ചെളിക്കുഴി-ഇളമണ്ണൂർ റോഡ്. കൊല്ലം ജില്ലയിലെ ഭാഗം
കുന്നിട : നിറയെ ഭൂപട മാതൃകകളാൽ അലംകൃതമാണ് ചെളിക്കുഴിയിൽനിന്ന് കുന്നിടവഴി ഇളമണ്ണൂർക്കുള്ള റോഡ്. എന്നാൽ, പൂർണമായും അങ്ങനെയല്ല. കാരണം ഈ റോഡിന്റെ കൊല്ലം ജില്ലയിൽ ഉൾപ്പെടുന്ന ഭാഗത്തെ ഭൂപടങ്ങൾ മായ്‌ച്ചിരിക്കുന്നു.
അതായത്, കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര പ്രദേശത്തുള്ള റോഡ് ടാർ ചെയ്ത് നന്നാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഭാഗത്ത് ഒരുപണിയും തുടങ്ങിയിട്ടില്ല. എനാദിമംഗലം പഞ്ചായത്തിന്റെ 12-ാം വാർഡ് കുന്നിട പടിഞ്ഞാറിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. വർഷങ്ങൾക്കുമുമ്പ് ജില്ലാ പഞ്ചായത്ത് ടാർ ചെയ്തതാണ് ഈ റോഡ്. പിന്നീട് ടാറിങ് നടന്നിട്ടില്ല.
ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിന്റെ അവസ്ഥയിൽ ബുദ്ധിമുട്ടുന്നത് കുന്നിട പ്രാദേശവാദികൾ മാത്രമല്ല. പുതുവൽ, പട്ടാഴി, കിൻഫ്ര പാർക്ക്, സ്വകാര്യ മെഡിക്കൽ കോളേജ് തുടങ്ങിയിടത്തേക്കെല്ലാം പോകുന്നവർ ബുദ്ധിമുട്ടുകയാണ്. ഇരുചക്ര വാഹനയാത്രികർ ഇടയ്ക്കിടെ ഇവിടെ അപകടത്തിൽപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിലേ ഓടുന്ന വാഹനങ്ങൾക്ക് സ്ഥിരമായി പണികളാണെന്നും പരാതിയുണ്ട്. കുന്നിട ജങ്ഷനിൽനിന്ന് അരക്കിലോമീറ്റർ മാറിയുള്ള വട്ടക്കുന്ന് ഭാഗമാണ് ഏറെ മോശമായി കിടക്കുന്നത്.
ടെൻഡറായി; പണി തുടങ്ങിയില്ല
ഏനാദിമംഗലം പഞ്ചായത്ത് ഈ റോഡിന്റെ പണിക്കായി 22 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
അതിന്റെ ടെൻഡർ നടപടികളും പൂർത്തിയായി. എന്നാൽ, കരാറുകാരൻ പണി തുടങ്ങാത്തതാണ് പ്രശ്നമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പണിക്ക് ആവശ്യമായ സാധനങ്ങളുടെ ലഭ്യതക്കുറവാണ് കാരണമായി പറയുന്നതെന്നും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..