Caption
പുല്ലാട് : കോയിപ്രത്തെ 17 വാർഡിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കും മറ്റുമാലിന്യവും ചാക്കിൽക്കെട്ടി എം.സി.എഫ്. സെന്ററിന്റെ മുൻപിൽ തള്ളുന്നു. പുല്ലാട് ചന്തയോടുചേർന്നാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എം.സി.എഫി.ന്റെ ഗേറ്റ് തുറന്നാൽ കാലുകുത്താനുള്ള സ്ഥലംപോലുമില്ലാതെ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. കഴിഞ്ഞകൊല്ലം ഡിസംബറിൽ ഈ യൂണിറ്റിൽനിന്ന് തരംതിരിച്ച രണ്ടുലോഡ് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറിയിരുന്നു.
എം.സി.എഫ്. പ്രവർത്തനം
അജൈവമാലിന്യം സംഭരിക്കാനും ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരിക്കാനും പ്രകൃതിക്കും മനുഷ്യനും ഹാനികരമല്ലാത്തരീതിയിൽ കൈകാര്യംചെയ്യുന്നതിനുമായാണ് തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ (എം.സി.എഫ്.) പ്രവർത്തിക്കുന്നത്. വീടുകളിൽനിന്ന് ഹരിതകർമസേന വൃത്തിയോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക്, തുണി, കുപ്പി മുതലായവ ഇത്തരം എം.സി.എഫുകളിലെത്തിക്കും. അവിടെ തരംതിരിക്കും.
കോയിപ്രത്ത് താളംതെറ്റി
ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യം തരംതിരിച്ച് കെട്ടിടത്തിനുള്ളിൽ സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. രണ്ടുമാസമായി തരംതിരിക്കാത്ത മാലിന്യം ചാക്കിൽക്കെട്ടി കെട്ടിടത്തിന്റെ പുറത്ത് വരാന്തയിൽ വെച്ചിരിക്കുകയാണ്. ജനങ്ങൾ മാലിന്യം തള്ളരുത് എന്നുള്ള ബോർഡുണ്ടെങ്കിലും ദൂരസ്ഥലങ്ങളിൽനിന്നുപോലും മാലിന്യം ചാക്കിൽക്കെട്ടി കൊണ്ടുവന്ന് വളപ്പിനുള്ളിലേക്ക് വലിച്ചെറിയുന്നതായി നാട്ടുകാർ പറയുന്നു.
പഞ്ചായത്തിന്റെ കീശ ചോർത്താൻ
സാനിറ്ററി നാപ്കിൻപോലുള്ള മാലിന്യം കിലോയ്ക്ക് 10 രൂപവെച്ച് കൊടുത്തെങ്കിൽമാത്രമേ കമ്പനി എടുക്കുകയുള്ളൂ. കഴിഞ്ഞ ഡിസംബറിൽ ഇത്തരത്തിലുള്ള 4000 കിലോ മാലിന്യമാണ് അങ്ങോട്ട് പണം നൽകി കമ്പനിക്ക് കൈമാറിയത്. ഇത് പഞ്ചായത്തിന് ബാധ്യതയാകുന്നു.
വിജിലൻസ് കേസെടുത്തിട്ടുണ്ടോ?
കഴിഞ്ഞ ഭരണസമിതിയാണ്, മാലിന്യസംസ്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പൊടിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ആദ്യം കുമ്പനാട്ടാണ് സ്ഥലം കണ്ടെത്തിയതെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അവിടെ സ്ഥാപിക്കാനായില്ല.
പ്ലാന്റിനുവേണ്ടി വാങ്ങിയ ഉപകരണങ്ങൾ കാണാനില്ലെന്നുള്ള പരാതി ലഭിച്ചതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം നടത്തുകയും ഇപ്പോഴത്തെ എം.സി.എഫ്. കെട്ടിടത്തിൽനിന്ന് അവ കണ്ടെത്തുകയുംചെയ്തു. ഇതുവരെ ഉപകരണങ്ങൾ ഈ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടില്ല. പ്ലാന്റ് എന്തുകൊണ്ട് പ്രവർത്തിപ്പിക്കുന്നില്ല എന്നുള്ള നാട്ടുകാരുടെ ചോദ്യത്തിന് വിജിലൻസ് കേസ് ഉള്ളതുകൊണ്ടാണെന്നാണ് എല്ലായ്‌പ്പോഴും അധികൃതരുടെ മറുപടി. പക്ഷേ, കേസ് എന്താണെന്ന് ആർക്കും അറിയുകയുമില്ല.
എന്നാൽ, ഇതുസംബന്ധിച്ച് കേസെടുത്തിട്ടില്ലെന്നാണ് വിജിലൻസ് പറയുന്നത്. അഞ്ചു ലക്ഷം രൂപ വിലയുള്ള ഉപകരണങ്ങളാണ് പൊടിപിടിച്ചുകിടക്കുന്നത്. പ്ലാസ്റ്റിക് പൊടിച്ച് റോഡ് ടാറിങ്ങിനുപയോഗിച്ചാൽ പഞ്ചായത്തിന് വരുമാനവുമാകും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..