തീ കത്തിപ്പടർന്നതായി പറയുന്ന മാലിന്യസംഭരണകേന്ദ്രം. ചൂട് കാരണം തകർന്നുപോയ ഷട്ടറുകളും സിമന്റ് അടർന്ന മേൽക്കൂരയും ഭിത്തിയും കാണാം
പന്തളം : കുളനട പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മീൻചന്തയോടു ചേർന്ന പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചതിനുപിന്നിൽ അട്ടിമറിയാണെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ ആരോപിച്ചു. വൈദ്യുതിപോലുമില്ലാത്ത കെട്ടിടമാണ്. കെട്ടിടത്തിനുള്ളിലും പുറത്തും ഒരേസമയം തീ കത്തിപ്പടരുന്നതായിട്ടാണ് ദൃക്‌സാക്ഷികൾ കണ്ടതെന്നും പഞ്ചായത്തധികൃതർ പറയുന്നു. വൈകീട്ട് മൂന്നുവരെ പ്ലാസ്റ്റിക് തരംതിരിക്കുന്ന ജോലിക്കാരടക്കം ഇവിടെ ഉണ്ടായിരുന്നു. ഇവർ പോയി ഒരുമണിക്കൂറിനുള്ളിലാണ് തീ കത്തിയത്.
വെള്ളിയാഴ്ച തീപിടിത്തമുണ്ടായ സ്ഥലത്തെത്തിയ പോലീസ് ചന്തയിലെ വ്യാപാരികളുടെയും സമീപവാസികളുടെയും മൊഴി രേഖപ്പെടുത്തി. തീപിടിച്ച സ്ഥലവും പോലീസ് പരിശോധിച്ചു.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മത്സ്യച്ചന്തയുടെ സമീപത്ത് മാലിന്യം സംഭരിച്ചിരുന്ന കെട്ടിടത്തിലും പുറത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിനും തീപിടിച്ചത്. കെട്ടിടത്തിനുള്ളിൽ തരംതിരിച്ച് വിൽക്കാനായി വെച്ചിരുന്നതും പുറത്ത് തരംതിരിക്കാനായി ഇട്ടിരുന്നതുമായതായിരുന്നു മാലിന്യം. തീയും പുകയും ഉയരുന്നതുകണ്ടാണ് ആളുകൾ വിവരമറിഞ്ഞത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു.
കുളനടയിൽ മാലിന്യം തരംതിരിക്കുന്നതിനും സൂക്ഷിക്കുന്നതിനും സൗകര്യമില്ലാത്തതിനാലാണ് മീൻചന്തയിൽ കോൾഡ് സ്‌റ്റോറേജിനായി പണിത കെട്ടിടം തരംതിരിച്ച മാലിന്യം സൂക്ഷിക്കുന്നതിനും ബാക്കിയുള്ളത് പുറത്തിട്ട് തരംതിരിക്കുന്നതിനും പഞ്ചായത്ത് തീരുമാനിച്ചത്. നല്ല പ്ലാസ്റ്റിക്ക് വിൽപ്പനയ്ക്കായി കെട്ടിവെച്ചതായിരുന്നു ഉള്ളിലുണ്ടായിരുന്നത്. ഇത് ക്ലീൻകേരള കമ്പനി കൊണ്ടുപോയ്‌ക്കൊണ്ടിരിക്കുകയുമായിരുന്നു. 1400 കിലോ പ്ലാസ്റ്റിക് മാലിന്യംപൊടിച്ചതും തരംതിരിച്ചതും അല്ലാത്തതുമായ ആറു ടൺ പ്ലാസ്റ്റിക് മാലിന്യവും ക്ലീൻകേരള കമ്പനി നീക്കം ചെയ്തതാണ് വലിയ അപകടത്തിൽ നിന്നും കുളനടയെ രക്ഷിച്ചത്. വ്യാഴാഴ്ചയും തരംതിരിച്ചത് കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്.
തീകത്താൻ പ്രത്യേക സാഹചര്യങ്ങളൊന്നും കെട്ടിടത്തിനുള്ളിൽ ഇല്ലാത്തതിനാൽ എങ്ങിനെ തീ പടർന്നുപിടിച്ചു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പറയുന്നു. നവകേരള മിഷന്റെ ഉദ്യോഗസ്ഥരും ക്ലീൻ കേരള കമ്പനി ഉദ്യോഗസ്ഥരും തീ കത്തിയ സ്ഥലം സന്ദർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..