന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങിയത്.
കെ.ഐ.പി.യുടെ കനാൽ വെള്ളമാണ് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നത്. പദ്ധതിയുടെ കനാൽ ഒരു മാസം മുമ്പ് തുറന്നെങ്കിലും സബ് കനാൽ കടന്നുപോകുന്ന പന്തളത്ത് വെള്ളം എത്തിയത് കഴിഞ്ഞ ദിവസം മാത്രമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..