പന്തളം ചന്തയോട് ചേർന്നുകിടക്കുന്ന സ്ഥലത്ത് കുന്നുകൂടിക്കിടക്കുന്ന മാലിന്യം തരംതിരിക്കുന്ന ജീവനക്കാർ
പന്തളം : ബ്രഹ്മപുരംപോലൊരു സംഭവം വേണ്ടിവന്നു പന്തളം നഗരസഭയെ മാലിന്യമുക്തമാക്കാൻ. മുൻപുണ്ടായിരുന്ന ഭരണസമിതികൾപോലും കണ്ണടച്ച് ഇരുട്ടാക്കിയ മാലിന്യസംസ്‌കരണത്തിന് ഇപ്പോഴുള്ള ഭരണസമിതിയെങ്കിലും മുന്നിട്ടിറങ്ങിയല്ലോയെന്ന ആശ്വാസമാണ് ജനങ്ങൾക്ക്. മാലിന്യം, പന്തളം കത്താൻ പാകത്തിന് മലപോലെ കുന്നുകൂടിയപ്പോഴാണ് ഇത് നീക്കംചെയ്യാൻ മാലിന്യം തരംതിരിക്കുന്ന ജോലി നഗരസഭ ആരംഭിച്ചത്.
പ്ലാസ്റ്റിക്കും അഴുകുന്ന മാലിന്യവും കത്തുന്നവയും എല്ലാം കുന്നുകൂടിക്കിടക്കുന്നതിൽനിന്ന് പ്ലാസ്റ്റിക് തരംതിരിച്ച് വിൽക്കാനാണ് തീരുമാനം. ഇതിനായി ചൊവ്വാഴ്ച ഹരിത കർമസേന, താത്കാലിക ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് തരംതിരിക്കൽ തുടങ്ങി. ലോകബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നാലുമാസത്തെ താമസം നേരിടുന്നതിനാലാണ് മഴക്കാലത്തിനുമുൻപ് അഗ്നിബാധ ഉണ്ടാകാതിരിക്കാനായി മാലിന്യം നീക്കംചെയ്യാൻ പദ്ധതിയിട്ടത്. ഇപ്പോൾ നഗരസഭയുടെ ഫണ്ടുപയോഗിച്ചാണ് ജോലി ചെയ്യുന്നത്.
മുട്ടാർ നീർച്ചാലിന്റെ തുടക്കംമുതൽ അവസാനംവരെയുള്ള ഭാഗത്തുള്ള മാലിന്യം നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നഗരസഭയുടെ ശുചീകരണപ്രവർത്തനമെന്ന് ചെയർപേഴ്‌സൺ സുശീലാ സന്തോഷ് പറഞ്ഞു. ഇതോടൊപ്പം ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് തുമ്പൂർമൂഴി പദ്ധതിയും ചന്തയ്ക്കുസമീപം പണി പൂർത്തിയായിട്ടുണ്ട്. ഇവിടെ സംസ്‌കരിച്ചെടുക്കുന്ന വളം വിൽപ്പന നടത്തുകയും ചെയ്യും.
മാലിന്യസംസ്‌കരണമില്ലാത്ത നഗരസഭ
പഞ്ചായത്തായിരുന്ന കാലംമുതൽ മാലിന്യസംസ്‌കരണത്തിന് ഒരു മാർഗവുമില്ലാത്തതാണ് പന്തളത്തെ പ്രശ്നം. ഖരമാലിന്യത്തെ അഴുക്കിക്കളയുന്ന പ്ലാന്റ് പഞ്ചായത്തായിരുന്ന കാലത്ത് ആരംഭിച്ചത് പ്രവർത്തനരഹിതമായതോടെ നഗരസഭതന്നെ വാഹനത്തിൽ കൊണ്ടുവന്ന മാലിന്യം ചന്തയ്ക്ക് സമീപം ഇട്ടുതുടങ്ങുകയായിരുന്നു. പല സ്ഥലങ്ങളിൽനിന്നും മാലിന്യം കൊണ്ടുവന്ന് ഇടുന്നതിനുള്ള സ്ഥലമായി മാറുകയും ചെയ്തു. ഇടയ്ക്ക് തീവെച്ച് ഇല്ലാതാക്കുന്ന രീതിയും ഉണ്ടായിരുന്നു. പന്തളം കവലയിൽപ്പോലും മൂക്കുപൊത്താതെ നിൽക്കാൻ കഴിയാത്തത്ര ദുർഗന്ധമാണ് ഉയരുന്നത്. മാലിന്യം നീക്കംചെയ്യുന്നതിനൊപ്പം ഇനിയും ഉണ്ടാകാനിടയുള്ളത് സംസ്‌കരിക്കാൻകൂടി പദ്ധതിയില്ലെങ്കിൽ വീണ്ടും മാലിന്യം മലപോലെ കൂടും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..