• പന്തളം നഗരസഭാ ചെയർപേഴ്‌സൺ, സെക്രട്ടറി, സോളിഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് എൻജിനീയർ, കൗൺസിലർമാർ എന്നിവർ തിരുവനന്തപുരം സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഓഫീസിൽ ഡെപ്യൂട്ടി ഡയറക്ടർ യു.വി.ജോസിന് ആവശ്യങ്ങളടങ്ങിയ കത്ത് നൽകുന്നു
പന്തളം : ബ്രഹ്മപുരത്ത് മാലിന്യത്തിനു തീപിടിച്ചതുപോലെ പന്തളത്തെ മാലിന്യവും കത്തുമെന്ന ആശങ്ക മുന്നിൽക്കണ്ട് പന്തളം നഗരസഭാ അധികാരികൾ മാലിന്യം നീക്കാനുള്ള ശ്രമം തുടങ്ങി. ചൊവ്വാഴ്ച തിരുവനന്തപുരം വെയ്സ്റ്റ് മാനേജ്‌മെന്റ് ഓഫീസിലെത്തി ഡെപ്യൂട്ടി ഡയറക്ടർ യു.വി.ജോസിനെക്കണ്ട് മാലിന്യം എത്രയുംവേഗം നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്‌സൺ സുശീല സന്തോഷ് കത്ത് നൽകി.
എന്നാൽ, മുൻകൂർ അനുമതി കൂടാതെ ഉടനടി ബയോമൈനിങ് പ്രവൃത്തി ആരംഭിക്കുന്നത് സാധ്യമല്ലെന്നും ശുചിത്വമിഷനേ സമീപിച്ച് അടിയന്തര ഡി.പി.ആർ. തയ്യാറാക്കി അനുമതി നേടാൻ ശ്രമിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സെപ്റ്റംബർ 2023-ന് മാത്രമേ പ്രവൃത്തി ആരംഭിക്കാൻ കഴിയൂ എന്നാണ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചത്.
നഗരസഭ ചെയർ പേഴ്‌സൺ സുശീല സന്തോഷ്, കൗൺസിലർമാരായ രാധ വിജയകുമാർ, ഉഷ മധു, സെക്രട്ടറി ഇ.ബി.അനിത, സോളിഡ് വെയ്സ്റ്റ് മാനേജ്‌മെന്റ് എൻജിനീയർ എസ്. ശ്രീജിത്ത് ബാബു എന്നിവരാണ് വിവരം ധരിപ്പിച്ചത്.
കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി 76, 51, 087 രൂപയുടെ പദ്ധതിക്ക് ഡിസംബർ 31-ന് ചേർന്ന ഡി.പി.സി. അംഗീകാരം ലഭിച്ചതോടെ കേരള സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റ് പ്രോഗ്രാം ഉദ്യാഗസ്ഥർ പന്തളത്ത് രണ്ട് ദിവസമായി സർവേ നടത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വേഗത്തിൽ മാലിന്യ നിർമാർജനം നടത്താൻ നഗരസഭ ശ്രമിക്കുന്നത്.
ഖരമാലിന്യം ശാസ്ത്രീയവും പരിസ്ഥിതി സൗഹൃദവുമായി സംസ്‌കരിക്കുന്നതിനും നിർമാർജനം ചെയ്യുന്നതിനും സർക്കാർ നടപ്പാക്കുന്ന പദ്ധതി ഇവിടെയും നടപ്പാക്കാനുദ്ദേശിക്കുന്നത്. പദ്ധതിയുടെ 70 ശതമാനം ലോകബാങ്കും 30 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാരുകളുമാണ് വഹിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..