കുരമ്പാല-തോലുഴം റോഡിൽ പെരുമ്പുളിക്കൽ ഭാഗത്ത് നടക്കുന്ന സംരക്ഷണഭിത്തിയുടെ പണി
പന്തളം : റോഡുപണിയുടെ പേരിൽ കുരമ്പാല-തോലുഴം റോഡിലെ യാത്രക്കാർ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷമാകുന്നു. മഴ കനത്തപ്പോൾ ചെളിയിൽ നീന്തിയവർ വേനൽ രൂക്ഷമായപ്പോൾ പൊടികാരണം ശ്വാസംമുട്ടുകയാണ്. റോഡ് ഇളക്കിയും സംരക്ഷണഭിത്തിക്കായി പാറ ഇറക്കിയും ഇട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹനത്തിനുപോലും കടന്നുപോകാൻ കഴിയുന്നില്ല. യന്ത്രസാമഗ്രികളുപയോഗിച്ചാണ് പണി നടത്തുന്നതെങ്കിലും പണി ഇഴഞ്ഞാണ് നീങ്ങുന്നത്. 2021 ഫെബ്രുവരിയിൽ പൂർത്തിയാക്കേണ്ട റോഡാണ് ഇപ്പോഴും ആദ്യഘട്ട പ്രവർത്തനംപോലും പലയിടത്തും പൂർത്തിയാകാതെ കിടക്കുന്നത്.
ആനയടി-കൂടൽ റോഡിന്റെ പണി നടക്കുന്നതിനാൽ കലുങ്കും റോഡ് ഉയർത്തലും ഓടപണിയുമെല്ലാം പൂർത്തിയായശേഷമേ ടാറിങ് നടക്കുകയുള്ളൂ എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്‌നം. വലിയ കുഴികളില്ലാതിരുന്ന റോഡുപണിക്കായി ഇളക്കിയതോടെയാണ് ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലായത്. റോഡുതകർന്ന് ബസുകൾ ഓട്ടം നിർത്തിയിട്ട് മാസങ്ങളായി.
റോഡ് തകർന്നും പണികാരണം ഇളക്കിയും ഇട്ടിരിക്കുന്നതിനാൽ ഓട്ടോറിക്ഷപോലും വിളിച്ചാൽ വരുന്നില്ല. പന്തളം തെക്കേക്കര പഞ്ചായത്തിലെ യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡാണ് ഇത്.
പൊതുവേ ബസ് സർവീസ് കുറവുള്ള തെക്കേക്കര പഞ്ചായത്തിൽ റോഡിന്റെ ശോച്യാവസ്ഥകൂടിയായപ്പോൾ ഗതാഗതം പൂർണമായും നിലച്ച അവസ്ഥയാണ്. 2020-ൽ തുടങ്ങിയ പണിയാണ് ഇപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തിനിടയിൽ പണിതത് കലുങ്കുകൾ മാത്രമാണ്. ഇപ്പോൾ സംരക്ഷണഭിത്തിയുടെ പണി നടന്നുകൊണ്ടിരിക്കുന്നു.
എം.സി.റോഡിൽ കുരമ്പാലയിൽനിന്ന് കീരുകുഴിയിലേക്ക് തിരിയുന്ന ഭാഗം മുതൽ പത്തനംതിട്ട-അടൂർ റോഡുമായി ചേരുന്ന തോലുഴംവരെയുള്ള റോഡിൽ കീരുകുഴിക്കും തോലുഴത്തിനും ഇടയ്ക്കുള്ള കുറച്ചുഭാഗം മാത്രമാണ് ടാറിങ് നടത്തിയിട്ടുള്ളത്.
ടാറിങ് ഇളകിയ ഭാഗത്തെ കുഴികളെങ്കിലും അടച്ച് റോഡ് യാത്രായോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ, കുഴി അടയ്ക്കാൻപോലും കൂട്ടാക്കാതെ യാത്രക്കാരെ വലയ്ക്കുകയാണ് പൊതുമരാമത്ത് വകുപ്പ്.
യു.പി.സ്‌കൂളുകൾ, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ, പോളിടെക്‌നിക് തുടങ്ങിയ വിദ്യാലയങ്ങളിലെത്തുന്ന കുട്ടികളും അധ്യാപകരും ജീവനക്കാരുമെല്ലാം തകർന്ന റോഡിലൂടെ വേണം യാത്രചെയ്യാൻ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..