Caption
അയിരൂർ: പഞ്ചായത്തിനെ കഥകളിഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ഉത്തരവുവന്നതോടെ വൻ പദ്ധതികൾക്ക് അയിരൂർ വേദിയാകും. ഔദ്യോഗിക രേഖകളിൽ കഥകളിഗ്രാമം എന്ന പേരുകൂടി കൂട്ടിച്ചേർക്കപ്പെടും. കേന്ദ്രസർക്കാരിന്‍റെ അംഗീകാരം തെക്കൻ കേരളത്തിൽ കഥകളിയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷകൂടിയാണ് ഏവരും പങ്കുവയ്ക്കുന്നത്. അയിരൂരിനെ എല്ലാ അർത്ഥത്തിലും കഥകളിയുടെ സ്വപ്നഭൂമിയാക്കാൻ അയിരൂർ പഞ്ചായത്തും ജില്ലാ കഥകളിക്ലബ്ബും അശ്രാന്ത പരിശ്രമത്തിലാണ്. കഥകളി മ്യൂസിയവും തെക്കൻ കലാമണ്ഡലവുമടക്കം വമ്പൻ പദ്ധതികളാണ് അടുത്ത 10 വർഷത്തേക്കായി അണിയറയിൽ ഒരുങ്ങുന്നത്.
തെക്കൻ കലാമണ്ഡലം
കഥകളിഗ്രാമമായ അയിരൂരിൽ കഥകളി ഉൾപ്പെടെയുള്ള കലകൾ അഭ്യസിപ്പിക്കാനും പ്രദർശിപ്പിക്കാനും യൂണിവേഴ്സിറ്റി മാതൃകയിൽ സ്ഥിരം വേദി ഒരുക്കാനാണ് 2021-ൽ പ്രമോദ് നാരായൺ എം.എൽ.എ.യുടെ കൂടി താത്പര്യപ്രകാരം തെക്കൻ കലാമണ്ഡലം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 2022-23 സംസ്ഥാന ബജറ്റിൽ പദ്ധതി തത്ത്വത്തിൽ അംഗീകരിച്ചുകൊണ്ട് 100 രൂപ ടോക്കൺ വെയ്ക്കുകയും സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്.
കേരള കലാമണ്ഡലം 90 വർഷം പിന്നിടുന്പോൾ എറണാകുളത്തിന് തെക്കുള്ള ഏഴു ജില്ലകളിൽ കഥകളിക്ക് പ്രോത്സാഹനം നൽകുകയാണ് തെക്കൻ കലാമണ്ഡലത്തിന്‍റെ ലക്ഷ്യം. 300 വർഷത്തെ ചരിത്രമുള്ള അയിരൂർ പുത്തേഴത്ത് കഥകളിക്കളരിയുടെ ചുവടുപിടിച്ചാണ് കഥകളിയുടെ ബിരുദ-ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനും തെക്കൻ കലാമണ്ഡലത്തിൽ അവസരം ഒരുക്കുന്നത്.
കഥകളി മ്യൂസിയം
അയിരൂരിൽ കഥകളി മ്യൂസിയം കൊണ്ടുവരാനുള്ള ജില്ലാ കഥകളി ക്ലബ്ബിന്റെയും അയിരൂർ പഞ്ചായത്തിന്റെയും ശ്രമഫലമായി സർക്കാർ നിർദേശപ്രകാരം വിനോദ സഞ്ചാര വകുപ്പ് കഥകളി മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു. രണ്ടരക്കോടി രൂപയാണ് മ്യൂസിയം നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. ചെറുകോൽപ്പുഴ പാലം ജങ്ഷനിലുള്ള ക്ലബ്ബ് വക സ്ഥലത്താണ് മ്യൂസിയം നിർമിക്കുക.
കഥകളിയിലെ മുഴുവൻ വേഷങ്ങളുടേയും യഥാർഥ കോപ്പണിയിച്ച ശിൽപ്പങ്ങൾ, കഥകളി കോപ്പുകളുടെ നിർമാണ വിധികൾ, മുഖത്തെഴുത്തിനുള്ള നിറക്കൂട്ടുകൾ, കഥകളി നടൻമാർ കണ്ണ് ചുവപ്പിക്കുന്ന രീതി, കഥകളി വാദ്യങ്ങൾ എന്നിവയും മ്യൂസിയത്തിൽ തയ്യാറാക്കും. ഭാരതീയ രംഗകലാ സംബന്ധിയായ ലൈബ്രറിയും മ്യൂസിയത്തിൽ സ്ഥാപിക്കും.
കഥകളിമേള
ജില്ലയിൽ ഏറ്റവും കൂടുതൽ കഥകളി സാക്ഷരതയുള്ള പ്രദേശംകൂടിയാണ് അയിരൂർ. ജില്ലാ കഥകളി ക്ലബ്ബിന്റെ ആസ്ഥാനവും അയിരൂരിലാണ്. ജില്ലാ കഥകളി ക്ലബ്ബ് എല്ലാ വർഷവും ജനുവരി ആദ്യവാരത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കഥകളി മേള നടത്തിവരുന്നത് അയിരൂർ ചെറുകോൽപ്പുഴ പമ്പാ മണൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ്. 200-ൽ പരം കഥകളി കലാകാരൻമാരെ കൂടാതെ വിദേശികളടക്കം കാൽലക്ഷത്തോളം കാണികൾ മേളയിൽ പങ്കെടുത്തിട്ടുണ്ട്. നിലവിൽ ജില്ലയിലെമാത്രം കുട്ടികളാണ് മേളയ്ക്ക് എത്തുന്നതെങ്കിൽ വരും വർഷങ്ങളിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കുട്ടികളെ മേളയുടെ ഭാഗമാക്കാനാണ് ശ്രമം.
സ്റ്റുഡൻറ്സ് കഥകളിക്ലബ്ബ്
കഥകളി ആസ്വാദനം ക്ലാസ് മുറികളിൽനിന്ന് എന്ന ലക്ഷ്യവുമായി ജില്ലാ കഥകളി ക്ലബ്ബ് ആവിഷ്കരിച്ച കഥകളി സാക്ഷരതാപദ്ധതി പ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്റ്റുഡന്റ്സ് കഥകളി ക്ലബ്ബ് തുടങ്ങാനാണ് പദ്ധതി. ഇതിന്റെ ആദ്യ ഘട്ടമെന്നനിലയിൽ അയിരൂർ രാമേശ്വരം എച്ച്.എസ്.എസ്., പ്രമാടം നേതാജി എൽ.പി.എസ്. എന്നിവിടങ്ങളിൽ സ്റ്റുഡന്റ്സ് കഥകളി ക്ലബ്ബിനും മുദ്രാപഠന ക്ലാസുകൾക്കും തുടക്കംകുറിക്കുകയുംചെയ്തു. സ്റ്റുഡന്റ്സ് കഥകളി ക്ലബ്ബ് ജില്ലയിലെ എല്ലാ ഗവ. എൽ.പി. സ്കൂളുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..