പന്തളം : പന്തളം നഗരസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരേ ഇടത്, വലത് മുന്നണികൾ ആരോപണവുമായി രംഗത്തെത്തി. ഇരുവിഭാഗവും ബജറ്റിലെ പോരായ്മകൾ നിരത്തിയാണ് സംസാരിച്ചത്. വരവ് പെരുപ്പിച്ച് കാണിച്ച് തയ്യാറാക്കിയ പന്തളം നഗരസഭ ബജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു.
തീർഥാടന വികസനത്തിനായി ഒരു കോടി രൂപ ചെലവഴിക്കുമെന്ന് രേഖപ്പെടുത്തിയിട്ട് ഒരു പൈസാ പോലും ബജറ്റിൽ വക കൊള്ളിച്ചിട്ടില്ലെന്നും അയ്യങ്കാളി തൊഴിലുറപ്പിന് 5.50 കോടി രൂപ സംസ്ഥാന ഗവൺമെന്റ് വകയിരുത്തിയത് സ്വന്തം നേട്ടമായി കാണിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ വഞ്ചിച്ചു.
തനതു ഫണ്ടിലെ തുകയെടുത്ത് തൊഴിലാളികൾക്ക് നൽകാൻ സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുപോലും അതു നൽകാത്ത ഭരണസമിതിയാണ് നഗരസഭയിലേതെന്നും എൽ.ഡി.എഫ്. കൗൺസിലർമാരായ ലസിത നായർ, ജി.രാജേഷ്‌കുമാർ, എസ്.അരുൺ, ടി.കെ.സതി, എച്ച്.സക്കീർ, ശോഭനകുമാരി, അംബിക രാജേഷ്, അജിതകുമാരി, ഷെഫിൻ റജീബ് ഖാൻ എന്നിവർ പറഞ്ഞു.
പ്രഖ്യാപനവും അവകാശങ്ങളും പൊള്ള
പന്തളം നഗരസഭാ ബജറ്റിൽ പ്രഖ്യാപനവും അവകാശവാദങ്ങളും പൊള്ളയാണെന്ന് യു.ഡി.എഫ്. കൗൺസിലർമാർ ആരോപിച്ചു.
പ്രളയരക്ഷയ്‌ക്കായി വാങ്ങിയ വള്ളത്തിന്റെ കാര്യം അഭിമാന നേട്ടമായി പറഞ്ഞെങ്കിലും പ്രളയത്തിൽനിന്നും ജനങ്ങളെ രക്ഷിക്കാനുപയോഗിക്കാവുന്ന വള്ളമല്ല വാങ്ങിവെച്ചിട്ടുള്ളത്.
മുനിസിപ്പൽ ഫണ്ടു ദുർവിനിയോഗം ചെയ്തിരിക്കുകയാണെന്നും തീർഥാടനത്തിന്റെ പേരിൽ കഴിഞ്ഞ രണ്ടു വർഷത്തെ ബജറ്റിൽ കോടികൾ നീക്കിവച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ചെലവഴിക്കാതെ വീണ്ടും കോടികൾ പ്രഖ്യാപനത്തിലൊതുക്കിയിരിക്കുന്നുവെന്നും യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ.വിജയകുമാർ അംഗങ്ങളായ പന്തളം മഹേഷ്, സുനിത വേണു, രത്‌നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..