Caption
ആറന്മുള : കണ്ണാടിപോലത്തെ തെളിനീരിൽ മണൽ നിറഞ്ഞ അടിത്തട്ട്. പടിക്കെട്ടിൽ നമസ്കരിച്ച് തിരിച്ചുപോകുന്ന മീനുകൾ. ആറന്മുള പാർഥസാരഥിക്ഷേത്രത്തിന്റെ വടക്കേനടയിലെ കടവും കാഴ്ചകളും ഭക്തർക്ക് നല്കിയിരുന്നത് ഇരട്ടി ഉന്മേഷം. എന്നാൽ, ഇന്ന് അതെല്ലാം ഒാർമകളിലാണ്. തുടർച്ചയായുണ്ടായ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും ചെളികയറിക്കിടക്കുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന്‍റെ വടക്കേനടയിലുള്ള പടിക്കെട്ട് ഉപയോഗശൂന്യമായി. ചെളിനിറഞ്ഞ പടിക്കെട്ടിൽ കാടുവളർന്നതോടെ നിലവിൽ ഭക്തർക്ക് നദീസ്നാനം പോലും സാധിക്കാത്ത സ്ഥിതിയാണ്. കാടുവളർന്നതോടെ വിഷജന്തുക്കളുടെ സാന്നിധ്യം നിമിത്തം കടവിലിറങ്ങാൻ കൂടി ആളുകൾ ഭയക്കുന്നു. തിരുവോണത്തോണി അടുത്തിരുന്ന കടവിലേക്ക് ചെറിയവള്ളം പോലും അടുപ്പിക്കാനാവാത്ത സ്ഥിതിയാണുള്ളത്. കടവിന്‍റെ ദുരവസ്ഥയെപ്പറ്റി ഹൈക്കോടതിയുടെ വിധി പ്രസ്താവത്തിൽ പറയുന്ന സാഹചര്യങ്ങളെല്ലാം ഇപ്പോഴും അതുപോലെ തുടരുകയാണ്.
പടിക്കെട്ട് തകർന്നത് 2018-ൽ
-ലെ പ്രളയത്തെ തുടർന്ന് പന്പയുടെ തീരത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഇറിഗേഷൻ വകുപ്പ് വിശദമായ പഠനം നടത്തുകയും കടവുകളുടെ പുനർനിർമാണത്തിനായുള്ള വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇറിഗേഷൻ വകുപ്പിന്‍റെ പദ്ധതി പരിഗണിക്കാതെ ഉത്രട്ടാതി ജലോത്സവത്തിന് മുന്നോടിയായി പരപ്പുഴകടവ് മുതൽ സത്രക്കടവ് വരെയുള്ള ഭാഗത്ത് പള്ളിയോടങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നവിധത്തിൽ ചെളിനീക്കം ചെയ്യാൻ കളക്ടർക്ക് നിർദേശം നൽകുകയാണ് സർക്കാർ ചെയ്തത്. കടവുകളുടെ പുനർനിർമാണം സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെ പടിക്കെട്ടുകളുടെ ജീർണാവസ്ഥയ്ക്ക് കാരണം.
തകർന്നത് പുതിയതായി
കൂട്ടിച്ചേർത്ത പടിക്കെട്ട്
നദി പിൻവലിഞ്ഞതിനാൽ പള്ളിയോടങ്ങൾ അടുപ്പിക്കാനുള്ള സൗകര്യം മുന്നിൽക്കണ്ടാണ് 1995-ൽ കൽപ്പടികൾക്ക് തുടർച്ചയായി ഒരു കോൺക്രീറ്റ് പ്ലാറ്റ്ഫോമും നദിയിലേക്ക് ഇറങ്ങാൻ പാകത്തിന് ഏഴ് അധികപടികളും ഇറിഗേഷൻ വകുപ്പ് നിർമിച്ചത്. ഇത്തരത്തിലുള്ള കോൺക്രീറ്റ് നിർമിതിയാണ് ഇപ്പോൾ നാശം സംഭവിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പാറയിൽ തീർത്ത അന്പത് കൽപ്പടവുകൾക്ക് യാതൊരു ബലക്ഷയവുമില്ലാത്ത സാഹചര്യത്തിൽ ഇരുപത്തിയഞ്ച് വർഷം മാത്രം പഴക്കവും പത്തുവർഷം മുന്പ് അറ്റകുറ്റപ്പണി നടത്തിയ കോൺക്രീറ്റ് പടിക്കെട്ട് തകർന്നു കിടക്കുന്നതാണ് വിമർശനങ്ങളും പരാതികളും ഉയരുന്നതിന് കാരണം.
പ്രളയാനന്തരം സംഭവിച്ചത്
2018-ലെ പ്രളയാനന്തരം നദി കുഴിഞ്ഞുപോകുകയും ഇരുവശവും ചെളിനിറഞ്ഞ് തിട്ടപോലെ രൂപപ്പെടുകയും ചെയ്തു. ചെളിവന്ന് നിറഞ്ഞത് മൂലം പന്പയുടെ വിസ്തൃതി കുറയുകയും വെള്ളം വഹിക്കാനുള്ള ശേഷികുറയുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ വെള്ളമെത്തുന്പോൾ പന്പ കരകവിഞ്ഞ് ഒഴുകുകയും പന്പാതീരത്തുള്ള നിർമ്മിതികളിൽ പലതിനും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇത്തരത്തിലാണ് പന്പയിലേക്കിറങ്ങുന്ന പാർഥസാരഥി ക്ഷേത്രത്തിന്‍റെ വടക്കേനടയിലുള്ള പടിക്കെട്ടിനും നാശം സംഭവിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..