യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു : പോലീസിനെ വെട്ടിച്ച്, പിൻവാതിലിലൂടെ പ്രവർത്തകർ ഓഫീസിനുള്ളിൽ കടന്നു


2 min read
Read later
Print
Share

ചാക്കുകെട്ടിലാക്കിയ ചെരിപ്പുകൾ ഓഫീസിനുള്ളിൽ തള്ളി

Caption

പത്തനംതിട്ട : പോലീസിനെ വെട്ടിച്ച് പോസ്റ്റോഫീസ് കെട്ടിടത്തിനുള്ളിൽ കടന്ന് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്നു അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പോസ്റ്റോഫീസിലേക്ക് ശനിയാഴ്ച രാവിലെ 11.15-ഓടെ പ്രതിഷേധം നടക്കുമെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. തുടർന്ന് പ്രവർത്തകരെത്തുന്നതുംകാത്ത് റാന്നി ഡിവൈ.എസ്.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പോസ്റ്റോഫീസിന് മുൻവശത്തെ ഗേറ്റിൽ കാത്തുനിന്നു. സാധാരണ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ ഇവിടെയെത്തുമെന്ന കണക്കുകൂട്ടലിലാണ് പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചത്. എന്നാൽ, പോലീസിന്റെ കണ്ണുവെട്ടിച്ച് കാറിലെത്തിയ ഒരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാസ്പോർട്ട് ഓഫീസിന്റെ വഴിയിലൂടെ വന്ന് പോസ്റ്റോഫീസിന്റെ പിൻവശത്തുള്ള വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുകയായിരുന്നു.

വലിയ ചാക്കിൽ കൊണ്ടുവന്ന ഒരു ലോഡ് ചെരിപ്പുകൾ ഓഫീസിനുള്ളിലെ തപാൽ ഉരുപ്പടികൾക്കൊപ്പം പ്രവർത്തകർ കൂട്ടിയിട്ടു. മുദ്രാവാക്യം വിളികൾ കേട്ടതോടെ ഗേറ്റിന് പുറത്തുണ്ടായിരുന്ന പോലീസ് സംഘം അകത്തേക്ക് പാഞ്ഞു. സൂപ്രണ്ടിന്റെ മുറിക്കകത്തേക്ക് കടക്കാൻ ശ്രമിച്ച ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഭാരവാഹികളായ നഹാസ് പത്തനംതിട്ട, ജിതിൻ ജി. നൈനാൻ, മനു തയ്യിൽ, സലിൽ സാലി, സാംജി ഇടമുറി, കാർത്തിക്, ടെറിൻ, ഷിജോ ചേനമല എന്നിവരെ പോലീസ് ബലംപ്രയോഗിച്ച് പുറത്തേക്ക് വലിച്ചുമാറ്റി. തുടർന്ന് ഗേറ്റിന് പുറത്തെത്തിച്ച് ഓരോരുത്തരെയായി ജീപ്പിനുള്ളിലേക്ക് തള്ളിക്കയറ്റി ഇൗ സമയമത്രയും റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

പിന്നാലെ സ്റ്റേഷൻ ഉപരോധവും

അറസ്റ്റുചെയ്ത എം.ജി. കണ്ണനടക്കമുള്ള നേതാക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബാക്കിയുണ്ടായിരുന്ന പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന്‌ മുദ്രാവാക്യംവിളിച്ചു. കൂടുതൽ പേർ എത്തുന്നതുകണ്ട്‌ സ്റ്റേഷനിലേക്കുള്ള കവാടം ബാരിക്കേഡ് കെട്ടി അടച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആന്റോ ആന്റണി എം.പി. ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി. സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. സ്റ്റേഷനകത്തേക്ക് കയറിയ നേതാക്കൾ, പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ഡിവൈ.എസ്.പി.യോട് ആവശ്യപ്പെട്ടു. നീണ്ട ചർച്ചകൾക്കൊടുവിൽ അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിടാമെന്ന് പോലീസ് അറിയിച്ചതോടെ ഉപരോധം അവസാനിച്ചു. തുടർന്ന് സ്റ്റേഷനിലുള്ളിലുണ്ടായിരുന്ന ഓരോരുത്തരെയായി പുറത്തേക്കുവിട്ടു. വെളിയിലെത്തിയവരെ നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രകടനമായി ടൗൺ ചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റമാരായ ജി. മനോജ്, എം.പി. ഹസൻ , ജിജോ ചെറിയാൻ, വിജയ് ഇന്ദുചൂഡൻ, ജില്ലാ ഭാരവാഹികളായ അനൂപ് വെങ്ങവിളയിൽ, ആനന്ദു ബാലൻ, അരവിന്ദ് വെട്ടിക്കൽ, അബിൻ ശിവദാസ്, ഷുമനാ ഷറഫ്, ലിജ, റിനോ പി.രാജൻ, ബാസിത് താക്കറ എന്നിവർ നേതൃത്വം നൽകി.

യു.ഡി.എഫ്. പ്രതിഷേധിച്ചു

പത്തനംതിട്ട : കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തു നിന്നു അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഡി.സി.സി. പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ ചെയർമാൻ വിക്ടർ തോമസ്, ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.കെ. ജോൺ, ടി.എം. ഹമീദ്, ജോർജ് വർഗീസ്, കെ. ജയവർമ്മ പ്രസന്നകുമാർ, സനോജ് മേമന, മധു ചെമ്പകുഴി, ശ്രീകോമളൻ മലയാലപ്പുഴ, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, ഷിബു കെ., എബ്രഹാം, ബാബു വെണ്മേലിൽ എന്നിവർ പ്രസംഗിച്ചു.

ഇന്ന് പ്രതിഷേധം

പത്തനംതിട്ട : രാഹുൽ ഗാന്ധിക്കെതിരായ സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച രാവിലെ 9.30-ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധസമരം സംഘടിപ്പിക്കും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..