പണി പൂർത്തിയായിക്കിടക്കുന്ന ആക്കക്കുഴി സ്കൂളിന്റെ കെട്ടിടം
കിഴക്കുപുറം : കെട്ടിടമൊക്കെ പണിഞ്ഞിട്ടുണ്ട് പക്ഷേ തത്കാലം അധ്യാപകരും വിദ്യാർഥികളും വെളിയിൽനിന്ന് കണ്ടാൽ മതി കയറാറായിട്ടില്ല. ഇതാണ് കിഴക്കുപുറം ആക്കക്കുഴി ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിന്റെ അവസ്ഥ. 'പഴമയുടെ സൗന്ദര്യം' വിളിച്ചോതുന്ന ഓടിട്ട കെട്ടിടങ്ങളുടെ ബലക്ഷയം പരിഗണിച്ചാണ് പുതിയ കെട്ടിടം പണിഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് കിഫ്‌ബിയിൽനിന്നും രണ്ട് കെട്ടിടങ്ങൾ പണിയുന്നതിനായി മൂന്ന് കോടി രൂപ അനുവദിച്ചത്. ഒന്നരക്കോടി വീതം ചെലവിൽ രണ്ട് കെട്ടിടങ്ങളാണ് ഉദ്ദേശിച്ചത്. 2017-18 കാലഘട്ടത്തിൽ തന്നെ ആദ്യഘട്ട പണി ആരംഭിക്കുകയുംചെയ്തു. എന്നാൽ കൊറോണ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം പലതവണ പണി മുടങ്ങിയെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഒടുവിൽ വർഷങ്ങളെടുത്ത് ആദ്യഘട്ടത്തിന്റെ പണി പൂർത്തിയായതാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യാതെയിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായതിനാൽ ഉദ്ഘാടനവും നിശ്ചയിക്കുക അവിടെ നിന്നാവും. മൂന്ന് നിലകളായുള്ള പുതിയ കെട്ടിടത്തിൽ പന്ത്രണ്ട് മുറികളാണുള്ളത്. എല്ലാ നിലയിലും ശൗചാലയങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച ബെഞ്ചും ഡെസ്കുമൊക്കെ ഇവിടേക്ക് ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇങ്ങോട്ട് കുട്ടികളെ മാറ്റിയാൽ മാത്രമേ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ച് അവിടെ രണ്ടാമത്തേത് പണിയാൻ സാധിക്കൂ. പ്രീപ്രൈമറി മുതൽ പത്തു വരെയുള്ള ക്ലാസുകളാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഹയർ സെക്കൻഡറി ക്ലാസുകൾക്ക് തത്കാലം ഇവിടെ സ്ഥലമുണ്ടാവില്ല.
ഒരു കാലത്ത് കടിക-കിഴക്കുപുറം പ്രദേശങ്ങളിൽനിന്ന് നൂറു കണക്കിനു കുട്ടികൾ പഠിച്ചിരുന്ന സ്കൂളായിരുന്നു ഇത്. ഇടക്കാലത്ത് വലിയതോതിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായി പറയുന്നു.
കെട്ടിടങ്ങളുടെ ബലക്ഷയം അതിനൊരു കാരണമായി രക്ഷാകർത്താക്കൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇപ്പോൾ പുതിയ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും വർധിക്കുന്നതോടുകൂടി കൂടുതൽ കുട്ടികൾ ഇവിടേക്കെത്തുമെന്നാണ് പ്രതീക്ഷ. അടുത്ത അധ്യയന വർഷത്തിനു മുൻപെങ്കിലും ഉദ്ഘാടനംനടത്തി അങ്ങോട്ടു മാറാൻ സാധിക്കണമെന്നാണ് സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..