ബസിൽ കുടുങ്ങിയ അയ്യപ്പന്മാരെ പുറത്തെടുക്കുന്നു
ഇലവുങ്കൽ : നല്ല ഇറക്കമിറങ്ങുമ്പോൾ ഗിയർമാറ്റി ന്യൂട്രലിൽ ഇട്ടതാണ് ഇലവുങ്കലിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിലേക്ക് നയിച്ചത്. മോട്ടാർ വാഹന വകുപ്പ് പലതവണ ശബരിമല റൂട്ടിൽ വരുന്ന വാഹനങ്ങൾക്ക് കൊടുക്കാറുള്ള നിർദേശമാണിത്. ഇറക്കം ന്യൂട്രലിൽ ഇറങ്ങുമ്പോൾ എയർ ബ്രേക്കിന്റെ ഡ്രമ്മിൽ എയർ ഗണ്യമായി കുറയും. ഇങ്ങനെ കുറയുമ്പോൾ ബ്രേക്ക് കിട്ടാതെ വരും. ഇലവുങ്കലിൽനിന്ന് ഇറക്കം തുടങ്ങിയപ്പോൾ തന്നെ ഈ ബസ് ന്യൂട്രലിൽ ആയെന്നുവേണം കരുതാനെന്നാണ് പത്തനംതിട്ട ആർ.ടി.ഒ. എ.കെ. ദിലു പറയുന്നത്. പരിശോധിച്ചപ്പോൾ ബസ് ന്യൂട്രലിൽ ആയിരുന്നു. എയർ ഡ്രമ്മിൽ എയറും ഇല്ലായിരുന്നു.
ബ്രേക്ക് കിട്ടാതായപ്പോൾ വലതുവശത്തേക്ക് പരമാവധി ഒതുക്കാനാണ് ഡ്രൈവർ ശ്രമിച്ചത്. ഈ വശത്തെ കൈയാലയിൽ ഇടിപ്പിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും അതിവേഗം ഉരുണ്ട് കുഴിയിലേക്ക് വീണു. ബസിന്റെ വാതിൽ ഭാഗം അടിവശത്ത് ആകാതിരുന്നതാണ് പരിക്കേറ്റവരെ പുറത്തെടുക്കാൻ എളുപ്പമായത്.
ഓടിയെത്തിയത് സന്തോഷും സംഘവും
ബസ് മറിഞ്ഞ വിവരം ഇലവുങ്കലിൽ നിൽക്കുകയായിരുന്ന അട്ടത്തോട് ഉതിമൂട്ടിൽ സന്തോഷ്, കൂട്ടുകാരായ ആർ.രാഹുൽ, സതീഷ് പമ്പാവാലി എന്നിവരേയും കൂട്ടി എത്തുകയായിരുന്നു. ബസിന്റെ ഹോൺ നിർത്താതെ മുഴങ്ങുന്നുണ്ടായിരുന്നു.
കുട്ടികളടക്കമുള്ളവരെ ഇവർ വലിച്ചുപുറത്തെടുത്തു തുടങ്ങുമ്പോഴേക്കും പോലീസും അഗ്നിരക്ഷാസേനയും എത്തി. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന സ്വാമിമാരുടെ കിടക്കവിരികൾ സ്‌ട്രെച്ചറുപോലെയാക്കിയാണ് പരിക്കേറ്റവരെ ആംബുലൻസുകളിലേക്ക് മാറ്റിയത്.
സ്വാമിമാർ അപകടത്തിൽപ്പെട്ട ബസിന്റെ തൊട്ടുപിന്നിലുണ്ടായിരുന്ന വയനാട് മീനങ്ങാടിയിൽനിന്നുള്ള സ്വാമിമാരാണ് അപകടവിവരം പോലീസിൽ വിളിച്ചറിയിച്ചത്. അവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സ്‌കൂട്ടറിൽ ഹെൽമെറ്റില്ലാതെ അപകടസ്ഥലത്ത്മൂന്നുപേർ കുടുങ്ങി
ഒരു സ്‌കൂട്ടറിൽ ഹെൽമെറ്റുവയ്ക്കാതെ മൂന്ന് പ്ലസ്ടു വിദ്യാർഥികൾ അപകടസ്ഥലത്ത് എത്തിയത് പോലീസ് പിടികൂടി. മന്ത്രി പി.പ്രസാദും സംഘവും മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴാണ് അവരുടെ മുന്നിലേക്ക് ഇവരെത്തിയത്. പോലീസ് ഇവരെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. പിഴ അടപ്പിക്കുകയുംചെയ്തു.
അയ്യപ്പൻമാർക്ക് സ്വാമി തന്നെ ശരണം...
പത്തനംതിട്ട : മാസപൂജാസമയത്ത് ആയിരക്കണക്കിന് തീർഥാടകർ സഞ്ചരിക്കുന്ന ശബരിമലപാതയിൽ മോട്ടോർവാഹനവകുപ്പിന്റെ നിരീക്ഷണമേർപ്പെടുത്താത്ത് അപകടങ്ങൾക്ക് ഇടയാക്കുന്നു. സീസൺ സമയത്ത് സേഫ് സോൺ എന്ന പേരിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 420 കിലോമീറ്ററിൽ 24 മണിക്കൂറും മോട്ടോർ വാഹന വകുപ്പിന്റെ പട്രോളിങ് നടക്കുമായിരുന്നു. കൂടാതെ ഇലവുങ്കലിൽ താത്കാലിക സ്റ്റേഷൻ ക്രമീകരിച്ച് കൺട്രോൾ റൂമും പ്രവർത്തിച്ചിരുന്നു. എന്നാൽ, മകരവിളക്ക് കഴിയുന്നതോടെ ഇതെല്ലാം പൂട്ടിക്കെട്ടി സ്ഥലംവിട്ടു.
കൊടുംവളവുകൾ
വടശ്ശേരിക്കര റൂട്ടിൽ ഇലവുങ്കൽ വരെയുള്ള ഭാഗത്ത് ഏകദേശം കൊടുംവളവുകൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം വളവുകളും, എരുമേലി റൂട്ടിൽ ഇലവുങ്കൽ വരെയുള്ള ഭാഗത്ത് ഇരുപതോളം വളവുകളുമാണുള്ളത്. നിലയ്ക്കൽ മുതൽ പമ്പവരെ വേറെയും. ഇത്രയും ഭാഗങ്ങളിൽ സീസൺ സമയത്ത് അപകടമുന്നറിയിപ്പ് ബോർഡുകളും, റിഫ്ളക്ടറുകളും, വേഗനിയന്ത്രണ ബോർഡുകളും മറ്റും മോട്ടോർ വാഹനവകുപ്പ് സ്ഥാപിക്കും. എന്നാലിത്, സീസൺ കഴിയുമ്പോൾ അഴിച്ചുമാറ്റും. വിവിധ ഇടങ്ങളിലെ പട്രോളിങ്, ക്യാമറ നിരീക്ഷണം എന്നിവയും ഒഴിവാക്കും. ഫ്ലൂറസെന്റ് കളർ ലൈനുകളും മാറ്റിയിട്ടുണ്ട്.
സ്ഥിരം സ്റ്റേഷനില്ല
സേഫ് സോണിനായി ഇലവുങ്കലിൽ മോട്ടോർ വാഹനവകുപ്പിന് സ്ഥിരം സ്റ്റേഷൻ വേണമെന്ന് കഴിഞ്ഞ രണ്ട് അവലോകന യോഗത്തിലും പ്രമോദ് നാരായൺ എം.എൽ.എ. ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യത്തിൽ ഇതുവരെ ഒരുനടപടിയും ഗതാഗതവകുപ്പിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല.
നിലവിൽ ഇലവുങ്കലിനും ളാഹയ്ക്കുമിടയിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് വേഗമില്ല. എല്ലാ സജ്ജീകരണങ്ങൾ ഉണ്ടായിട്ടും സഹായം വൈകി എത്തിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. സമാന അപകടങ്ങൾ മാസപൂജസമയത്ത് ഉണ്ടായാൽ രക്ഷാപ്രവർത്തനം വളരെ ദുഷ്കരമാകും. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ ആംബുലൻസിനായി കാത്തുനിൽക്കണം. പിന്നെ പത്തനംതിട്ട, എരുമേലി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽനിന്നുവേണം എത്തിക്കാൻ.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ
: തമിഴ്നാട് സ്വദേശികളായ വിഴിപ്പുറം ടൗൺ ചന്ദ്രശേഖർ (65), തേരഴണ്ടൂർ രംഗനാഥൻ (82), മയിലാടുംതുറ സ്വദേശികളായ പെരുമാൾ, നോർത്ത് സ്ട്രീറ്റ്, ബാലാജി (24), മേലാപ്പതി മുതുകുമാർ നഗർ സുരേഷ് (36), മകൾ തൻഷിക എട്ട്, തഞ്ചാനഗർ മെയിൻ റോഡ് ദിവാകർ (23), ഉത്രപതി (46), ഡ്രൈവർ കുംഭകോണം സ്വദേശി ബാലസുബ്രഹ്മണ്യം (46), മൈലാടുംതുറ സ്വദേശികളായ സുരേഷ് (43), ഭാസ്കർ (52), സുബസ്തി (ഒൻപത്), സൂര്യാംബനാഥ് (എട്ട്), ആർ.കുമാർ (45), കനേഷ് കുമാർ (45).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..