• കോയിപ്രം പഞ്ചായത്ത് ഓഫീസിന്റെ സമീപം പ്രവർത്തിക്കുന്ന കടയുടെ സീലിങ് തീ കെടുത്താനായി പൊളിച്ചുമാറ്റിയ നിലയിൽ
പുല്ലാട് : കോയിപ്രം പഞ്ചായത്ത് ഓഫീസിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിന്റെ മുൻപിലുള്ള സീലിങ്ങിനുള്ളിലെ വയറുകൾക്ക് ഷോട്ട്സർക്യൂട്ട് മൂലം തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-നാണ് തീപിടിത്തമുണ്ടായത്. തീ പെട്ടെന്നുതന്നെ കെടുത്തിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായില്ല. അപകടത്തിൽ ആർക്കും പരിക്കില്ല.
പഞ്ചായത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തുള്ള കടയുടെ സീലിങ്ങിനുള്ളിൽനിന്നാണ് തീയും പുകയും ഉയർന്നത്. പതിനേഴാം വാർഡംഗം കൂടിയായ റോസയാണ് തീ ആദ്യം കാണുന്നത്. ഈ സമയം പഞ്ചായത്തിന്റെ ഒന്നാംനിലയിൽ ബജറ്റ് അവതരണവും, ഏറ്റവും മുകളിലുള്ള ഓഡിറ്റോറിയത്തിൽ അങ്കണവാടി ജീവനക്കാരുടെ ശില്പശാലയും നടക്കുകയായിരുന്നു.
തീപിടിത്തസമയത്ത് പഞ്ചായത്ത് കെട്ടിടത്തിൽ ജീവനക്കാർ ഉൾപ്പെടെ 150 ആളുകളുണ്ടായിരുന്നു. വളരെ പെട്ടെന്നുതന്നെ പുക കെട്ടിടത്തിൽ ആകെ വ്യാപിച്ചു. കടയിലെ ജീവനക്കാരി പെട്ടെന്നുതന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്തതിനാൽ തീ കൂടുതൽ വ്യാപിച്ചില്ല.
പഞ്ചായത്തിലെ തൊഴിലുറപ്പ് ഓവർസിയർ സി.പി. അനൂപ്, ജീവനക്കാരായ അരുൺ, ജോഷി, പഞ്ചായത്തിന് എതിർവശം കോമൺ സർവീസ് സെന്റർ നടത്തുന്ന ബിനേഷ് എന്നിവർ ചേർന്ന് കടയുടെ മുൻപിലുള്ള സീലിങ് പൊളിച്ച് തീ കൂടുതൽ വ്യാപിക്കുന്നതിന് മുമ്പ് അഗ്നിശമന ഉപകരണം ഉപയോഗിച്ച് കെടുത്തി.
കെട്ടിടത്തിലാകെ പുക വ്യാപിച്ചതിനാൽ ശ്വാസംമുട്ടലും വിമ്മിഷ്ടവും അനുഭവപ്പെട്ടെങ്കിലും എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനായി. കോയിപ്രം പോലീസ് ഗ്രേഡ് എസ്.ഐ. താഹ കുഞ്ഞിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിരുന്നു. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരായ നിഖിൽ, അരുൺ അശോക് എന്നിവർ പെട്ടെന്നുതന്നെ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..