പുതുക്കുളങ്ങര പടയണിയിൽ നിറഞ്ഞാടിയ കാലൻകോലം
ഓതറ : പുതുക്കുളങ്ങര പടയണിയിൽ അനുഗ്രഹവർഷം ചൊരിഞ്ഞ് കാലൻകോലം കളത്തിലെഴുന്നള്ളി. കാലൻകോലമെന്ന് വിളിപ്പേരുണ്ടെങ്കിലും ശിവസ്തുതികളുടെയും ശൈവശക്തിയുടെ വർണനകളുടെയും പ്രകടനമാണ് കാലൻകോലം. കഥകൊണ്ടും ഇതിവൃത്തംകൊണ്ടും കാലാരിയായ ശിവനാണ് ഈ കോലത്തിലൂടെ കാണികൾക്ക് അനുഭവവേദ്യമാകുന്നത്. മാർക്കണ്ഡേയ ചരിതവും അജാമിളമോക്ഷവും ശിവസ്‌തോത്രവും പാട്ടുകളിലൂടെ വിവരിച്ചാണ് പടയണിക്കളത്തിലെത്തുക. വഴിപാടായി നടത്തുന്നത് മരണഭയത്തിൽനിന്ന് രക്ഷനേടുന്നതിനാണ്.
കാലൻകോലം സവിശേഷത
പാട്ടുകൾ ഏതായാലും ചുവടുകൾക്കും താളത്തിനും മാറ്റമില്ല. മുഖത്ത് മനയോലകൊണ്ടുള്ള പച്ച ചായം കഥകളിയിലേതുപോലെ മുഖത്ത് തേച്ചുപിടിപ്പിക്കും. കണ്ണിന് അഴകു നൽകി പ്രത്യേക ചില്ലുകളും ധരിച്ച് ദംഷ്ട്രകളും കടിച്ചുപിടിച്ചാണ് കാലൻകോലമെത്തുക. ചുവടുകളാകട്ടെ ഒറ്റയും ഇരട്ടയും മുക്കണ്ണിയും തുടങ്ങി അതിവേഗത്തിലുള്ള ചലനങ്ങൾ കാഴ്ചവെയ്ക്കും. അരയിൽ മുട്ടോളം ഇറക്കിയുടുത്ത വെളുത്ത മുണ്ടിനുമുകളിൽ ചെമ്പട്ടുടുത്ത് വാളും പന്തവും ഏന്തിയാണ് വരവ്. പാട്ടിലൂടെ ഇതിവൃത്തം വിശദീകരിക്കുന്നതിനിടെ ‘അൻപത്തൊന്നക്ഷരം കൂടുന്ന പന്തം അൻപോടു ഞാനിങ്ങു വാങ്ങിച്ചേ പന്തം’... എന്ന് പാടിത്തീരുമ്പോഴേക്കും മറ്റൊരു പടയണി കലാകാരന്റെ ചുവടുകളിലൂടെ കാലൻകോലം കെട്ടിയയാളിൽനിന്ന് പന്തം പിടിച്ചുവാങ്ങും. പന്തം നഷ്ടപ്പെട്ട അങ്കക്കലിയോടെ വാളുമായി ചുവടുെവച്ചാണ് കാലൻകോലത്തിന്റെ തുള്ളൽ.
കാലാരിയുടെ ശൂലം തറച്ച് കാലൻ ഭൂമിയിൽ പതിച്ചു എന്നുൾപ്പെടെയുള്ള കഥാഭാഗങ്ങൾക്ക് ഒടുവിൽ വാളും പിടിച്ചുവാങ്ങുന്നതോടെ കാലൻകോലം തുള്ളുന്നയാളെ ഉരലിൽ പിടിച്ചിരുത്തും. പിന്നീട് കേശാദി പാദത്തേന്നും പാദാദി കേശത്തേന്നും കാലപാശം തീർന്നൊഴിക... എന്ന് പാടി കാലൻകോലം കളം ഒഴിയുന്നു. ഇതിന്റെ ചുവടുവയ്പിൽ മുഖ്യമായൊരു പങ്കുതുള്ളുന്നത് ഉരലിൽ കയറിനിന്നാണ്. ഇതിനായി പടയണിക്കളത്തിൽ പ്രത്യേകം ഉരൽ സ്ഥാപിക്കും.
കാലൻകോലം വഴിപാടായി സമർപ്പിക്കാൻ ഒട്ടേറെ ഭക്തരാണ് എത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..