പന്തളം വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിന് സമീപമുള്ള പഴയ കെട്ടിടം. വികസനപ്രവർത്തനങ്ങൾക്കുള്ള സ്ഥലം കണ്ടെത്താനാകുന്നത് ഇവിടെയാണ്
പന്തളം : അടിസ്ഥാന സൗകര്യങ്ങളില്ലാതെ തീർഥാടകർ ബുദ്ധിമുട്ടിയിരുന്ന പന്തളത്ത് ദേവസ്വം ബോർഡ് ബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ പന്തളത്ത് തീർഥാടന വികസനത്തിന് പ്രതീക്ഷ നൽകുന്നു. അടിസ്ഥാനസൗകര്യംമുതൽ ഒരുക്കേണ്ട സ്ഥലമാണ് ശബരിമലയുടെ മൂലസ്ഥാനവും പ്രധാന ഇടത്താവളവുംകൂടിയായ പന്തളം. വർഷങ്ങളായുള്ള ഭക്തരുടെയും ഉപദേശക സമിതിയുടെയും ആവശ്യങ്ങൾ നടപ്പാകുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോർഡിന്റെ പുതിയ ബജറ്റിലെ തീരുമാനം.
ആലോചനാ യോഗങ്ങളും പദ്ധതികളും എല്ലാവർഷവും നേരത്തേതന്നെ തയ്യാറാക്കാറുണ്ടെങ്കിലും എല്ലാ വർഷവും അതത് വർഷത്തെ തട്ടിക്കൂട്ടലുകളാണ് പന്തളത്ത് നടക്കുന്നത്. ഒരുക്കങ്ങൾക്കായി ഒരുവർഷം കാത്തിരുന്ന് ഒടുവിൽ പത്ത് ദിവസംകൊണ്ട് എല്ലാം തട്ടിക്കൂട്ടി തലയൂരുന്ന രീതി തുടരുന്നതാണ് എക്കാലത്തെയും പന്തളത്തെ പ്രശ്നം. പ്രധാന ഇടത്താവളമായ പന്തളം ഇപ്പോഴും അടിസ്ഥാന സൗകര്യമൊരുക്കുന്ന കാര്യത്തിൽ പിന്നിൽത്തന്നെയാണ്. പന്തളമെന്ന പുണ്യ ഭൂമിയിൽ തൊട്ടുതൊഴുത് തിരുവാഭരണങ്ങൾ ദർശിച്ച് മടങ്ങാനെത്തുന്നവർക്ക് ഈ മണ്ണിൽ കാലുകുത്തുമ്പോൾമുതൽ അസൗകര്യങ്ങളുടെ ബുദ്ധിമുട്ടാണ് സഹിക്കേണ്ടിവരുന്നത്.
ശബരിമല തീർഥാടകർക്ക് വേണ്ടതും അവർ ആഗ്രഹിക്കുന്നതും ചെറിയ സൗകര്യങ്ങൾ മാത്രമാണ്. ഭക്ഷണത്തിനും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യമായാൽത്തന്നെ അവർ സംതൃപ്തരാകും. അതെങ്കിലും ചെയ്തുകൊടുക്കാൻ വകുപ്പുകൾ ശ്രമിക്കുന്നില്ലെന്നതാണ് പ്രശ്നം. വാഹനത്തിലെത്തിയാൽ അത് നിർത്തിയിടാനുള്ള മാർഗം, കുളിക്കാനുള്ള സൗകര്യം, ശൗചാലയം, ഭക്ഷണത്തിനും വിശ്രമത്തിനും സൗകര്യം എന്നിവയാണ് പന്തളത്ത് പ്രധാനമായും വേണ്ടത്. ഇതുപോലും ചെയ്തുകൊടുക്കാൻ കഴിയാതെവന്നാൽ മറുനാട്ടുകാർ ഇവിടേക്ക് എത്താൻതന്നെ മടിക്കും.
താത്കാലിക സൗകര്യമൊരുക്കാനുള്ള കെട്ടിടങ്ങളുടെയും സ്ഥലത്തിന്റെയും അപര്യാപ്തതപോലും പന്തളത്തുണ്ട്. വാഹനങ്ങൾ നിർത്തിയിടാനുള്ള സൗകര്യം, ശൗചാലയം എന്നിവ വളരെ പ്രധാനമാണ്. അന്നദാനമണ്ഡപത്തോടുചേർന്ന് വിരിവെയ്ക്കാനായി പണിത പഴയ കെട്ടിടം പൊളിച്ചുനീക്കി അവിടെ വേണ്ട സൗകര്യം ഒരുക്കാൻ പദ്ധതിയിട്ടിരുന്നതും നടപ്പായിട്ടില്ല.പന്തളത്തിന് ലഭിച്ച അംഗീകാരത്തിന് അഭിനന്ദനം
പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ട പരിഗണന നൽകുകയും രണ്ടുകോടി രൂപ ബജറ്റിൽ ഇതിനായി മാറ്റിവെയ്ക്കുകയും ചെയ്ത ദേവസ്വം ബോർഡിന് അഭിനന്ദനം. വർഷങ്ങളായുള്ള ഭക്തരുടെയും ഉപദേശക സമിതിയുടെയും ആവശ്യത്തിനാണ് ബോർഡ് പ്രസിഡന്റ് മുൻകൈയെടുത്ത് ബജറ്റിൽ തുക മാറ്റിവെച്ചത്. തീർഥാടന കാര്യത്തിൽ പന്തളത്തിന്റെ മുഖച്ഛായ മാറ്റാൻ ഈ പദ്ധതിക്ക് കഴിയും
ജി.പൃഥ്വിപാൽ, വലിയകോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..