പന്തളം നഗരസഭാ ബജറ്റ് : റോഡ് വികസനത്തിനും വീടുപണിക്കും മുൻതൂക്കം


2 min read
Read later
Print
Share

പന്തളം : റോഡ് വികസനത്തിനും വീടുപണിക്കും മുൻതൂക്കമുള്ള ബജറ്റ് നഗരസഭാ വൈസ് ചെയർപേഴ്‌സൺ യു.രമ്യ അവതരിപ്പിച്ചു. റോഡ് സംരക്ഷണത്തിനും മാതൃകാ റോഡ് നിർമാണത്തിനും ഒൻപത് കോടിയും പി.എം.എ.വൈ. പദ്ധതിക്ക് ആറുകോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 94,00,11,246 രൂപ വരവും 87,06,87,000 രൂപ ചെലവും 6,93,24,246 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

തൊഴിലുറപ്പ് പദ്ധതിക്ക് 5.5 കോടി, പട്ടികജാതി, വർഗ ക്ഷേമത്തിന് 3.25 കോടി, കാർഷിക മേഖലയ്ക്ക് 1.68 കോടി, നഗരസഭാ ഓഫീസിൽ ഡിജിെറ്റെസേഷനും നവീകരണത്തിനും 50 ലക്ഷം, ഉളമയിലെ സ്റ്റേഡിയം നവീകരണത്തിനു 75 ലക്ഷം വഴിവിളക്ക് പരിപാലനത്തിനും വെള്ളപ്പൊക്കം വരൾച്ച എന്നിവയുടെ സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണത്തിനും വികസനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും ഓരോ കോടി വീതവും വകയിരുത്തിയിട്ടുണ്ട്. കുറുന്തോട്ടയം നവീകരണത്തിനും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപത്തേക്ക് സ്വകാര്യ ബസ് സ്റ്റാൻഡ് മാറ്റുന്നതിനും ട്രാഫിക് പരിഷ്‌കരണം, മാസ്റ്റർപ്ലാൻ എന്നിവയ്ക്കും 50 ലക്ഷം വീതം വകകൊള്ളിച്ചിട്ടുണ്ട്.

പാടശേഖരങ്ങളിലെ കൊയ്ത്തിന് ആവശ്യമായ കൊയ്ത്തുമെതിയന്ത്രം മറ്റ് കാർഷിക ഉപകരണങ്ങൾ എന്നിവ വാങ്ങാൻ 45 ലക്ഷം വകകൊള്ളിച്ചു. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കാൻ തീരുമാനിച്ച 7.6 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിയും 14.68 കോടിയുടെ അമൃത് കുടിവെള്ളപദ്ധതിയും ബജറ്റിൽ പരാമർശിച്ചിട്ടുണ്ട്. നഗരസഭയുടെ പുതിയ കെട്ടിടംപണി, ഷോപ്പിങ് കോംപ്ലക്‌സ് എന്നിവയ്ക്ക് 12.5 കോടി രൂപ വകയിരുത്തി. മൃഗസംരക്ഷണത്തിനും വനിതാ ക്ഷേമത്തിനും ഓരോ കോടി രൂപയും ചിറമുടി, കരിങ്ങാലി പുഞ്ച, ആതിരമല ടൂറിസം പദ്ധതിക്ക് 50ലക്ഷം രൂപയും വകയിരുത്തി.

മുൻ വർഷത്തെ ആവർത്തനം

മുൻ വർഷത്തെ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിലും ആവർത്തിച്ച് വന്നിട്ടുണ്ട്. പദ്ധതികളിലെ തുകയിലുള്ള ഏറ്റക്കുറച്ചിൽ മാത്രമാണ് വ്യത്യാസമായിട്ടുള്ളത്. പൊതുശ്മശാനത്തിന് 50 ലക്ഷം, മുട്ടാർ നീർച്ചാൽ പുനരുദ്ധാരണത്തിന് ഒരുകോടി രൂപ, എന്ന പദ്ധതികൾ ഇത്തവണയും ബജറ്റിൽ ഇടംപിടിച്ചു. കുടുംബാരോഗ്യകേന്ദ്രം, ആശുപത്രിയായി ഉയർത്തുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രാഥമികമായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഇത്തവണ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫർണിച്ചർ വാങ്ങാൻ 5 ലക്ഷം രൂപ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ് ബജറ്റ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പ്രതിപക്ഷം പ്രതിഷേധിച്ചു

പന്തളം നഗരസഭയിലെ ബജറ്റവതരണം വെറും തട്ടിപ്പെന്ന് ഇടതുമുന്നണി ആരോപിച്ചു. കഴിഞ്ഞ രണ്ട്‌ വർഷങ്ങളിലെ പദ്ധതി നിർവഹണം പൂർത്തിയാക്കാതെ പുതിയ ബജറ്റവതരിപ്പിച്ച് സ്വയം പരിഹാസ്യരായിരിക്കുകയാണ് ബി.ജെ.പി. ഭരണസമിതിയെന്ന് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ, എൽ.ഡി.എഫ്. കൗൺസിലർമാരായ ജി.രാജേഷ്‌കുമാർ, ടി.കെ.സതി, എച്ച്.സക്കീർ, ഷെഫിൻ റജീബ് ഖാൻ, ശോഭനകുമാരി, അംബികാ രാജേഷ്, അജിതകുമാരി എന്നിവർ ആരോപിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇവർ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തത്.

പന്തളം നഗരസഭാ ബജറ്റ് മുൻ ബജറ്റുകളുടെ കോപ്പിയടിയാണെന്ന് യു.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു. നടത്താത്ത പദ്ധതികളുടെ പ്രഖ്യാപനം മാത്രമാണിതെന്നും പല പദ്ധതികൾക്കും വകയിരുത്തിയിരിക്കുന്ന തുകകൾ എവിടെനിന്നു കണ്ടെത്തുമെന്നുപോലും ബജറ്റിൽ പരാമർശമില്ലെന്നും കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ബജറ്റ് പ്രഖ്യാപനങ്ങൾ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്നും യു.ഡി.എഫ്. കൗൺസിലർമാരായ കെ.ആർ.വിജയകുമാർ കെ.ആർ.രവി, പന്തളം മഹേഷ്, സുനിത വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..