കോഴഞ്ചേരി 13-ാംവാർഡിൽ പ്രവർത്തിക്കുന്ന 82-ാംനമ്പർ അങ്കണവാടി
കോഴഞ്ചേരി : സ്വന്തം കെട്ടിടമെന്ന വലിയ സ്വപ്നവുമായി ഒരു അങ്കണവാടി. കോഴഞ്ചേരി പഞ്ചായത്തിലെ 13-ാംവാർഡിൽ പ്രവർത്തിക്കുന്ന 82-ാംനമ്പർ അങ്കണവാടിക്കാണ് സ്വന്തമായി സ്ഥലമോ, കെട്ടിടമോ ഇല്ലാത്തത്. കോഴഞ്ചേരി-തെക്കേമല റോഡിൽ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മൂന്നുവർഷമായി പ്രവർത്തിക്കുന്ന അങ്കണവാടി 18 വർഷം മുമ്പ് കോഴഞ്ചേരി ഗവ.ഹൈസ്കൂളിൽ 18 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചതാണ്. കാലപ്പഴക്കം കാരണം സ്കൂൾ പുനരുദ്ധരിക്കാൻ പദ്ധതി ഇട്ടതോടെ അങ്കണവാടി അവിടെനിന്ന് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റുകയായിരുന്നു.
കെട്ടിടത്തിന്റെ കാര്യത്തിൽ പഞ്ചായത്തിന്റെനിസ്സഹകരണം
പഞ്ചായത്ത് സ്റ്റേഡിയത്തിൽ പഞ്ചായത്തിന്‍റെ വക ഏതാനും കെട്ടിടങ്ങൾ വെറുതേ കിടന്ന് നശിക്കുന്പോഴും സ്വന്തമായി കെട്ടിടമില്ലാത്ത 82-ാം നന്പർ അങ്കണവാടിയെപ്പറ്റി ചിന്തിക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ല എന്നതാണ് 18 വർഷമായിട്ടും അങ്കണവാടിയുടെ ദുരവസ്ഥയ്ക്ക് കാരണം.കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികൾ നടക്കുമ്പോൾ ഉച്ചത്തിൽ മുഴങ്ങുന്ന മൈക്കിന്റെ ശബ്ദവും മറ്റ് ബഹളങ്ങളും കാരണം കുട്ടികളെ വീട്ടിലേക്ക് തിരിച്ചയയ്ക്കേണ്ട അവസ്ഥയും ചിലപ്പോൾ ഉണ്ടാകാറുണ്ട്. ഗവ. സ്കൂളിലെ പുതിയ കെട്ടിടനിർമാണവേളയിൽ അവിടെ അങ്കണവാടിക്കും മുറിനൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പ്രീ-പ്രൈമറി കൊണ്ടുവരാൻ അപേക്ഷ നൽകിയിരിക്കുന്ന സാഹചര്യത്തിൽ അങ്കണവാടി സ്കൂളിൽ പ്രവർത്തിപ്പിക്കേണ്ട എന്ന് ചില അധ്യാപക സംഘടനക്കാർ ശാഠ്യംപിടിച്ചതാണ് സ്കൂളിലേക്ക് തിരികെ പോകാനാകാത്തതിന് കാരണം.
തെരുവിലിറക്കുമെന്ന് ഭീഷണി
അങ്കണവാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്‍റെ തിണ്ണയിൽനിന്ന് മാറ്റണമെന്ന് രാഷ്ട്രീയ നേതാക്കളും മുൻ കോഴഞ്ചേരി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അടക്കമുള്ളവരും ആവശ്യം ഉയർത്തിയിരുന്നു. അങ്കണവാടി ഹാളിൽനിന്ന് മാറ്റണമെന്ന് പഞ്ചായത്ത് നാളുകളായി ഇവിടെനിന്ന് മാറ്റണം എന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും മറ്റെങ്ങും സ്ഥലംകിട്ടാത്തിനാൽ ഏതെങ്കിലും കടത്തിണ്ണയിലേക്ക് മാറേണ്ടിവരുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും കുട്ടികളുടെ രക്ഷിതാക്കളും നിരന്തരമായി ഇവിടെ വിവിധ പരിപാടികൾ നടക്കുന്നതിനാൽ വരാന്തയിലോ, പടിക്കെട്ടുകളിലോ ഇരിക്കാനായിരുന്നു പലപ്പോഴും കുട്ടികളുടെ വിധി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..