അധികൃതർ പറയുമോ... : വഴിനടക്കാൻ ഇനിയും വേണോ സമരം...


3 min read
Read later
Print
Share

നടപ്പാതകളിൽ അനധികൃത പാർക്കിങ് നടപ്പാതയിലേത്‌ അത്ര നല്ല നടപ്പല്ല

Caption

പന്തളം : പന്തളത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി പോകാൻ പണികഴിപ്പിച്ച് ടൈൽസും പാകി വൃത്തിയാക്കിയ നടപ്പാതകൾ ഇരുചക്രവാഹനങ്ങൾ വയ്ക്കാനുള്ളയിടമായി മാറി. പന്തളം കവലയ്ക്ക് വടക്കുഭാഗത്താണ് നടപ്പാതയിൽ പൂർണമായും ഇരുചക്രവാഹനങ്ങൾ നിരത്തിവെച്ചിട്ടുള്ളത്. എപ്പോഴും ഗതാഗതക്കുരുക്കുള്ള ഈ ഭാഗത്ത് സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങൾകൂടി നിറയുമ്പോൾ ജനത്തിന് നടന്നുപോകാൻ കഴിയാതെവരും.

കച്ചവടവും പൊടിെപാടിച്ച്...

വടക്കുഭാഗത്ത് വാഹനങ്ങളാണെങ്കിൽ പടിഞ്ഞാറുഭാഗത്ത് മുഴുവൻ നടപ്പാതയിലും കച്ചവടക്കാരുടെ സാധനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്.

എം.സി.റോഡിന്റെ ഇരുവശത്തും പന്തളം മാവേലിക്കര റോഡിലും പത്തനംതിട്ട റോഡിലും നടപ്പാത പണിതെങ്കിലും കച്ചവടക്കാരുടെ ഇറക്കുകൾകാരണം നടന്നുപോകാൻ കഴിയാത്ത അവസ്ഥ. എം.സി.റോഡിലെ നടപ്പാത ഇരുചക്രവാഹനങ്ങൾ പലപ്പോഴും കൈയടക്കുകയും ചെയ്യും.

എം.സി.റോഡിൽ നടന്നുവരുന്ന സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.പി.യാണ് കവല വികസനവും നടപ്പാതനിർമാണവും നടത്തിയത്. റോഡിനെക്കാൾ അല്പം ഉയർത്തി തറയോടുവിരിച്ചാണ് നടപ്പാത പണിതിട്ടുള്ളത്. അതിനോടുചേർത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ താഴെക്കൂടി യാത്രക്കാർക്ക് നടക്കാനും കഴിയില്ല. കടയിലെ സാധനങ്ങൾ മാത്രമല്ല കടയുടെ ബോർഡുകളും നടപ്പാതയിലേക്ക് ഇറക്കിയാണ് പലയിടത്തും വെച്ചിട്ടുള്ളത്.

പുതുശ്ശേരിഭാഗം : എം.സി.റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടിലായി നാട്ടുകാർ. എറത്ത് പഞ്ചായത്തിലെ പുതുശ്ശേരിഭാഗം നിവാസികളാണ് വാഹനങ്ങൾ ചീറിപ്പായുന്ന പാത മുറിച്ചുകടക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായി പറയുന്നത്. എം.സി.റോഡിൽ അടൂർ-ഏനാത്ത് ഭാഗത്തിനിടയിലാണ് പുതുശ്ശേരിഭാഗം കവല.

ഇവിടെ എൽ.പി.സ്കൂളിൽ സമീപത്തുള്ള ഭാഗത്താണ് കാൽനട യാത്രക്കാർ വഴിക്ക് ഇരുവശത്തേക്കും കടക്കാൻ ഏറെ ബുദ്ധിമുട്ടുള്ളത്. സദാസമയവും വാഹനങ്ങൾ ചീറിപ്പായുകയാണിവിടെ.

വേഗനിയന്ത്രണത്തിനായി മഞ്ഞ വര നൽകിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ വേഗംകുറയ്ക്കാറില്ല. അടൂർ-കഴക്കൂട്ടം സുരക്ഷാ ഇടനാഴി പദ്ധതിയുടെ ഭാഗമായി റോഡുസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട പണികൾ ഇവിടെയും ചെയ്തിരുന്നു. എന്നാൽ, വേഗ നിയന്ത്രണത്തിനുള്ള എഴുത്തുകൾ പലതും മാഞ്ഞിരിക്കുന്നു.

ആകെയൊരു സീബ്രാലൈനുള്ളത് എൽ.പി.വിദ്യാലയത്തിന് മുൻപിലാണ്. ആളുകൾ കൂടുതലും പാത മുറിച്ചുകടക്കുന്നത് 100 മീറ്റർ മാറിയുള്ള ഭാഗത്താണ്. ദീർഘദൂര യാത്രാവാഹനങ്ങൾ സീബ്രാലൈനിന്റെ ഭാഗത്തും വേഗത കുറയ്ക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.

വാഹനങ്ങൾക്കും ബുദ്ധിമുട്ട്

കാൽനട മാത്രമല്ല ഉപറോഡുകളിൽനിന്ന് വാഹനങ്ങൾ പ്രധാന പാതയിലേക്ക് കടക്കാനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പ്രധാനമായും തട്ടാരപടി, ചൂരക്കോട് ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങളാണ്‌ ഇവിടെ വന്നുകയറുന്നത്. ഏറെനേരം കാത്തുനിന്നാൽ മാത്രമേ എം.സി.റോഡിലേക്ക് കയറാൻ സാധിക്കുന്നുള്ളൂ എന്ന് യാത്രക്കാർ പറയുന്നു. വാഹനങ്ങൾ അലക്ഷ്യമായി ഈ ഭാഗങ്ങളിൽ പാർക്കുചെയ്യുന്നതും ഉപറോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് കാഴ്ചമറയാൻ കാരണമാകുന്നുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകൾ യാത്രക്കാരെ കയറ്റാൻ നിർത്തുന്നത് തട്ടാരുപടിയിൽനിന്നുള്ള റോഡ് മറച്ചാണെന്നും പരാതിയുണ്ട്.

മണ്ഡലകാലത്ത് തിരക്ക് പരിഗണിച്ച് ഇവിടെ ഒരു ഹോം ഗാർഡിനെ ഗതാഗതനിയന്ത്രണത്തിന് നിയമിച്ചിരുന്നു. എന്നാൽ, അതിനുശേഷം പിൻവലിച്ചു. ഇവിടെ ഗതാഗതനിയന്ത്രണത്തിനായി സ്ഥിരമായി ഒരാളെ നിയമിക്കേണ്ടത് അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു. അല്ലെങ്കിൽ വേഗനിയന്ത്രണത്തിനായി ലൈറ്റുകളോ, സൂചനകളോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.റോഡ് മുറിച്ചുകടക്കാൻ എന്തുചെയ്യണംഅടൂർ : അതീവ സുരക്ഷാ ഇടനാഴിയുടെ ഭാഗമായി അടൂർ ബൈപ്പാസിൽ നടപ്പാത നിർമിച്ചപ്പോൾ പ്രഭാത സവാരിക്കാരും കാൽ നടയാത്രക്കാരും ആശ്വസിച്ചു. റോഡിലെ തിരക്കനുഭവിക്കാതെ നടക്കാം എന്ന വിശ്വാസമായിരുന്നു ആ ആശ്വാസത്തിനു കാരണം. പക്ഷേ, ഇന്ന് ഈ നടപ്പാതകളിൽ പലയിടത്തും കാടുകയറിയും വഴിയോരക്കടക്കാർ കൈയേറിയിരിക്കുകയുമാണ്.

അടുത്തിടെയാണ് സേഫ് സോൺ പദ്ധതി പ്രകാരം ബൈപ്പാസ് റോഡരികുകൾ നവീകരിച്ചപ്പോൾ നടപ്പാതകൾകൂടി നിർമിച്ചത്. കെ.എസ്.ടി.പി. അധികൃതർ വല്ലപ്പോഴും നടപ്പാതയിലെ പുല്ലുകൾ വെട്ടിമാറ്റാറുണ്ട്. എന്നാൽ, നെല്ലിമൂട്ടിൽപ്പടി ഭാഗത്തുനിന്ന്‌ വരുമ്പോൾ ബീവറേജസ്‌ കോർപ്പറേഷനുസമീപത്തെ നടപ്പാത മുഴുവൻ എപ്പോഴും കാടാണ്. കൂടാതെ, നടപ്പാതയിൽ സ്വകാര്യവ്യക്തികൾ വാഴ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. ഒപ്പം ഇളക്കിയ സർവേക്കല്ലുകളും മറ്റും നടപ്പാതയിൽതന്നെ ഇട്ടിരിക്കുകയാണ്.

പലതും വഴിയിലാണ്

ബൈപ്പാസ് റോഡരികിൽ അടുത്തിടെയായി നിറയെ വിവിധ വഴിയോരക്കച്ചവടക്കാരുടെ തിരക്കാണ്. ഇത്തരം കടകളിലെത്തുന്ന വാഹനങ്ങൾ മിക്കപ്പോഴും റോഡിലേക്ക് ഇറക്കിയാണിടുന്നത്. തന്മൂലം കാൽനടയാത്രക്കാർക്ക് ഇതുവഴി പോകാൻപോലും സാധിക്കാത്ത അവസ്ഥയാണ്. പലപ്പോഴും ബൈപ്പാസിലെ അപകടങ്ങൾക്ക് കാരണവും ഈ തിരക്കുതന്നെ. ഇത്തരം അശ്രദ്ധമായ പാർക്കിങ് പോലീസോ, ഗതാഗതവകുപ്പോ ശ്രദ്ധിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. ചില ഭാഗങ്ങളിൽ നടപ്പാതയിലാണ് സ്വകാര്യബസുകൾ പാർക്കുചെയ്യുന്നത്. കടകളുടെ ഇരിപ്പിടങ്ങൾ പലതും നടപ്പാതയിലാണ്. ഇത്തരം പ്രവൃത്തികൾ അവസാനിപ്പിക്കുമെന്ന് പല തവണ നഗരസഭ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല.

എല്ലായിടത്തും ഒരേപോലെ

എപ്പോഴും നല്ല തിരക്കനുഭവപ്പെടുന്ന കുളനട ടി.ബി. കവലയിലും മാർക്കറ്റ് ജങ്ഷനിലും ചില ഭാഗങ്ങളിൽ നടപ്പാത കച്ചവടക്കാർ കൈയടക്കിയിട്ടുണ്ട്. വീതികുറവുള്ള റോഡിൽ വാഹനങ്ങളുടെ പാർക്കിങ്ങുകൂടി കഴിഞ്ഞാൽ കാൽനടയാത്രക്കാർക്ക് നടക്കാൻ ഒട്ടും ഇടമില്ല. പന്തളത്ത് നഗരസഭാ ബസ്‌സ്റ്റാൻഡിന് മുൻവശത്തുള്ള ചില വ്യാപാരികളാണ് നടപ്പാത പൂർണമായി കൈയടക്കിയിട്ടുള്ളത്. സാധനങ്ങൾവാങ്ങാൻ ആളുകളെത്തുന്നതോടെ ഒരാൾക്കുപോലും നടന്നുപോകാൻ കഴിയാത്തതുപോലെ നടപ്പാത നിറയും. നഗരസഭ പലതവണ നടപ്പാതയിലെ കച്ചവടം ഒഴിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒഴിപ്പിക്കുകയോ, നോട്ടീസ് നൽകുകയോ, പിഴ ചുമത്തുകയോ ചെയ്തിട്ടില്ല.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..