Caption
ഏഴംകുളം : വേനൽ കനത്തതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി. പൈപ്പ് വെള്ളം കൃത്യമായി ലഭിക്കുന്നുമില്ല. പഞ്ചായത്തിലെ കുടിവെള്ളംപ്രശ്നം പരിഹരിക്കാൻ വിവിധ പദ്ധതികൾ പരിഗണിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
കൊയ്പുള്ളിമല, നെടുമൺ, കൈതപ്പറമ്പ് ഭാഗങ്ങളിലെ ജനങ്ങളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. വേനൽ കൂടുതൽ കടുക്കുമ്പോൾ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് അവർ.
ദാഹിച്ചുവലഞ്ഞ് കൊയ്പുള്ളിമല നിവാസികൾ
തൊട്ടടുത്ത് നിറഞ്ഞുകിടക്കുന്ന പാറക്കുളം ഉണ്ടായിട്ടും കുടിവെള്ളം ദൂരെ നിന്നു ചുമന്നുകൊണ്ട് വരുകയാണ് കൊയ്പുള്ളിമല നിവാസികൾ.
പാറക്കുളത്തിലെ വെള്ളം കുളിക്കാനും തുണി അലക്കാനും മറ്റും ഉപയോഗിക്കുന്നുണ്ട് അതിനാൽ ഇത് കുടിക്കാൻ സാധിക്കില്ലെന്നാണ് അവർ പറയുന്നത്. വീട്ടിലെ മറ്റ് ആവശ്യങ്ങൾക്ക് ഇവിടെനിന്ന് ആളുകൾ വെള്ളമെടുക്കുന്നുണ്ട്. കുടിവെള്ളം അരക്കിലോമീറ്റർ ദൂരെയുള്ള കിണറിൽനിന്നെടുത്ത് ചുമന്നുകൊണ്ടുവരുകയാണ്.
ആഴത്തിൽ പാറയായതിനാൽ ഈ ഭാഗത്ത് പൊതുവേ കിണറുകൾ കുഴിച്ചാൽ വെള്ളം കിട്ടാറില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഉള്ള കിണറുകളിൽ വെള്ളം വറ്റിത്തുടങ്ങി.
അധികൃതർക്ക് പലതവണ പരാതി കൊടുത്തെങ്കിലും ജലവിതരണം കൃത്യമായി നടത്താൻ വേണ്ട നടപടി ഉണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അമ്പതോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് ദുരിതമനുഭവിക്കുന്നത്.
കുടിവെള്ളപദ്ധതി
കൊയ്പുള്ളിമലയിൽ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാറമടയിലെ ഖനനം നിർത്തിയിട്ട് വർഷങ്ങളായി. ഇവിടെ 50 ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതി തുടങ്ങുന്നതിനെപ്പറ്റി പഞ്ചായത്ത് ആലോചിച്ചിരുന്നു. എന്നാൽ ഇതിന്റെ ഉടമസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ അനുകൂലമായി മറുപടി ലഭിക്കാത്തതിനെ തുടർന്ന് മുന്നോട്ടു പോയില്ല.
നെടുമണ്ണിലും ദുരിതം
ഏഴംകുളം പഞ്ചായത്ത് ആറാം വാർഡായ നെടുമണ്ണിൽ കുടിവെള്ള വിതരണം ഇടയ്ക്കിടെ മുടങ്ങുന്നതാണ് പ്രശ്നം. ഇവിടെയും കിണറുകളിൽ വെള്ളം നേരത്തേ തന്നെ വറ്റിത്തുടങ്ങിയിരുന്നു. ആകെയുള്ള ആശ്രയം പൈപ്പ് വെള്ളമാണ്. എന്നാൽ ഇടയ്ക്കിടെ വിതരണം മുടങ്ങുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ അടൂർ ജലവിഭവ വകുപ്പിന്റെ ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു.
പമ്പ് ഹൗസിലെ മോട്ടോർ കേടായതാണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇത് നേരേയാക്കി ജലവിതരണം പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ജലവിതരണം ഇടയ്ക്കിടെ മുടങ്ങുന്നതായി നാട്ടുകാർ പറയുന്നു.
ജൽജീവൻ പദ്ധതി
കേന്ദ്ര സർക്കാരിന്റെ ജൽജീവൻ പദ്ധതി ആരംഭിക്കാൻ ടാങ്ക് സ്ഥാപിക്കാൻ 20 സെൻറ് സ്ഥലം വാങ്ങിനൽകണം എന്നതായിരുന്നു വ്യവസ്ഥ.
ഇതിനായി പദ്ധതി അവതരിപ്പിച്ചിരുന്നെങ്കിലും സ്ഥലം പോലും ഏറ്റെടുത്തുനൽകാനായില്ല. ഈ പഞ്ചായത്തുകളിൽ എല്ലാം കുടിവെള്ളവിതരണ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും മാസങ്ങൾക്ക് മുമ്പ് തന്നെ ലഭിച്ചതാണ്. സ്ഥലം ഏറ്റെടുത്തുനൽകിയാൽ മാത്രമേ ടെൻഡർ നടപടി തുടങ്ങാൻ സാധിക്കുകയുള്ളൂവെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..