പന്തളം : അച്ചൻകോവിലാർ വേനലിൽ വറ്റിയതോടെ വളക്കൂറുള്ള മണ്ണിൽ പച്ചക്കറിയിനങ്ങൾ തഴച്ചുവളരുന്നു. ചെളിയും എക്കലും ചേർന്ന് വളക്കൂറുള്ള മണ്ണും നല്ല വെയിലും വെള്ളം കോരുന്നതിനുള്ള സൗകര്യവുമുള്ളതിനാൽ തീരത്തു താമസക്കാരായവരാണ് സ്ഥലം വെറുതെയിടാതെ കൃഷിയിറക്കി വിളവെടുക്കുന്നത്. പെട്ടെന്ന് വിളവെടുക്കുവാൻ കഴിയുന്ന ചീരയും പയറും പാവലും പടവലവും ആറുമാസംകൊണ്ട് വിളവെടുക്കാൻ കഴിയുന്ന കപ്പയുമാണ് കൂടുതലും കൃഷിചെയ്തിട്ടുള്ളത്. വർഷകാലമായാൽ ആറ്റിൽ ജലനിരപ്പുയരുന്നതിന് മുമ്പ് കൃഷി ചെയ്തു തീർത്തില്ലെങ്കിൽ കൃഷിനാശമുണ്ടാകാനിടയുള്ളതിനാൽ വേഗത്തിൽ വിളവെടുക്കുവാനുള്ള കൃഷികളാണ് ചെയ്യുന്നത്.
കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ പലയിടത്തും തീരം ഇടിഞ്ഞ് നഷ്ടപ്പെട്ടെങ്കിലും വലിയപാലത്തിന് താഴ്ഭാഗത്തും തോട്ടക്കോണം ഭാഗത്തും കുറച്ചുഭാഗം മണ്ണും ചെളിയും കയറി ഉയരുകയാണ് ഉണ്ടായത്. ഇവിടെ സമൃദ്ധമായി കൃഷിയിറക്കിയിട്ടുണ്ട്. പുഞ്ച, വിരിപ്പ് പാടങ്ങളിലും പച്ചക്കറികൃഷി നിറഞ്ഞുതുടങ്ങി. തട്ടയിൽ, കുരമ്പാല, പൂഴിക്കാട് ഭാഗങ്ങളിലെല്ലാം പാടത്ത് കൃഷിയിറക്കിയിട്ടുണ്ട്. ചെളികോരി അതിലാണ് ഇവ നട്ടുവളർത്തുന്നത്. കുളങ്ങളും ചാലുകളും ചെറു തോടുകളുമാണ് വെള്ളം കിട്ടാനായി പ്രയോജനപ്പെടുത്തുക. മാർച്ച് മാസമാകുന്നതോടെ വിപണികളിലേക്ക് ധാരാളമായി എത്തിത്തുടങ്ങുന്നത് നാടൻ പച്ചക്കറി ഇനങ്ങളാണ്. വില പിടിച്ചുനിർത്തുന്നതും ഇവയുടെ വരവാണ്.
വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിന്റെ വിപണികളിലാണ് കർഷകർ നാടൻ ഇനത്തിലുള്ള പച്ചക്കറികൾ എത്തിക്കുന്നത്. ഇതിന് ജില്ലയ്ക്കു പുറത്തുനിന്നു ധാരാളം ആവശ്യക്കാരെത്തുന്നുമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..