പന്തളം : ചന്തയ്ക്കും കെ.എസ്.ആർ.ടിസി. ബസ് സ്റ്റാൻഡിനും സമീപം കൂടിക്കിടക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം അടിയന്തരമായി നീക്കംചെയ്യാൻ തദ്ദേശം സ്വയംഭരണ വകുപ്പിന്റെ സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതിയെ സമീപിക്കുവാൻ നഗരസഭയിൽ ചേർന്ന കൗൺസിലർമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു.
കൂടിക്കിടക്കുന്ന മാലിന്യത്തിന് തീപിടിക്കാനും വർഷകാലത്തിൽ നീർച്ചാലിലൂടെ ഇത് ഒഴുകി താഴേക്ക് പോകാതിരിക്കാനും വേണ്ടിയാണ് അടിന്തരമായി മാലിന്യം നീക്കാൻ നഗരസഭ പദ്ധതിയിടുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം വെയ്സ്റ്റ് മാനേജ്‌മെന്റ് ഓഫീസിലെത്തി ഡെപ്യൂട്ടി ഡയറക്ടർ യു.വി.ജോസിനെക്കണ്ട് മാലിന്യം എത്രയുംവേഗം നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചെയർപേഴ്‌സൺ സുശീല സന്തോഷ് കത്ത് നൽകിയിരുന്നു.
എന്നാൽ, മുൻകൂർ അനുമതി കൂടാതെ ഉടനടി ബയോമൈനിങ് പ്രവൃത്തി ആരംഭിക്കുന്നത് സാധ്യമല്ലെന്നും ശുചിത്വ മിഷനെ സമീപിച്ച് അടിയന്തര പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി പെട്ടെന്ന് അനുമതിനേടാൻ ശ്രമിക്കുന്നത് ഉചിതമാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് വ്യാഴാഴ്ച അടിയന്തര കൗൺസിൽ കൂടി തീരുമാനമെടുത്തത്. കൂടിക്കിടക്കുന്ന മാലിന്യം തരംതിരിച്ച് വിൽക്കാൻ കഴിയുന്നവ മാറ്റിയശേഷം ബാക്കി സംസ്‌കരിക്കുന്നതിനാണ് ശ്രമിക്കുന്നത്. ബസ്‌സ്റ്റാൻഡ് മുതൽ പഴയ ബ്ലോക്കോഫീസ് കെട്ടിടത്തിന് സമീപത്തുവരെ പ്ലാസ്റ്റിക്ക് മാലിന്യം മലപോലെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..