പുല്ലാട് ആന്താലിമൺ മിനി കുടിവെള്ളപദ്ധതിയുടെ നിർമാണം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
പുല്ലാട് : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് കേന്ദ്ര സർക്കാരിന്റെ ധനകാര്യ കമ്മിഷൻ ഗ്രാൻറ് ഉപയോഗിച്ച് കുറവൻകുഴിയിൽ നിർമിക്കുന്ന ആന്താലിമൺ മിനി കുടിവെള്ള പദ്ധതിയുടെ നിർമാണം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. 90 കുടുംബങ്ങൾക്ക് ഈ പദ്ധതികൊണ്ടുള്ള പ്രയോജനം ലഭിക്കും.
കോയിപ്രം പഞ്ചായത്തിലെ നാലാം വാർഡിലുള്ള ആന്താലിമൺ കോളനിക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ശുദ്ധമായ കുടിവെള്ളം ലഭിക്കണമെന്നുള്ളത്. കുറവൻകുഴി കുളത്തിൽനിന്നാണ് ഇപ്പോൾ ആന്താലിമൺ, ചുഴികുന്ന് പ്രദേശങ്ങളിൽ വെള്ളം എത്തിക്കുന്നത്. കുളത്തിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വെള്ളം കുടിവെള്ളയോഗ്യമല്ല. കോയിപ്രം ഗ്രാമപ്പഞ്ചായത്ത് അമൃതസരോവർ പദ്ധതി പ്രകാരം കുളത്തിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്.ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഒന്നാംഘട്ടമായി 90 മീറ്റർ ആഴത്തിലുള്ള കുഴൽക്കിണർ കുഴിക്കും. ജിയോളജി വകുപ്പ് സർവേ നടത്തിയാണ് കുഴൽക്കിണർ കുഴിക്കാനുള്ള സ്ഥാനം കണ്ടെത്തിയത്.
കുഴൽക്കിണർ നിർമിച്ച് ജിയോളജി വകുപ്പിന് കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാകും. മോട്ടോർ വെയ്ക്കുന്നതും പൈപ്പ്‌ലൈൻ ഇടുന്നതും പുതിയ വാട്ടർ ടാങ്ക് നിർമിക്കുന്നതും പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..