കാടും ചെളിയും നീക്കംചെയ്തശേഷം കുളം വറ്റിക്കുന്നു
കോഴഞ്ചേരി : 25 വർഷത്തിലേറെയായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കുളത്തുമ്മാട്ട് കുളത്തിന് മോചനം. പ്രദേശത്തെ മാലിന്യംതള്ളൽ കേന്ദ്രമായിരുന്ന കുളവും പരിസരവും വൃത്തിയാക്കാനുള്ള നടപടികളും ആരംഭിച്ചു. വാർഡുമെന്പറും കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറുമായ റോയ് ഫിലിപ്പിന്‍റെ മേൽനോട്ടത്തിലാണ് കുളത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് കുളത്തിന്‍റെ പുനരുദ്ധാരണത്തിനായി പഞ്ചായത്ത് രണ്ടുലക്ഷം രൂപ അനുവദിക്കുന്നത്.
കുളത്തിലെ ചെളി നീക്കംചെയ്തശേഷം നിലവിൽ ഇടിഞ്ഞു വീഴാറായ നിലയിലുള്ള ചുറ്റുമതിലും പടിക്കെട്ടും പുനർനിർമിക്കും. കുളം നവീകരിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിനും ഒരുപരിധിവരെ പരിഹാരമാകും. അരനൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന കുളം കോളത്തറ അമ്പലത്തിന്റെ വകയായിരുന്നു. ക്ഷേത്രാവശ്യങ്ങളെക്കാളേറെ നാട്ടുകാരുടെ ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന കുളം പിന്നീട് പഞ്ചായത്തിന് കൈമാറുകയായിരുന്നു. കുളം സംരക്ഷിക്കേണ്ട ചുമതല പഞ്ചായത്തിനാണെങ്കിലും അധികൃതർ തിരിഞ്ഞു നോക്കാത്തതിനാൽ കുളത്തിൽ ചെളിനിറയുകയും പുല്ലുപിടിക്കുകയും ചെയ്തു. ആളുകൾ കുളത്തിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതോടെ കുളം ഉപയോഗശൂന്യമായി
വൃത്തിയാക്കിയത് 25 വർഷം അനാഥമായി കിടന്ന കുളംഇരുപത്തിയഞ്ചുവർഷം മുമ്പ് പ്രദേശവാസിയായ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചിരുന്നു. ഇതേത്തുടർന്ന് ആളുകൾ കുളം ഉപയോഗിച്ചിരുന്നില്ല. കുളം ഉപയോഗശൂന്യമായതോടെ ചെളികയറുകയും വശങ്ങളിലെ കൽക്കെട്ടുകളിടിയുകയും രാത്രികാലങ്ങളിൽ ആളുകൾ വാഹനങ്ങളിലെത്തി മാലിന്യം വലിെച്ചറിയാൻ ആരംഭിക്കുകയും ചെയ്തു.കഴിഞ്ഞവർഷം തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കുളം നവീകരിക്കാൻ നീക്കം നടന്നെങ്കിലും നിർമാണ വസ്തുക്കൾക്കുള്ള പണം ലഭിക്കാത്തതിനാൽ പദ്ധതി മുമ്പോട്ടുപോയില്ല. വീടുവെയ്ക്കാനായി പ്രദേശത്തെ കുളങ്ങൾ നികത്തിയതുമൂലമാണ് വെള്ളം കെട്ടിക്കിടന്ന് മേഖലയിൽ തുടർച്ചയായി രണ്ടുതവണ വെള്ളപ്പൊക്കമെത്തിയതെന്ന് പ്രദേശവാസികളും സമ്മതിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..