Caption
കൊടുമൺ : ഖരമാലിന്യങ്ങൾ ശേഖരിക്കാൻ 20 ഗ്രാമപ്പഞ്ചായത്തുകളിലെ ഹരിത കർമസേനകൾക്ക് ജില്ലാ പഞ്ചായത്ത് ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിതരണം ചെയ്യുന്നു. വീടുകളിലെത്തി ഖരമാലിന്യം ശേഖരിച്ച് മിനി എം.സി.എഫുകളിലും എം.സി.എഫുകളിലും എത്തിക്കുന്നതിനാണ് ഒാട്ടോറിക്ഷ നൽകുന്നത്. മാലിന്യത്തെ ഇല്ലാതാക്കാൻ മാലിന്യം സൃഷ്ടിക്കാത്ത വാഹനം തന്നെ ഉപയോഗിക്കുന്നു എന്നുള്ളതാണ് പദ്ധതിയുടെ പ്രത്യേകത.
വീടുകളിലെ മാലിന്യം ശേഖരിക്കാൻ നിലവിൽ ഹരിതകർമസേനയ്ക്ക് വാഹന സൗകര്യം ഇല്ല. വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനാൽ ചെലവ് കൂടുകയാണ്. ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ശുചിത്വമിഷൻ, നവകേരള മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 2023 നവംബർ മാസത്തോടുകൂടി ജില്ലയെ സമ്പൂർണ ശുചിത്വ ജില്ലയായി മാറ്റുകയാണ് ലക്ഷ്യം.
4.48 ലക്ഷം രൂപ വിലയുള്ള ഓട്ടോറിക്ഷ നിർമാണ കമ്പനിയുമായി ജില്ലാ പഞ്ചായത്ത് ചർച്ചചെയ്ത് 4.15 ലക്ഷം രൂപയ്ക്കാണ് വാങ്ങുന്നത്. ഹരിതകർമസേനയെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ആർ. അജിത് കുമാർ പറഞ്ഞു.
എല്ലാ പഞ്ചായത്തുകൾക്കും ലഭ്യമാക്കും -ഓമല്ലൂർ ശങ്കരൻ
: വരുന്ന സാമ്പത്തികവർഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും ഇലക്ട്രിക് ഒാട്ടോറിക്ഷ ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഓട്ടോറിക്ഷ കൈപ്പറ്റുന്ന പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തുമായി കരാർ ഒപ്പുവെക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകൾ ഹരിതകർമസേനയ്ക്ക് മാത്രം ഉപയോഗിക്കുകയും അത് ഫലപ്രദമായി പ്രവർത്തിപ്പിക്കുകയും യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നും കരാറിൽ ഉണ്ടാകും. ഹരിതകർമസേനയിലെ അംഗങ്ങൾ തന്നെ ഓട്ടോറിക്ഷ ഓടിക്കാൻ അവർക്ക് ഡ്രൈവിങ് പരിശീലനം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് നൽകുമെന്നും പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..