പായലും പോളയും മൂടിക്കിടക്കുന്ന ഏഴംകുളം വല്യാംകുളം
ഏഴംകുളം : കുളങ്ങളാൽ സമൃദ്ധമായനാട്ടിൽ നവീകരണം കാത്ത് ഒരു കുളം. ഏഴംകുളം ഉടയാൻമുറ്റം ക്ഷേത്രത്തിന് സമീപം കനാൽ റോഡിനോട് ചേർന്നുള്ള വല്യാംകുളമാണ് പായലും പോളയും നിറഞ്ഞു കിടക്കുന്നത്. ഏഴംകുളം പഞ്ചായത്ത് 20-ാം വാർഡിൽ വരുന്ന ഭാഗമാണിത്. കുറച്ചുകാലം മുമ്പുവരെ പ്രദേശവാസികൾ കുളിക്കാനും വീട്ടാവശ്യങ്ങൾക്കും വെള്ളമെടുക്കാനുമൊക്കെ ഈ കുളം ഉപയോഗിച്ചിരുന്നു. പൊതുകുളം ആയതിനാൽ എല്ലാവർക്കും ഉപയോഗപ്രദമായിരുന്നു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും കാര്യമായ നവീകരണപ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ കുളം പതിയെ പായൽ മൂടിയെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോളിത് തീർത്തും ഉപയോഗശൂന്യമായി കിടക്കുകയാണെന്ന് നാട്ടുകാർ വ്യക്തമാക്കി. വേനൽ കടുത്തുവരുന്ന കാലമായതിനാൽ കുളം വൃത്തിയാക്കിയെടുത്താൽ സമീപപ്രദേശമുള്ളവർക്കെല്ലാം ഉപകാരപ്പെടുന്നതാണ്. അതുപോലെ ജലക്ഷാമം നേരിടുന്ന അടുത്തുള്ള പ്രദേശങ്ങളിലേക്ക് കുടിവെള്ള പദ്ധതിക്കായിട്ട് ഉപയോഗിക്കാൻ സാധിക്കുന്നത് കൂടിയാണ് ഈ വലിയകുളം. മുമ്പ് ഇവിടെനിന്ന് വാഹനങ്ങളിൽ എത്തി വെള്ളം ശേഖരിച്ചുപോകാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഉടൻ നവീകരിക്കും കുളം നവീകരിക്കാൻ കഴിഞ്ഞവർഷം തന്നെ ആലോചിച്ചിരുന്നതായി പഞ്ചായത്ത് അംഗം അറിയിച്ചു. എന്നാൽ പഞ്ചായത്തിലെ തന്നെ മറ്റൊരു കുളത്തിന്റെ നവീകരണത്തിനായി പണം വകയിരുത്തേണ്ടി വന്നതിനാലാണ് ഇതിന്റെ പണികൾ നടക്കാഞ്ഞതെന്നും. ഉടൻതന്നെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി വല്യാംകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തുമെനന്ന് വാർഡ് അംഗം എസ്. ഷീജ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..