മണ്ണുപരിശോധന പൂർത്തിയാക്കാൻ രണ്ടുമാസം; എന്ന് പണിയും പുതമൺ പാലം


2 min read
Read later
Print
Share

പുതമൺപാലം താത്കാലികമായി അടച്ചിട്ടിരിക്കുന്നു

കോഴഞ്ചേരി : ബീം ഒടിഞ്ഞ് അപകടാവസ്ഥയിലായ പുതമൺ പാലത്തിന്‍റെ പുനർ നിർമാണവും ത്രിശങ്കുവിലായി. കേരള റോഡ് ഫണ്ട് ബോർഡിനാണ് പാലത്തിന്‍റെ നിർമാണ ചുമതല. പാലം അപകടാവസ്ഥയിലായതുമൂലം ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. പാലം പൊളിച്ച് പുതിയത് പണിയണമെന്നാണ് പൊതുമരാമത്തുവകുപ്പ് പാലം വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പരിശോധന നടത്തിയശേഷം തീരുമാനിച്ചത്. എന്നാൽ പാലം നിർമാണത്തിന്‍റെ മുന്നോടിയായി നടന്ന മണ്ണുപരിശോധനയുടെ റിപ്പോർട്ട് വൈകിയതോടെ പാലത്തിന്‍റെ ഘടന സംബന്ധിച്ച രൂപരേഖ വരയ്ക്കുന്നതടക്കമുള്ള പ്രവൃത്തികൾ വൈകി.

അപകടസാധ്യതയേറെ

പ്രദേശവാസികളുടെ ദുരിതം മനസ്സിലാക്കി ഓട്ടോറിക്ഷയ്ക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാനുള്ള അനുമതി നൽകിയെങ്കിലും ഈ അനുമതി ഭാരവാഹനങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ചെറിയവാഹനങ്ങൾക്ക് കടന്നുപോകാനുള്ള അനുമതി ലഭിച്ചതോടെ മണ്ണുകയറ്റിപോകുന്ന ലോറിയടക്കമുള്ള വാഹനങ്ങൾ ബലക്ഷയം സംഭവിച്ച പാലത്തിലൂടെ കടന്നുപോകുന്ന സ്ഥിതിയാണ്.

പ്രദേശവാസികൾക്ക് യാത്രാദുരിതം

നിലവിൽ റാന്നിയിൽനിന്ന്‌ കോഴഞ്ചേരിക്കുള്ള ബസുകൾ ഇപ്പോൾ കീക്കൊഴൂർ, പേരൂച്ചാൽ പാലത്തിലൂടെ മറുകരയിലെത്തി ചെറുകോൽപ്പുഴ-റാന്നി റോഡിലൂടെയാണ് പോകുന്നത്. ഇതോടെ കീക്കൊഴൂർ മുതൽ മേലുകരവരെയുള്ള ഭാഗത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. നാലും അഞ്ചും കിലോമീറ്ററുകൾ നടന്നാണ് പലരും അടുത്ത ബസ് സ്റ്റോപ്പുകളിൽ എത്തുന്നത്. ജനുവരി 25-ന് വൈകീട്ടാണ് പുതമൺ പാലത്തിൽ വിള്ളൽ കണ്ടെത്തിയത്. തുടർന്ന് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാലത്തിന്റെ മധ്യഭാഗത്തെ രണ്ട് ബീമുകൾ പൊട്ടിയതായി കണ്ടെത്തുകയായിരുന്നു. വാഹനങ്ങൾ കടത്തിവിടുന്നത് അപകടത്തിന് സാധ്യതയുള്ളതിനാൽ ഉടൻ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയുംചെയ്തു. ആകെ രണ്ട് ബസുകൾ മാത്രമാണ് നിലവിൽ ഇതുവഴി സർവീസ് നടത്തുന്നത്. ഇരുചക്രവാഹനങ്ങൾ കടന്നുപോകാൻ അനുമതിയുണ്ടെങ്കിലും അതും താത്കാലികമാണ്. പാലത്തിന് സമീപം സമാന്തരപാലം വരുമെന്ന് പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അതും നടന്നില്ല.

ബസ് സർവീസുകൾ വേണം

ഗതാഗത പ്രതിസന്ധി ബാധിച്ചത് സാധാരണക്കാരെ. കോഴഞ്ചേരി-റാന്നി റോഡിലെ അപകടത്തിലായ പുതമൺ പാലത്തിന് പകരം പുതിയ പാലം നിർമിക്കുന്നതുവരെ യാത്രാദുരിതം പരിഹരിക്കാൻ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

പുതമൺ പാലത്തിന് ബദലായി കോഴഞ്ചേരിക്ക് രണ്ട് റൂട്ടുകളുണ്ടെങ്കിലും ഇവ രണ്ടും പ്രയോജനപ്പെടുത്താനാകുന്നില്ല. അന്ത്യാളംകാവ് റൂട്ടിൽ പൈപ്പുകളിടുന്നതുമൂലം ബസ് സർവീസുകൾ നടത്താനാകില്ല. ചാക്കപ്പാലം കൂട്ടത്തോട് റോഡിൽ പി.ഐ.പി. പാലം ഗതാഗതത്തിന്‌ തടസ്സമായിനിൽക്കുന്നു. പുതമണ്ണിൽനിന്ന് കൊട്ടിഘോഷിച്ച് യാത്ര തുടങ്ങിയ സ്വകാര്യ സർവീസ് കൺവെൻഷനു ശേഷം നിർത്തിയതും പ്രതിസന്ധിയായി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..