പഴവങ്ങാടി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സും ഓഫീസും നിർമിക്കാൻ പദ്ധതി തയ്യാറാക്കിയ സ്ഥലം
റാന്നി : പഴവങ്ങാടി പഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ആസ്ഥാനമന്ദിരം, ഒപ്പം ഒരു ഷോപ്പിങ് കോംപ്ലക്‌സും. അതും ടൗണിലെ തിരക്കേറിയ ഇട്ടിയപ്പാറയിൽ സംസ്ഥാനപാതയരികിൽ. പദ്ധതിക്ക് ആലോചന തുടങ്ങിയിട്ട് കാലം കുറെയായി. ഭരണം മാറുമ്പോൾ പദ്ധതികൾ മാറിവന്നു. കൂടുതൽ വിപുലമായി. എന്നാൽ, ഒന്നും യാഥാർഥ്യമായില്ല.
ഒരിക്കൽ കാർഷിക വിപണനകേന്ദ്രമടക്കമുള്ള വലിയ പദ്ധതിയായി മാറി. പ്രാഥമിക നടപടികൾ കുറച്ചൊക്കെ നടന്നെങ്കിലും അവിടെയും ഒന്നും സംഭവിച്ചില്ല. വീണ്ടും ഭരണം മാറിയപ്പോൾ ഷോപ്പിങ് കോംപ്ലക്‌സും ആസ്ഥാനമന്ദിരവും ഉൾപ്പെടുന്ന മൂന്നുനില മന്ദിരമെന്ന പദ്ധതിയായി മാറി. അതും പ്ലാനിലും മണ്ണ് പരിശോധനയിലും ഒതുങ്ങി. നിരപ്പാക്കിയ സ്ഥലം ഇപ്പോൾ വാഹന പാർക്കിങ്ങിനും പൊതു സമ്മേളനങ്ങൾക്കുമായി മാറിയിരിക്കുന്നു.
2010-15 യു.ഡി.എഫ്. ഭരണകാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപം ഇട്ടിയപ്പാറ മാർക്കറ്റിനോടുചേർന്ന് സംസ്ഥാന പാതയരികിൽ കെട്ടിടം പണിയാനായിരുന്നു പദ്ധതി. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഓഫീസിനാവശ്യമായ സ്ഥലസൗകര്യങ്ങളില്ല. ഇതിന് പരിഹാരം കാണുന്നതിനായാണ് പുതിയ ആസ്ഥാന മന്ദിരമെന്ന പദ്ധതിയിലേക്ക് നീങ്ങിയത്. എന്നാൽ, അന്നും ചില നടപടികൾ നീക്കിയതൊഴിച്ച് ഒന്നും നടന്നില്ല. പിന്നീട് എൽ.ഡി.എഫ്. ഭരണകാലത്ത് കാർഷിക വിപണനകേന്ദ്രം, ഷോപ്പിങ് കോംപ്ലക്‌സ് അടക്കം വലിയ പദ്ധതിയാണ് ആലോചിച്ചത്. കുറെ പേപ്പർ ജോലികൾ നീങ്ങിയതൊഴിച്ചാൽ കാഴ്ചയിൽ ഒന്നും മാറിയിട്ടില്ല.
2020-ൽ വീണ്ടും യു.ഡി.എഫ്. അധികാരത്തിലെത്തിയപ്പോൾ മൂന്നുനിലക്കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ടു. ഇതിന്റെ താഴത്തെ നില ഷോപ്പിങ് കോംപ്ലക്‌സിനായി വിനിയോഗിക്കാനായിരുന്നു ലക്ഷ്യം. മുകളിൽ ഓഫീസും ഇതിനായി പ്ലാൻ തയ്യാറാക്കി. പാർക്കിങ്ങിനായി കൂടുതൽ സ്ഥലം ഉൾപ്പെടുത്തണമെന്ന്് ഭരണസമിതി ആവശ്യപ്പെട്ടതിനെത്തുടർന്ന് പ്ലാനിൽ മാറ്റം വരുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.
വില്ലനായെത്തി ജപ്തി നോട്ടീസ്
പദ്ധതി നടപടികളുമായി മുമ്പോട്ടുപോകുമ്പോഴാണ് ആസ്ഥാനമന്ദിരം പണിയാൻ ഉദ്ദേശിച്ചിരുന്നതടക്കം ഒന്നര ഏക്കറോളം പഞ്ചായത്ത് വക സ്ഥലത്തിന് ജപ്തി നോട്ടീസ് ലഭിച്ചത്. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന സ്ഥലവും മാർക്കറ്റും അതിനോടുചേർന്നുള്ള സ്ഥലവുമാണ് ഇതിൽ പെടുത്തിയിട്ടുള്ളത്. കെ.എസ്.ആർ.ടി.സി. ബസ്‍സ്റ്റാൻഡിനടക്കം സ്ഥലം ഏറ്റെടുത്തതിൽ കുടിശ്ശിക നൽകാനുണ്ടെന്ന സ്ഥലം ഉടമയുടെ പരാതിയിലായിരുന്നു ജപ്തി നോട്ടീസ് പതിച്ചത്.
കെട്ടിടം നിർമിക്കാൻ നബാർഡിൽനിന്നോ മറ്റോ വായ്പയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. ഇതുകാരണം പദ്ധതി ഉപേക്ഷിക്കണ്ട സ്ഥിതിയിലെത്തി നിൽക്കുകയാണ്. സ്ഥലം ഏറ്റെടുത്തത് പഞ്ചായത്തിനുവേണ്ടിയല്ലെന്നും കെ.എസ്.ആർ.ടി.സി.യോ പൊതുമരാമത്ത് വകുപ്പോ, കുടിശ്ശിക അടയ്ക്കണമെന്നുമാണ് പഴവങ്ങാടി പഞ്ചായത്ത് ആവശ്യപ്പെടുന്നത്. എന്തായാലും ഇതിലൊരു തീരുമാനമുണ്ടാകുംവരെ ആസ്ഥാനമന്ദിരത്തിന്റെ ഫയൽ മടക്കിവെയ്ക്കുക മാത്രമാണ് മാർഗം. അവിടെ വാഹന പാർക്കിങ്ങും ചെറിയ മേളകളും പൊതുസമ്മേളനങ്ങളും തുടരട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..