Caption
പത്തനംതിട്ട: "ഹാ പിള്ള എന്തുവാ ഈ പറയുന്നെ, പിള്ളേടെ പണമിടപാട് തീരണമെങ്കില് കടലില് വെള്ളംവറ്റണം. ഞാനീ കൊച്ചിന് വാക്ക് കൊടുത്തുപോയി പിള്ള ചെയ്യുമെന്ന്."
- ഒരു തനി പത്തനംതിട്ടക്കാരന്റെ സംസാരശൈലിയിൽ അതേ താളത്തിൽ ആവശ്യത്തിന് നീട്ടിയും കുറുക്കിയും ഇന്നസെന്റ് ഈ സംഭാഷണം നടത്തുമ്പോൾ തനി നാട്ടുകാരനായി മാറിയിരിക്കുന്നു. മോഹൻലാൽ അവതരിപ്പിച്ച പുത്തൻവീട്ടിൽ ഗോപാലകൃഷ്ണപിള്ളയുടെ സ്വന്തം ദിവാകരൻ കൊച്ചാട്ടനായിട്ടാണ് അദ്ദേഹം പത്തനംതിട്ടക്കാരനായത്.
ഇരിങ്ങാലക്കുടക്കാരനായ അദ്ദേഹത്തിന് പത്തനംതിട്ട ജില്ലയുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളോ സിനിമകളോ വളരെ വിരളമായേ ലഭിച്ചിട്ടുള്ളൂ. എന്നാൽ ലഭിച്ച അവസരം അദ്ദേഹം അതിന്റെ പൂർണതയിലെത്തിച്ചു.
മാടമ്പി സിനിമയിലെ കരയോഗം പ്രസിഡന്റ് ദിവാകരൻ നായരായി അദ്ദേഹം നടത്തിയ വേഷപ്പകർച്ച പത്തനംതിട്ട ജില്ലക്കാർക്ക് എന്നും ഓർമയിൽ വെക്കാവുന്നതാണ്. അദ്ദേഹത്തിന് ലഭിച്ച ഭൂരിഭാഗം കഥാപാത്രങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയിൽ സംസാരിക്കാൻ സാധിക്കുന്നതാണ്.
തൃശ്ശൂർശൈലി കലരാതെ സംസാരിക്കുന്ന ഇന്നസെന്റ് കഥാപാത്രങ്ങളെ കണ്ടെത്താൻ പ്രയാസമാണ്. ഇന്നസെന്റ് ഓർമിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങളുണ്ട് എന്നാൽ പത്തനംതിട്ടക്കാർക്ക് അദ്ദേഹത്തെ സ്നേഹത്തോടെ ഓർക്കുമ്പോൾ ഇലന്തൂർ സ്വദേശികൂടിയായ ബി. ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനംചെയ്ത 'മാടമ്പി' സിനിമയിലെ ദിവാകരൻ നായർക്ക് പ്രത്യേക സ്ഥാനം ഉണ്ടാവും.
സിനിമയുടെ പശ്ചാത്തലം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്. കഥാപാത്രങ്ങളെല്ലാം ജില്ലയുടെ സംസാരശൈലിയിൽ സംസാരിക്കുന്ന ചിത്രത്തിൽ ഈ ഇരിങ്ങാലക്കുടക്കാരനെത്തിയപ്പോൾ ആർക്കും മുഖംചുളിക്കാൻ അവസരം നൽകിയില്ല. സംസാരശൈലിയിൽ മാത്രമല്ല വേഷത്തിലും ഭാവത്തിലുമെല്ലാം പത്തനംതിട്ടക്കാരനായി അപ്പോഴും കരയോഗം പ്രസിഡന്റ് ടി.പി.വി. കുറുപ്പെന്ന അഴകിയ രാവണൻ സിനിമയിലെ പൊങ്ങച്ചക്കാരനായ കഥാപാത്രവുമായി ആവർത്തനത്തിന് അവസരം കൊടുക്കാതെയാണ് അദ്ദേഹം അഭിനയിച്ചത്. "ഇന്ന് ഗ്രഹണമാന്നോ ഞാഞ്ഞൂളും തലപൊക്കുന്നു" എന്ന സംഭാഷണം ഏറെ ശ്രദ്ധ നേടിയതാണ്. അതിലെ ശൈലി തനി നാട്ടുമ്പുറത്തുകാരൻ പറയുംപോലെതന്നെ. ഇന്നസെന്റ് സ്നേഹിക്കുന്ന പത്തനംതിട്ടക്കാരുടെ മനസ്സിൽ എന്നുമുണ്ടാവും കരയോഗം പ്രസിഡന്റ് ദിവാകരൻ നായർ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..