• ഉത്രം ഉത്സവത്തിന്റെ ഭാഗമായി പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ നടന്ന പകലെഴുന്നള്ളിപ്പ്
പന്തളം : പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങൾ ദർശിച്ച് ആയിരങ്ങൾക്ക് ദർശനപുണ്യം. അയ്യപ്പന്റെ പിറന്നാളായ ഉത്രം നക്ഷത്രത്തിലാണ് പന്തളം കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചത്.
10.30-ന് നടന്ന കളഭാഭിഷേകത്തിനും മഹാചതുശ്ശത നിവേദ്യത്തിനുംശേഷം 11.30-നാണ് തിരുവാഭരണം ചാർത്തിയത്. 12-ന് ഉത്രസദ്യയും നടന്നു.
ശബരിമല അയ്യപ്പവിഗ്രഹത്തിലും പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലും പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിലും മാത്രമാണ് തിരുവാഭരണങ്ങൾ വിഗ്രഹത്തിൽ ചാർത്തുന്നത്.
ശബരിമലയിലെത്തി ദർശനം സാധ്യമല്ലാത്ത സ്ത്രീകൾക്ക് പെരുനാട് കക്കാട്ട് കോയിക്കൽക്ഷേത്രത്തിലും പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലുമെത്തി ആഭരണച്ചാർത്ത് കാണാനാകുമെന്നതാണ് പ്രത്യേകത. ഇനിയും വിഷുവിനാണ് തിരുവാഭരണ ദർശനം ഉണ്ടാകുക.
ഉത്രം ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് 4.30-ന് കാഴ്ച ശ്രീബലി എഴുന്നള്ളിപ്പ്, വേലകളി എന്നിവയ്ക്കുശേഷം ക്ഷേത്രത്തിനുപുറത്ത് നാലുകെട്ട് കൊട്ടാരത്തിന് മുൻവശംവരെ എഴുന്നള്ളിപ്പ് നടന്നു. അഞ്ചിന് സോപാനസംഗീതം, ആറിന് പഞ്ചവാദ്യം, 8.30-ന് കളമെഴുതിപ്പാട്ടിനുശേഷം മണികണ്ഠനാൽത്തറയിലേക്ക് എഴുന്നള്ളിപ്പും നായാട്ടുവിളിയും നടത്തി. 10-ന് ഭഗവാനെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചതോടെ ഹരിവരാസനം പാടി നടയടച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..