വെള്ളപ്പൊക്കത്തിൽ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിനുസമീപം അടിഞ്ഞ മാലിന്യം
പന്തളം : മുൻവർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ മുട്ടാർ നീർച്ചാലിലൂടെ ഒഴുകിയെത്തിയ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം പന്തളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് ഭീഷണിയാകുന്നു. ഒരു തീപ്പൊരി വീണാൽ ഇവിടെയും തീ ആളിക്കത്തും. നീർച്ചാലിന്റെ തീരത്ത് മാലിന്യം വേർതിരിക്കാൻ കെട്ടിയിട്ടുള്ള ഷെഡ് വരെയുള്ള ഭാഗത്തിന് ഭീഷണിയാണിത്.
നീർച്ചാലിലൂടെ ഒഴുകിയെത്തിയവയിലധികവും പ്ലാസ്റ്റിക്ക് കവറുകളും പാത്രങ്ങളും ഉപയോഗശൂന്യമായ കവറുകളുമാണ്. പന്തളം നഗരസഭയുടെ മാലിന്യം വേർതിരിക്കുന്ന ഷെഡ്ഡിന് സമീപത്ത് കുന്നുകൂടിക്കിടന്ന മാലിന്യക്കൂമ്പാരത്തിന്റെ ഒരുഭാഗവും വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയത് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലാണ്. സ്റ്റാൻഡിലെ ശൗചാലയത്തോടുചേർന്ന ഭാഗം മുഴുവൻ മലപോലെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പ്രളയം കഴിഞ്ഞ് നാലുവർഷം പിന്നിട്ടിട്ടും ഒരുസ്ഥലത്തെയും മാലിന്യം നീക്കിയിട്ടില്ല.
കരകവിഞ്ഞൊഴുകിയ മുട്ടാർ നീർച്ചാലിലൂടെയാണ് സ്റ്റാൻഡിന്റെ സ്ഥലത്തേക്ക് മാലിന്യം എത്തിയത്. മത്സ്യച്ചന്തയിലും മാലിന്യം കുന്നുകൂടി. പന്തളം ചെറിയപാലം മുതൽ മുട്ടാർ നീർച്ചാൽ ചെന്നുചേരുന്ന വലക്കടവു വരെയുള്ള ഭാഗത്ത് പ്ലാസ്റ്റിക്ക് കവറുകളുടെ കൂമ്പാരമാണ്. പന്തളം ചന്തയോടുചേർന്ന് പലസ്ഥലങ്ങളിൽനിന്നായി ലോറിയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച പ്ലാസ്റ്റിക്ക് മുഴുവൻ വെള്ളത്തിലൂടെ ഒലിച്ച് മത്സ്യച്ചന്തയിലും ബസ് സ്റ്റാൻഡിനു സമീപത്തും എത്തിച്ചേർന്നു. ചാലിനോടുചേർന്നുള്ള ആക്രിക്കച്ചവട സ്ഥാപനങ്ങളിലെ ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം പ്രളയത്തിൽ ഒഴുകിയിറങ്ങിയത് നീർച്ചാലിലേക്കാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..