• കരിങ്ങാലി പാടശേഖരത്തിന്റെ ഭാഗമായ ഈയാംകോട്-കരിങ്കുറ്റിക്കൽ ഏലായിൽ നടക്കുന്ന ഓടപണി
പന്തളം : വേനൽമഴയിലും കടുത്ത വരൾച്ചയിലും കൃഷിനാശമുണ്ടായ കരിങ്ങാലിപ്പാടശേഖരത്തിലെ ഈയാംകോട് കരിങ്കുറ്റിക്കൽ ഏലാകളിൽ കർഷകരെ രക്ഷിക്കാൻ പുനരുദ്ധാരണം പൂർത്തിയാകുന്നു. തോടുകൾക്ക് ആഴം കൂട്ടി വെള്ളംനിയന്ത്രിക്കാനുള്ള ശ്രമത്തിനൊപ്പം വേനൽക്കാലത്ത് ചാലിൽനിന്നു വെള്ളം പമ്പുചെയ്ത് കൃഷിനനയ്ക്കാനും കഴിയുന്ന ഓടയാണ് ഇവിടെ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്.
കേരള ലാൻഡ് ഡെവലപ്‌മെന്റ് കായംകുളം പ്രോജക്ട് ഓഫീസാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി മേയ് മാസത്തിന് മുമ്പ് പൂർത്തിയാകും. കരിങ്ങാലി പാടശേഖരത്തിലെ ഈയാംകോട്, മേലേമുപ്പത്തി, ശാസ്താംപടി, വാരുകൊല്ല, വലിയ കൊല്ല എന്നീ ഏലാകളിലാണ് തോട് പുനരുദ്ധാരണം നടത്തുന്നത്. ആദ്യ പദ്ധതിയിൽ 900 മീറ്റർ തോടാണ് രണ്ട് മീറ്ററോളം താഴ്ചയിൽ ചെളികോരി ആഴം കൂട്ടിയത്. വെർട്ടിക്കൽ പമ്പ്ഹൗസ്, ട്രാക്ടർ പാത, കോൺക്രീറ്റ് കനാൽ, സംരക്ഷണ ഭിത്തി ഉൾപ്പെടെയുള്ള പണി പദ്ധതിയിലുണ്ട്.
പദ്ധതി പൂർത്തിയാകുന്നതോടെ വെള്ളപ്പൊക്കം പ്രതിരോധിക്കാനാകുമെന്നും വേനലിൽ പാടത്ത് ഈർപ്പം നിലനിർത്താനാകുംമെന്നും കർഷകർ പറയുന്നു. തോടിന്റെ ആഴംകൂട്ടുന്നതിനൊപ്പം സംരക്ഷണഭിത്തി നിർമിക്കുന്നതിലൂടെ തോട് കരകവിഞ്ഞ് പാടത്തേക്ക് വെള്ളം കയറുന്നതും തടയാനാകും. ഈയാംകോട്, കരിങ്കുറ്റിക്കൽ പാടശേഖരത്തിൽ ചാലുമുതൽ പാടത്തിനുചുറ്റി 375 മീറ്റർ നീളത്തിലാണ് കോൺക്രീറ്റ് ഓട പണിയുന്നത്.
കരയിൽനിന്ന് മഴക്കാലത്ത് വെള്ളം ഒലിച്ച് പാടത്തേക്കിറങ്ങുന്നത് ഒഴിവാക്കാനും പാടത്തിന് തീരം ഇടിയാതെ സംരക്ഷണമായി നിർത്താനും വേനൽക്കാലത്ത് ചാലിൽനിന്നും വെള്ളം അടിച്ച് കൃഷിയിടങ്ങളിലേക്കെത്തിക്കാനും ഇത് പ്രയോജനപ്പെടും.
പേടിസ്വപ്‌നമായി വേനൽമഴ
വേനൽമഴ മുൻ വർഷങ്ങളിൽ കരിങ്ങാലിപ്പാടത്ത് വരുത്തിയത് വലിയ വിനയായിരുന്നു. ഏപ്രിൽ പകുതിയോടെ കൊയ്തെടുക്കേണ്ട നെല്ലാണ് കഴിഞ്ഞ തവണ വെള്ളത്തിൽ നശിച്ചത്. കരിങ്ങാലി പാടശേഖരത്തിലെ 16 പാടങ്ങളിലും വേനൽമഴ നാശംവിതച്ചിരുന്നു.
മുൻവർഷങ്ങളിൽ താഴ്ന്നപ്രദേശത്തുള്ള ചില പാടശേഖരത്തിൽ മാത്രമായിരുന്നു വേനൽമഴ നാശം വിതച്ചിരുന്നതെങ്കിൽ മുഴുവൻ പാടശേഖരവും ഒരുപോലെ വെള്ളത്തിലായത് ഏപ്രിലിലായിരുന്നു. എല്ലാ പാടവും കൊയ്യാൻപാകമായി കിടക്കുകയുമായിരുന്നു. ചില പാടത്ത് കൊയ്ത്ത് നടത്താനേ കഴിഞ്ഞിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..