പുല്ലാട് കവലയിൽ വെച്ചിരിക്കുന്ന പരസ്യബോർഡ്
പൂവത്തൂർ: തിരുവല്ല കുന്പഴ സംസ്ഥാനപാത കോഴഞ്ചേരിയ്ക്ക് മുന്പുള്ള പ്രധാന സ്റ്റോപ്പായ പുല്ലാട് കവലയിൽ എത്തുന്പോൾ രണ്ടാൾ പൊക്കത്തിൽവെച്ചിരിക്കുന്ന ഒരുബോർഡിൽ കണ്ണുടക്കും. ‘കുട്ടൻകുന്നം തെങ്ങിന്‍റെ ചങ്ങാതി’ എന്ന വാചകവും യന്ത്ര സഹായത്താൽ തെങ്ങുകയറുന്ന ചിത്രവും ഇതിലുണ്ട്.
ഫ്ലെക്സ് വെച്ചതോടെ അതിലുള്ള രണ്ട് ഫോൺ നന്പരുകളിലേക്ക് വിളിതുടങ്ങി. ആഴ്ചകളായി തേങ്ങയിടാൻ ആരും വിളിക്കാതായപ്പോൾ കുട്ടനു തോന്നിയ ബുദ്ധിയാണ് ഫലം കണ്ടത്. ടെക്നോളജി അത്ര വശമില്ലാത്തതുകൊണ്ട് രാഷ്ട്രീയപാർട്ടികൾ ജാഥയ്ക്ക് മുന്പ് കവലകളിൽ വെക്കുന്ന ബോർഡുപോലെ ഒന്ന് അടുത്തുള്ള പ്രിൻറിങ് സ്ഥാപനത്തിൽ പറഞ്ഞ് ചെയ്യിപ്പിക്കുകയായിരുന്നു. പരസ്യവാചകങ്ങൾ സ്വയം എഴുതിക്കൊടുത്തു. പൂവത്തൂരും പുല്ലാടും ആറന്മുളയിലും വെച്ച െഫ്ലക്സ് ബോർഡുകൾ കണ്ട് വിളി വന്നുതുടങ്ങി. ആലപ്പുഴയിലും കോട്ടയത്തും പോയും തേങ്ങ ഇടാറുണ്ട്. ഒരുദിവസം ശരാശരി 25 തെങ്ങുവരെ കയറും. തെങ്ങ് ഒന്നിന് 70 രൂപയാണ് വാങ്ങുന്നത്. അഞ്ചുകിലോമീറ്റർ ചുറ്റളവിൽ െഫ്ലക്സ് വെച്ചിട്ടുണ്ട്.
ജീവിതത്തിൽ ഒരുവഴി അടയുന്പോൾ ഒരു വഴി തുറക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് പത്തനംതിട്ട പൂവത്തൂർ മാനത്തുശ്ശേരിൽ 'കുട്ടൻ കുന്നം' എന്നറിയപ്പെടുന്ന എം.എൻ. ശശിയുടെ ഓരോദിനവും പുലരുന്നത്. 2014-ൽ നാളികേര വികസന ബോർഡിന്‍റെ തെങ്ങിന്‍റെ ചങ്ങാതി സർട്ടിഫിക്കറ്റ് നേടിയ കുട്ടന് തെങ്ങ് പരിപാലനം, കീടനിയന്ത്രണം, നാളികേരം വിളവെടുപ്പ് എന്നിവയിൽ ലഭിച്ച പരിശീലനമാണ് ഇപ്പോൾ ജീവിതമാർഗമായി മാറിയത്. 58-ാം വയസ്സിൽ യന്ത്രസഹായത്തോടെ ഹെൽമെറ്റ് അടക്കമുള്ള സുരക്ഷാസംവിധാനങ്ങൾ ധരിച്ചുകൊണ്ടാണ് തെങ്ങുകയറ്റം.
തെങ്ങുകയറ്റം ഇല്ലാത്തപ്പോൾ യന്ത്രസഹായത്തോടെ കാട് വെട്ട്, മരം വെട്ട്, ചില്ലകോതൽ തുടങ്ങിയവ ചെയ്തുകൊടുക്കുന്നു.
പട്ടാളജോലി തേടി അസമിൽ
കുട്ടന്‍റെ മൂത്ത ജ്യേഷ്ഠനായ എം.എൻ. തങ്കപ്പൻ മൂന്നാമത്തെ ജ്യേഷ്ഠൻ വിജയൻ എന്നിവർ അസം റൈഫിൾസിലും, രണ്ടാമത്തെ ജ്യേഷ്ഠൻ യശോധരൻ ആർമി സർവീസ് കോർപ്സിലും സേവനമനുഷ്ഠിക്കുന്പോഴാണ് എങ്ങനെയെങ്കിലും പട്ടാളത്തിൽ കയറിപ്പറ്റാൻ കുട്ടൻ അസമിലെത്തുന്നത്. അവസരം കിട്ടാതെ വന്നപ്പോൾ വർഷങ്ങളോളം അസമിൽ ഒരു കൺസ്ട്രക്ഷൻ കന്പനിയിൽ വെൽഡറായി ജോലി നോക്കി. 1995-ൽ നാട്ടിലേക്ക് മടങ്ങി. അതേവർഷമാണ് കോട്ടയം വാകത്താനം സ്വദേശിനിയാണ്ജീവിത സഖി. രണ്ടുമക്കളുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..