കോഴഞ്ചേരി അഞ്ചാം വാർഡിൽ പാന്പാടിമൺ ക്ഷേത്രത്തിനുസമീപം വേനൽമഴയിൽ ഉണ്ടായ വെള്ളക്കെട്ട്
കോഴഞ്ചേരി : റോഡുനിർമാണത്തിലെ അശാസ്ത്രീയതമൂലം മഴക്കാലത്ത് ഓട നിറഞ്ഞ് വീടുകളിലും കടകളിലും വെള്ളംകയറി നാശനഷ്ടം പതിവായിട്ടും നടപടിയെടുക്കാതെ അധികൃതർ. കോഴഞ്ചേരി അഞ്ചാം വാർഡിൽ പാന്പാടിമൺ ക്ഷേത്രത്തിന് മുൻവശത്തെ റോഡിലാണ് ചെറിയമഴയ്ക്ക് പോലും വെള്ളപ്പൊക്കം പതിവാകുന്നത്. കിഫ്ബി പദ്ധതിയിൽപെടുത്തി അത്യാധുനിക രീതിയിൽ നിർമിച്ച കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡിന്‍റെ ഭാഗമായ ഈ പാത 2020-ൽ 20.80 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തീകരിച്ചതാണ്. ആറന്മുള മണ്ഡലത്തിൽ കിഫ്ബി പദ്ധതിപ്രകാരം പൂർത്തീകരിച്ച ആദ്യത്തെ റോഡാണിത്. റോഡിന്റെ പൂർത്തീകരണത്തിലൂടെ മണ്ഡലകാലത്തു ശബരിമല തീർഥാടകർക്കും വാണിജ്യ ആവശ്യങ്ങൾക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന യാത്രക്കാർക്കും ഗതാഗത തടസ്സം ഉണ്ടാകാതെ സുഗമമായി യാത്രചെയ്യാനാണ് പദ്ധതി നടപ്പാക്കിയതെങ്കിലും പലഭാഗത്തും ഓടനിർമാണം ശരിയായ രീതിയിൽ നടന്നിട്ടില്ല.
വീട്ടിലേക്ക് വെള്ളം ഇരച്ചുകയറി ദുരിതം
വെള്ളക്കെട്ടുണ്ടാകുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്പോൾ സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറുന്നത് പതിവാണ്. വെള്ളം ഒരുപരിധിക്കുള്ളിൽ ഉയർന്നാൽ ഈ ഭാഗത്തെ കടകളിലേക്ക് വെള്ളം ഇരച്ചെത്തി കച്ചവടം തടസ്സപ്പെടും.
റോഡിനോട് ചേർന്നുള്ള വീടുകളിലേക്ക് വെള്ളംതെറിച്ച് നാശനഷ്ടങ്ങൾ ഉണ്ടാവുന്നതും പതിവാണ്. വെള്ളക്കെട്ടുണ്ടാകുന്പോൾ സാധാരണക്കാരായ ആളുകൾക്ക് നടന്ന് വീടുകളിലേക്ക് പോകാനോ അത്യാവശ്യസന്ദർഭങ്ങളിൽ മരുന്നും മറ്റും വാങ്ങാൻ പോകാനോ സാധിക്കാത്ത സ്ഥിതിയാണ്.
ചെളിനിറഞ്ഞ് ഓട
റോഡിന്‍റെ ഏതെങ്കിലും ഒരുവശത്തുമാത്രം നിർമിച്ചിരിക്കുന്ന വലുപ്പമില്ലാത്ത ഓടയിൽ ചെളികയറുന്നതാണ് വെള്ളം റോഡിൽ കെട്ടിക്കിടക്കാൻ കാരണം.
മഴ മണിക്കൂറുകളോളം നിന്നുപെയ്യുന്ന സാഹചര്യത്തിൽ നാലടി പൊക്കത്തിൽ വരെ റോഡിൽ വെള്ളം കയറുകയും കാൽനടക്കാർക്ക് ഇതുവഴി സഞ്ചരിക്കാനാവാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു.
റോഡിന്‍റെ മോശം അവസ്ഥ പഞ്ചായത്ത് -കിഫ്ബി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും കിഫ്ബി അസിസ്റ്റന്റ് എൻജിനീയറും സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തുകയും ചെയ്തെങ്കിലും തുടർപ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..