പുല്ലാട് : കോയിപ്രം പഞ്ചായത്തിൽ രണ്ടാം വാർഡിലെ ഐരാക്കാവ് മുല്ലശ്ശേരി കോളനിയിൽ സ്ഥാപിക്കാനൊരുങ്ങുന്ന അങ്കണവാടി പൊതുജനങ്ങൾക്ക് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം കൂടിയ ഗ്രാമസഭയിലാണ് ഇപ്പോൾ വാടക മുറിയിൽ പ്രവർത്തിക്കുന്ന അങ്കണവാടി സ്വന്തമായി സ്ഥലം കണ്ടെത്തി പണിയണമെന്ന ആവശ്യമുയർന്നത്. ലക്ഷംവീട് കോളനിയിൽ സ്ഥാപിക്കുന്നതിനോട് പലരും എതിർപ്പു പ്രകടിപ്പിച്ചെങ്കിലും അതു പരിഗണിക്കാതെ നിർമാണ പ്രവർത്തനത്തിനുള്ള അംഗീകാരത്തിനായി അധികൃതർ മുമ്പോട്ടു പോകുകയാണെന്നാണ് ആരോപണം.
ഇപ്പോൾ അങ്കണവാടി പണിയാനുദ്ദേശിക്കുന്ന ലക്ഷംവീട് കോളനിയിലെ സ്ഥലം മരണം, വിവാഹം തുടങ്ങിയ സമയങ്ങളിൽ കോളനിയിലേക്ക് വരുന്ന വാഹനങ്ങൾ പാർക്കുചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന സ്ഥലമാണിത്.
കോളനിക്ക് പുറത്തുള്ള കുട്ടികൾക്ക് വിവിധ കാരണങ്ങളാൽ ഇവിടേക്ക് എത്തിപ്പെടാൻ സാധിക്കുകയില്ലെന്നും നാട്ടുകാർ പറയുന്നു. ഗ്രാമസഭയിൽ ക്വോറംതികയാതെ എടുത്ത തീരുമാനമാണെന്നും ആക്ഷേപമുണ്ട്. ക്വോറം തികയാൻ നൂറിൽ കൂടുതൽ അംഗങ്ങൾ വേണമെന്നിരിക്കെ അൻപതിൽ താഴെ മാത്രംപേർ പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനത്തിന് എങ്ങിനെ സാധുതയുണ്ടെന്ന് നാട്ടുകാർ ചോദിക്കുന്നു. എതിർപ്പുകൾ മിനിറ്റ്‌സിൽ രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. എം.പി., എം.എൽ.എ. ഫണ്ടുകൾ ലഭ്യമാക്കി കോളനിക്കുവെളിയിൽ സ്ഥലം കണ്ടെത്തി പൊതുജനാരോഗ്യകേന്ദ്രവും അങ്കണവാടിയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുല്ലശ്ശേരി കോളനിയിൽ അങ്കണവാടി സ്ഥാപിക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിൻമാറണമെന്നാവശ്യപ്പെട്ടുകൊണ്ട് കോളനിയിലെ കുടുംബങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..