• പുനരാരംഭിച്ച റാന്നി-തിരുവനന്തപുരം സ്റ്റേ സർവീസ് ചിറയിറമ്പ് ജങ്‌ഷനിൽ ജില്ലാപഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിനോയ്, ഗ്രാമപ്പഞ്ചായത്ത് അംഗം റെൻസിൻ കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
കോഴഞ്ചേരി : റാന്നിയിൽനിന്ന് അയിരൂർ കഥകളി ഗ്രാമം വഴി കുറിയന്നൂർ-കോഴഞ്ചേരി-ആറന്മുള-പന്തളം-അടൂർ വഴി തിരുവനന്തപുരത്തിന് പോകുന്ന ദീർഘദൂര സർവീസ് പുനരാരംഭിച്ചു.
1983-ൽ മാരാമൺ, ചെറുകോൽപ്പുഴ കൺെവൻഷനുകൾക്ക് പ്രാധാന്യം നൽകി ആരംഭിച്ച തിരുവനന്തപുരം-ചെറുകോൽപ്പുഴ സ്റ്റേ സർവീസ് കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ നിരവധി ആളുകൾക്ക് ചികിത്സ ഉൾപ്പെടെ ഉള്ള ആവശ്യങ്ങൾക്ക് തലസ്ഥാനത്ത് എത്താൻ ഉപകരിച്ചിരുന്നു. അയിരൂർ കഥകളിഗ്രാമത്തിലൂടെ കടന്നുപോകുന്ന ബസ് സർവീസ് അയിരൂരിന്‍റെ ടൂറിസം വികസനത്തിനും മുതൽക്കൂട്ടാകും.
ആദ്യ കാലഘട്ടത്തിൽ തിരുവനന്തപുരം ഡിപ്പോ ആയിരുന്നു ഈ സർവീസ് ഓപ്പറേറ്റ് ചെയ്തത്. പിന്നീട് അടൂർ ഡിപ്പോയിലേക്ക് മാറ്റി. മലയോരപ്രദേശത്തെ ജനങ്ങളുടെകൂടി യാത്രാദുരിതം പരിഹരിക്കാനാണ് ഇപ്പോൾ റാന്നി ഡിപ്പോയിൽനിന്ന് സർവീസ് നടത്തുന്നത്.
റാന്നി ഡിപ്പോയിലേക്ക് സർവീസ് മാറ്റിയപ്പോൾ ചെറുകോൽപ്പുഴ സ്റ്റേ ഒഴിവാക്കി റാന്നിവരെ ബസ് ദീർഘിപ്പിച്ചിരുന്നു. കാലം ഇത്രയും കഴിഞ്ഞിട്ടും ഈ സർവീസ് മുടങ്ങാതെ നടത്താൻ കാലാകാലങ്ങളിൽ മാറി വരുന്ന ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി.യും പ്രത്യേകം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
മുട്ടുമൺ-ചെറുകൊൽപ്പുഴ-മാരാമൺ റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷത്തിന് മുകളിലായി ഈ സർവീസ് ചെറുകോൽപ്പുഴ പാലം വഴി ആയിരുന്നു സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ റോഡ് ടാറിങ്ങിന്റെ ആദ്യഘട്ടം കഴിഞ്ഞതിനാൽ ഏപ്രിൽ ഒന്നുമുതൽ ഈ സർവീസ് ചെറുകോൽപ്പുഴ-കുറിയന്നൂർ-തോണിപ്പുഴ-ചിറയിറമ്പ്-മാരാമൺ-നെടുംപ്രയാർ കോഴഞ്ചേരി വഴി യാത്ര പുനരാരംഭിച്ചു. ചിറയിറമ്പ് ജങ്‌ഷനിൽനിന്ന് പുലർച്ചെ 5.30-ന് നടന്ന ഹ്രസ്വമായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് അംഗം സാറാ തോമസ്, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിനോയ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റെൻസിൻ കെ.രാജൻ തുടങ്ങിയവർ സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..