കോഴഞ്ചേരി ജനകീയ ഹോട്ടൽ പൂട്ടിയിട്ടനിലയിൽ
കോഴഞ്ചേരി : കോവിഡാനന്തരം കോഴഞ്ചേരിയിലെ സാമൂഹിക അടുക്കള രൂപാന്തരം പ്രാപിച്ചാണ് കോഴഞ്ചേരി സ്റ്റേഡിയത്തിന് സമീപം പഞ്ചായത്തിൽ സർക്കിൾ ഇൻസ്‌പെക്‌ടറുടെ കാര്യാലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ പഞ്ചായത്തിന്‍റെ ജനകീയ ഹോട്ടൽ തുറക്കുന്നത്. കുടുംബശ്രീ സംരംഭകയൂണിറ്റിലെ അംഗങ്ങളാണ് ഹോട്ടൽ പ്രവർത്തിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍റെ സബ്സിഡിയും ജനകീയ ഹോട്ടലിന് ലഭിക്കുന്നുണ്ട്. ദിവസവും 25-രൂപയ്ക്ക് ഊണ് കിട്ടുന്നിടത്തെ, ജില്ലാ ആശുപത്രിയിലെത്തുന്നവർ മുതൽ നഗരത്തിലെ സാധാരണക്കാരായ കൂലിത്തൊഴിലാളികൾപോലും ആശ്രയിച്ചുപോരുന്നു. എന്നാൽ ഏതാനും നാളുകളായി ജനകീയ ഹോട്ടൽ അപ്രതീക്ഷിതമായി പൂട്ടിക്കിടക്കുന്നത് ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നു.
കണക്കുകൾ ശരിയല്ലെന്ന് പരാതി
ജനകീയ ഹോട്ടലിന്‍റെ കഴിഞ്ഞ വർഷത്തെ വരവ് ചെലവ് കണക്കുകളിൽ അപാകം കണ്ടെത്തിയതോടെ പഞ്ചായത്ത് കമ്മിറ്റി ചേർന്ന് നടത്തിപ്പുകാരോട് വിശദീകരണം ചോദിക്കുകയും താത്കാലികമായി ഹോട്ടലിന്‍റെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകമായിരുന്നു. തത്കാലത്തേക്ക് മേയ് 31-വരെ നിലവിലുള്ള നടത്തിപ്പുകാർ തുടരട്ടെ എന്നാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനമെങ്കിലും നടത്തിപ്പുകാരിൽ ഏതാനും പേർ ഹോട്ടൽ നടത്താൻ താത്പര്യമില്ലെന്ന് അറിയിച്ചതോടെ ഹോട്ടലിന്‍റെ പ്രവർത്തനം അനിശ്ചിതത്വത്തിലായി.
അടിസ്ഥാന സൗകര്യങ്ങളില്ല
കുടുംബശ്രീ ജില്ലാ മിഷന്‍റെ ഫണ്ട് ഉപയോഗിച്ചാണ് ജനകീയ ഹോട്ടലിലേക്ക് ആവശ്യമായ മേശകൾ, കസേരകൾ, പാത്രങ്ങൾ, ഫാൻ, മിക്സി എന്നിവ എത്തിച്ചത്. പഞ്ചായത്തിന്‍റെയും സി.ഡി.എസിന്‍റെയും മേൽനോട്ടത്തിലാണ് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം നടക്കുന്നത്. തദ്ദേശസ്ഥാപനത്തിനും കുടുംബശ്രീക്കും മേൽനോട്ട ചുമതല ഉണ്ടായിട്ടും എന്തുകൊണ്ടാണ് ജനകീയ ഹോട്ടലിന്‍റെ പ്രവർത്തനത്തിൽ താളപ്പിഴ സംഭവിച്ചതെന്ന ചോദ്യം ഉയരുന്നുണ്ട്.
വൃത്തിയില്ലാത്ത സാഹചര്യം
ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നതിന് 25 മീറ്റർ ദൂരത്തിലാണ് പഞ്ചായത്തിന്‍റെ മാലിന്യസംസ്കരണപ്ലാൻറും ഇലന്തൂർ ബ്ലോക്കിന്‍റെ ആർ.ആർ.എഫും പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സ്റ്റേഡിയത്തിൽ മാലിന്യം കൂട്ടിയിട്ടിരിക്കുന്ന സാഹചര്യത്തിൽ ജനകീയ ഹോട്ടൽ പഞ്ചായത്ത് സ്റ്റേഡിയത്തിലെ കെട്ടിടത്തിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്. പൂട്ടിക്കിടന്ന സർക്കിൾ ഓഫീസ് കെട്ടിടം ഹോട്ടൽ നടത്താൻ പഞ്ചായത്തിന് വിട്ടുകിട്ടിയെങ്കിലും കെട്ടിടത്തിൽ പഞ്ചായത്തിന് അറ്റകുറ്റപ്പണി നടത്താൻ സ്വാതന്ത്ര്യമില്ലാത്തതിനാൽ ഹോട്ടലിരിക്കുന്ന കെട്ടിടം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..