സംസ്ഥാനപാതയിൽ റാന്നി തോട്ടമൺ വളവിൽ ഡീസൽ വീണ ഭാഗം അഗ്‌നിരക്ഷാസേന കഴുകി വൃത്തിയാക്കുന്നു
റാന്നി : എല്ലാദിവസവും തോട്ടമൺ വളവിൽ രാവിലെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴും. പിന്നാലെ അഗ്‌നിരക്ഷാസേനയെത്തി റോഡിലെ ഡീസൽ കഴുകിക്കളയും. ഒരാഴ്ച തുടർച്ചയായി നടന്നുവരുന്ന ഒരു കാഴ്ചയായിരുന്നു ഇത്. എന്നാൽ പതിവ് വീഴ്ചയിൽ സംശയംതോന്നിയ റാന്നി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ശനിയാഴ്ച കാവൽനിന്നപ്പോൾ ബൈക്കുകളെ വീഴ്ത്തുന്ന അജ്ഞാതനെ കണ്ടെത്തി. പത്തനംതിട്ട ഡിപ്പോയിൽനിന്നു രാവിലെ കുമളിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറായിരുന്നു ആ അജ്ഞാതൻ. ഇതിൽനിന്നു വളവ് തിരിയുമ്പോൾ റോഡിൽ വീഴുന്ന ഡീസലിൽ തെന്നിയാണ് ഇരുചക്രവാഹനങ്ങൾ മറിഞ്ഞിരുന്നത്. ബസിനെ പിൻതുടർന്ന് ജീവനക്കാരെ പ്രസിഡന്റ് വിവരം അറിയിക്കുകയുംചെയ്തു.
എല്ലാ ദിവസവും ഇവിടെ അപകടം നടന്നിരുന്നു. കഴിഞ്ഞദിവസം ബൈക്ക് മറിഞ്ഞ് തെറിച്ചുവീണ യുവാവ് ടിപ്പറിന് അടിയിൽപെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. ഒന്ന് രണ്ട് ഇരുചക്രവാഹനങ്ങൾ വീഴുമ്പോൾ തന്നെ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചുവരുകയായിരുന്നുവെന്ന് കെ.ആർ.പ്രകാശ് പറഞ്ഞു. അവർക്കും ഇത് ദുരിതമായി മാറി. എന്നും രാവിലെ റോഡ് സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കേണ്ട സ്ഥിതി. ഈ സാഹചര്യത്തിലാണ് ഡീസൽ വീഴ്ത്തുന്ന വാഹനം കണ്ടെത്താൻ തുനിഞ്ഞിറങ്ങിയതെന്ന് പ്രസിഡന്റ് പറഞ്ഞു. ശനിയാഴ്ച രാവിലെ മുതൽ വളവിൽ കാത്തുനിന്നു. കുമളി ബസ് വളവ് തിരിഞ്ഞപ്പോൾ റോഡിൽ ഡീസൽ വീണു.
ബസിനെ പിൻതുടർന്ന് റാന്നി കെ.എസ്.ആർ.ടി.സി. ബസ് സ്‌റ്റാൻഡിലെത്തി. വിവരം ജീവനക്കാരെയും സ്റ്റേഷൻ അധികൃതരെയും അറിയിച്ചു. അപ്പോൾ ജീവനക്കാർ നടത്തിയ പരിശോധനയിൽ ഇത് വ്യക്തമാവുകയുംചെയ്തതായി പ്രസിഡന്റ് പറഞ്ഞു. അടുത്ത ദിവസം മുതൽ ഇതിന് പരിഹാരമുണ്ടാക്കുമെന്ന് ജീവനക്കാർ ഉറപ്പുനൽകിയാണ് യാത്ര തുടർന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..