പുല്ലാട് : പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവസമാപനത്തോടനുബന്ധിച്ച് ശനിയാഴ്ചനടന്ന ഘോഷയാത്ര പോലീസ് തടസ്സപ്പെടുത്തുകയും പ്രസിഡന്റടക്കമുള്ളവരെ കൈയേറ്റംചെയ്യുകയും ചെയ്തതിനെതിരേ ക്ഷേത്രോപദേശകസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ശനിയാഴ്ച വൈകീട്ട് നടന്ന ഘോഷയാത്ര പുല്ലാട് ജങ്ഷനിലെത്തിയപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.കോയിപ്രം എസ്.ഐ. എഡ്വേർഡ് ഗ്ളാഡ്വിൻ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അജയകുമാർ വല്ലുഴത്തിനെയടക്കം കമ്മിറ്റി അംഗങ്ങളെ പിടിച്ച് തള്ളുകയും മർദിക്കുകയുംചെയ്തത് സി.പി.എം. ഇരവിപേരൂർ ഏരിയാ കമ്മിറ്റി അംഗം എ.കെ. സന്തോഷ്‌കുമാർ ചോദ്യംചെയ്തിരുന്നു. സന്തോഷ്കുമാറിനെ, സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പ്രകോപിതനായ എസ്.ഐ. റോഡിലേക്ക് തള്ളിവീഴ്ത്തി. എസ്.ഐ.യുെട പേരിൽ നടപടി ആവശ്യപ്പെട്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രിയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സതേടിയ സന്തോഷ് ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവർക്ക് പരാതി അയച്ചിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്ന് എസ്.ഐ.ക്കെതിരേ നടപടിയെടുക്കുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് സി.പി.എം. പുല്ലാട് ലോക്കൽ സെക്രട്ടറി സി.ജെ. മനോജ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..