Caption
മല്ലപ്പള്ളി : ജപ്തിചെയ്യാൻ നോട്ടീസ് നൽകിയിട്ടും വെള്ളക്കരം കിട്ടാത്ത മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ജല വിതരണം നിർത്തിയപ്പോൾ സർക്കാർ വകുപ്പുകൾ കുടിശ്ശിക അടയ്‌ക്കാൻ തുടങ്ങി. 14 ഓഫീസുകളിൽ ടാപ്പുകൾ ഉള്ള ഇവിടെ കുടിശ്ശിക 20 ലക്ഷം കടന്നതോടെയാണ് കണക്ഷൻ വിച്ഛേദിച്ചത്. വെള്ളംകുടി മുട്ടിയതോടെ നാല് ഓഫീസുകളിൽനിന്നായി അഞ്ച് ലക്ഷം രൂപ ലഭിച്ചതായി ജല അതോറിറ്റി അധികൃതർ അറിയിച്ചു.
മല്ലപ്പള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് 92,526 രൂപ, സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്-2,31,315 രൂപ, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-92,526 രൂപ, പി.ഡബ്ല്യു.ഡി.-79,000 രൂപ എന്ന ക്രമത്തിൽ നൽകിയിട്ടുണ്ട്.
ആദ്യ തവണ എല്ലാവരും ചേർന്ന് അടച്ചതുകൂടെ കൂട്ടിയാൽ ആകെ 5,05,367 രൂപ കിട്ടിയിട്ടുണ്ട്. ബാക്കി ഓഫീസുകൾ വകുപ്പ് മേധാവികൾക്ക് കത്തയച്ച് പണത്തിനായി കാത്തിരിക്കുകയാണ്.
റവന്യൂ വകുപ്പിന് കീഴിലെ വില്ലേജ് ഓഫീസുകൾക്കും കുടിശ്ശികയുണ്ട്. കല്ലൂപ്പാറ-1,11,198, ആനിക്കാട്-49333, കോട്ടാങ്ങൽ-26,131, എന്ന ക്രമത്തിൽ ആകെ 1,86,662 രൂപ അടയ്‌ക്കാനുണ്ട്. ഇവരുടെ കണക്ഷനും വിച്ഛേദിച്ചിരിക്കയാണ്.
കുടിശ്ശികയുടെ പകുതിയിലധികം അടച്ച ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ്, സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നിവ 'ഇ-ടാപ്' വഴി അപേക്ഷിച്ചാൽ പ്രത്യേകം കണക്ഷൻ നൽകാൻ വാട്ടർ അതോറിറ്റി തയ്യാറാണ്. ഓഫീസുകൾക്ക് ഉള്ളിലെ പ്ലംബിങ്ങും മീറ്റർ സ്ഥാപിക്കലുംകൂടി പ്രത്യേകം ചെയ്യേണ്ടിവരും.
മിനി സിവിൽ സ്റ്റേഷനിൽ 2022 മേയ് 31 വരെയുള്ള വെള്ളക്കരം കുടിശ്ശിക 20,32,259 രൂപയാണ്. ആംനെസ്റ്റി പദ്ധതിപ്രകാരം 18,97,092 രൂപ അടച്ചാൽ മതിയെന്നും 50 ശതമാനമെങ്കിലും നൽകിയില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്നും കാട്ടി നോട്ടീസ് നൽകുകയും ഒക്ടോബറിൽ ജലവിതരണം നിർത്തുകയും ചെയ്‌തിരുന്നു. അന്ന് 10,000 രൂപ അടയ്ക്കുകയും ബാക്കിത്തുക ഉടനെ നൽകാമെന്ന് സത്യപ്രസ്താവന സമർപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് കണക്ഷൻ പുനഃസ്ഥാപിച്ചത്.
എന്നാൽ, പണം അടയ്‌ക്കാതിരുന്നതിനാലാണ് വീണ്ടും വിച്ഛേദിച്ചത്. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകൾക്കുംകൂടി ബിൽ ഒന്നിച്ചാകയാൽ പണം അടയ്‌ക്കാൻ പറ്റുന്നില്ലെന്ന പരാതിയെത്തുടർന്ന് ഓരോന്നിനും പ്രത്യേകം ഡിമാൻഡ് നോട്ടീസ് തയ്യാറാക്കിനൽകിയിരുന്നു.
തുക അടയ്ക്കാനുള്ള ഓഫീസ്, തുക എന്ന ക്രമത്തിൽ
സബ് ട്രഷറി ഓഫീസ്-1,66,169, അസിസ്റ്റന്റ് രജിസ്ട്രാർ കോ-ഓപ്പറേറ്റീവ് ജനറൽ- 1,10,779, എ.ഇ.ഒ.ഓഫീസ്-1,52,321, രജിസ്ട്രാർ ഓഫീസ്-96,932, താലൂക്ക് സപ്ലൈ ഓഫീസ്-1,80,016, പി.ഡബ്ല്യു.ഡി. സബ് ഡിവിഷൻ-1,10,779, ജോയിന്റ് ആർ.ടി.ഒ. -2,76,948, പി.ഡബ്ല്യു.ഡി. സെക്ഷൻ-83,084, റീജണൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ സെന്റർ-1,38,474,
ലേബർ ഓഫീസ്-41,542, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്-1,10,779, മൈനർ ഇറിഗേഷൻ സെക്ഷൻ-1,93,863, ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്-1,10,779, സഹകരണ ഓഡിറ്റ് അസിസ്റ്റന്റ് രജിസ്ട്രാർ-1,24,627.
ബുദ്ധിമുട്ടിലാക്കുന്നു
സിവിൽ സ്റ്റേഷനിലെ ജലവിതരണം നിർത്തിയത് ഇവിടെയെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നു.
ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങിയവയിൽ എത്തുന്ന വയോജനങ്ങൾ ഉൾപ്പെടെയുള്ളവർ ശൗചാലയത്തിൽ പോകാൻപോലും കഴിയാത്ത സ്ഥിതിയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..