ഏഴംകുളം : ഭവനനിർമാണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും മുൻതൂക്കം നൽകി ഏഴംകുളം പഞ്ചായത്ത് ബജറ്റ്. 55.02 കോടി വരവും 51.98 കോടി ചെലവും 3.03 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയൻ അവതരിപ്പിച്ചത്.
ഭവനനിർമാണത്തിന് ലൈഫ് പദ്ധതി ഉൾപ്പെടെ 9.5 കോടി, ദാരിദ്ര്യ ലഘുകരണം ഒൻപതുകോടി എന്നിവയ്ക്ക് 2023-24 ബജറ്റ് മുൻതൂക്കം നൽകുന്നു. കൃഷി അനുബന്ധ മേഖല 40 ലക്ഷം, മൃഗസംരക്ഷണം 40 ലക്ഷം, ക്ഷീരവികസനം 15 ലക്ഷം, മണ്ണ് ജല സംരക്ഷണം 40 ലക്ഷം, പട്ടികജാതി ക്ഷേമത്തിനുള്ള പ്രത്യേകപരിപാടി 70 ലക്ഷം, യുവജനക്ഷേമം 15 ലക്ഷം, വനിതാക്ഷേമം 60 ലക്ഷം, വനിത ശിശുക്ഷേമം 18 ലക്ഷം, അങ്കണവാടി പൂരക പോഷകാഹാരം 40 ലക്ഷം, അങ്കണവാടി പശ്ചാത്തല സൗകര്യം 10 ലക്ഷം, പി.എച്ച്.സി.ക്കും സബ്‌സെന്ററുകൾക്കും 25 ലക്ഷം, മരുന്ന് വാങ്ങൽ 37 ലക്ഷം, പൊതുശുചിത്വം മാലിന്യ പരിപാലനം 35 ലക്ഷം, പൊതു കുടിവെള്ള വിതരണം 25 ലക്ഷം, വൃദ്ധക്ഷേമം 18 ലക്ഷം, ശാരിരിക മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങൾക്ക് 32 ലക്ഷം എന്നിവയ്ക്ക് ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്.
ഒരുകോടി പത്തുലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനായി വകയിരുത്തിയിട്ടുണ്ട്. ഇതിൽ എല്ലാവാർഡുകളിലും ഗ്രാമസഭാ മന്ദിരം ഉൾപ്പെടെ വരുന്ന ഗ്രാമകേന്ദ്രങ്ങൾക്ക് ഭൂമിവാങ്ങൽ, ഒരു അങ്കണവാടി മാത്രം സർക്കാർ സ്ഥാപനമായി വരുന്ന വാർഡുകളിൽ ഭുമി വാങ്ങാൻ 50 ലക്ഷം, മൃഗാശുപത്രിക്ക് 10 ലക്ഷം, കൃഷിഭവന് സ്ഥലം 10 ലക്ഷം, എം.സി.എഫിന് സ്ഥലം 15 ലക്ഷം, ഭൂരഹിതർക്ക് 5 ലക്ഷം, ഏഴംകുളം ജങ്‌ഷനിൽ ഓപ്പൺ സ്റ്റേജിനായി 30 ലക്ഷം എന്നിവ ഉൾപ്പെടും.
കൂടാതെ റോഡ് അറ്റകുറ്റപണികൾക്കായി 4.10 കോടി, വിവിധ ക്ഷേമപെൻഷനുകൾ 13 കോടി, ശ്മശാനത്തിന് 5 ലക്ഷം, ഏഴംകുളം കുളം നവീകരണം 15 ലക്ഷം, ഗോശാല പദ്ധതിക്ക് 20 ലക്ഷം എന്നിവയും നീക്കിവെച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..