പൂതങ്കര ജി.പി.എം. യു.പി. സ്‌കൂളിന്റെ മുറ്റത്ത് ഒരുക്കിയിട്ടുള്ള തണ്ണീർമുറ്റം പന്തൽ
കലഞ്ഞൂർ : ചൂടല്ലേ...എല്ലാവരും അൽപ്പം സംഭാരം കുടിച്ചിട്ടുപോയാൽ മതി കേട്ടോ. കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും എല്ലാവരും ചേർന്ന് പൂതങ്കര പുത്തൻചന്ത-അടപ്പുപാറ റോഡിൽ ഒരുക്കിയ തണ്ണീർമുറ്റം സംഭാരപന്തലിൽനിന്ന് വഴിയെ പോകുന്നവരെ വിളിച്ചുനിർത്തിയാണ് കാര്യം പറഞ്ഞ് സംഭാരം നൽകുന്നത്. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് മുളയും പനയോലയും തെങ്ങോലയും ചേർത്ത് കുട്ടികൾ തന്നെ നിർമിച്ച പന്തലാണ് ഇപ്പോൾ നാടിന്റെ തണ്ണീർപ്പന്തലായി മാറിയിട്ടുള്ളത്.
ചൂട് വളരെ കൂടുതലായപ്പോൾ കടകൾ കുറവായ ഈ ഭാഗത്ത് വഴിയാത്രികർക്കാണ് വെള്ളംകുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നത്.
ഇത് തിരിച്ചറിഞ്ഞാണ് സ്‌കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും എല്ലാം ഒത്തുചേർന്ന് സംഭാര വിതരണം തുടങ്ങിയത്. '
കുട്ടികളുടെയും അധ്യാപകരുടെയും സഹകരണത്തിൽ ഈ തണ്ണീർപ്പന്തൽ ഓരോ ദിനവും ആളുകളെക്കൊണ്ട് നിറയുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളും കൊടുമൺ പ്ലാന്റേഷനിൽ ജോലിക്ക് പോകുന്നവരും വഴിയാത്രികരും എല്ലാം ഇവിടെനിന്ന് കുട്ടികൾ സ്‌നേഹത്തോടെ നൽകുന്ന സംഭാരം വാങ്ങിക്കുടിച്ചാണ് യാത്ര തുടരുന്നത്.
കുട്ടികളുടെ തണ്ണീർമുറ്റം പന്തലിലേക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലൻനായർ, വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്തംഗം ആർ.സതീഷ്‌കുമാർ എന്നിവരും എത്തിയിരുന്നു.
കുട്ടികൾക്ക് ഒപ്പം പ്രഥമാധ്യാപിക ആർ.രാജലക്ഷ്മി, സ്‌കൂൾ മാനേജർ എം.രാധാകൃഷ്ണൻനായർ, അധ്യാപകൻ ജി.രാജീവ് എന്നിവർ നേതൃത്വം നൽകുന്നു. ഓരോ ദിനവും തിരക്കേറുന്ന തണ്ണീർമുറ്റം പന്തലിലേക്ക് സംഭാരത്തിനാവശ്യമായ വസ്തുക്കൾ ഇപ്പോൾ വാങ്ങിനൽകുന്നതിനും തിരക്ക് ഏറെയാണെന്ന് പ്രഥമാധ്യാപിക ആർ.രാജലക്ഷ്മി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..