പന്തളം മങ്ങാരം പടിഞ്ഞാറ് മുപ്പത്തിയാറുവിളയിൽ അശ്വതി നിവാസിൽ രേഖയുടെ വീട്ടിൽ അതിക്രമിച്ചു കയറിയവർ തീയിട്ട് നശിപ്പിച്ച വീട്ടുപകരണങ്ങൾ
പന്തളം : അടച്ചിട്ടിരുന്ന വീട്ടിൽ അതിക്രമിച്ചു കയറിയവർ വീടിനുള്ളിലെ സാധനസാമഗ്രികൾ അടിച്ചുതകർക്കുകയും തീയിട്ട് നശിപ്പിക്കുകയുംചെയ്തു. പന്തളം മങ്ങാരം പടിഞ്ഞാറ് മുപ്പത്തിയാറുവിളയിൽ അശ്വതിനിവാസിൽ രേഖയുടെ വീട്ടിലാണ് അക്രമം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെ എത്തിയ യുവാക്കൾ ചേർന്നാണ് പുറത്ത് കെട്ടിയിട്ടിരുന്ന നായ്ക്കളെ അടിച്ചും കല്ലെറിഞ്ഞും പരിക്കേൽപ്പച്ചശേഷം വീടിനുള്ളിൽ കയറി വീട്ടുപകരണങ്ങൾ തല്ലിത്തകർത്തും തീയിട്ടും നശിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ സി.പി.എം. മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയംഗം എ.എച്ച്. സുനിലിനു നേരെയും ആക്രമണത്തിനൊരുങ്ങി. ഇയാൾ അടുത്തവീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ വീടുകളിൽ കല്ലെറിഞ്ഞും ഭീഷണിമുഴക്കിയും അസഭ്യം പറഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യുവാക്കൾ പോയത്. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
രേഖയുടെ മകൻ സൂരജ് മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. അമ്മ രേഖ കോട്ടയത്താണ് താമസം. കൂലിപ്പണിക്കുപോകുന്ന സൂരജ് പുറത്തുപോയിരുന്ന സമയത്താണ് അക്രമം നടത്തിയത്. ഇയാളുടെ സുഹൃത്തുക്കളായവർ ഇവിടെ വന്നുപോകാറുണ്ടെന്നും ഇതിൽ ചിലരെ കൂട്ടത്തിൽ കണ്ടതായും സമീപവാസികൾ പറയുന്നു. സുഹൃത്തുക്കൾ തമ്മിലുള്ള വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
കട്ടിൽ, മെത്ത, കസേരകൾ, തുണികൾ തുടങ്ങിയവയെല്ലാം തീയിട്ടും ബാക്കിയുള്ളത് തല്ലിത്തകർത്തും നശിപ്പിക്കുകയായിരുന്നു. വീടിന് പുറത്തുണ്ടായിരുന്ന വെള്ളത്തിന്റെ പൈപ്പുകളും ബൈക്കും അടിച്ചുതകർത്തിട്ടുണ്ട്. സമീപത്തുള്ള ഉത്രം നിവാസിൽ ഷൈജിയുടെ വീട്ടിലെ സൈക്കിളും നശിപ്പിച്ചു. തീ കത്തുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെള്ളമൊഴിച്ച് തീയണച്ചത്. പന്തളം പോലീസ് അന്വേഷണം ആരംഭിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..