വനിതാ അംഗത്തെ അപമാനിച്ച നാലാം വാർഡ് മെന്പർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോഴഞ്ചേരിയിൽ നടത്തിയ പ്രകടനം
കോഴഞ്ചേരി : പഞ്ചായത്തിലെ ആറാം വാർഡ് മെന്പർ സുനിതാ ഫിലിപ്പിനെ പഞ്ചായത്ത് ആസൂത്രണസമിതി യോഗത്തിൽ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്ന് പരാതി. നാലാം വാർഡ് മെമ്പറും പഞ്ചായത്ത് വികസനസമിതി ചെയർമാനുമായ ബിജോ പി.മാത്യുവിനെതിരേയാണ് ആറാം വാർഡ് അംഗം സുനിതാ ഫിലിപ്പ് ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്. ചില വാർഡുകളിൽ എസ്.സി. വിഭാഗക്കാരില്ലാത്തതിനാൽ അവർ കൂടുതലുള്ള വാർഡുകളിൽ വീടുകൾ അനുവദിക്കണമെന്ന് ആസൂത്രണസമിതി യോഗത്തിൽ താൻ ആവശ്യപ്പെടുകയും അധിക്ഷേപ വാക്കുകൾ വിളിച്ച് വികസനസമിതി ചെയർമാൻ കൈയോങ്ങിയെന്ന് സുനിതാ ഫിലിപ്പ് പരാതിയിൽ പറയുന്നു.
മുൻപ് പഞ്ചായത്ത് പ്രസിഡൻറ് ജിജി വർഗീസിനെ നവമാധ്യമങ്ങൾ വഴി സ്ഥിരമായി അസഭ്യംപറയുകയും പഞ്ചായത്തിൽവെച്ചും അനാവശ്യങ്ങൾ പറയുകയും ചെയ്തതിന്റെ വെളിച്ചത്തിൽ പഞ്ചായത്ത് കമ്മിറ്റിയിൽ നാലാംവാർഡ് അംഗത്തിനെതിരേ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ നിലവിലെ പഞ്ചായത്ത് വികസനസമിതി ചെയർമാൻകൂടിയായ അദ്ദേഹം നിരന്തരമായി കോൺഗ്രസിന്റെ സ്ത്രീമെമ്പർമാരെ അസഭ്യം പറയുകയാണെന്ന് ഡി.സി.സി. സെക്രട്ടറി ജെറി മാത്യു സാം ആരോപിച്ചു.
സ്ത്രീസുരക്ഷയും നവോത്ഥാനവും പറയുന്ന എൽ.ഡി.എഫ്. ഭരണസമിതി അംഗം സ്ഥിരമായി സ്ത്രീകളെ അപമാനിക്കുന്നതിനെ ഒത്താശചെയ്യുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് പറയണമെന്ന് കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ജോമോൻ പുതുപ്പറന്പിൽ പറഞ്ഞു.
കരുതിക്കൂട്ടി സൃഷ്ടിച്ച ആരോപണമെന്ന് ബിജോ പി.മാത്യു
പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭീഷണിപ്പെടുത്തി സംഭാവനപിരിച്ചതിനെ വിമർശിച്ചതിന് കരുതിക്കൂട്ടി സൃഷ്ടിച്ച ആരോപണമാണിതെന്നാണ് ബിജോ പി.മാത്യുവിന്‍റെ പ്രത്യാരോപണം. എസ്.സി. സാന്നിധ്യംകൂടുതലുള്ള വാർഡുകളിലേക്ക് ഗ്രാമസഭ കൂടുന്പോൾ നിയമാനുസൃതമായി വീടുകൾ അനുവദിക്കുന്നതിനെപ്പറ്റി ചർച്ചചെയ്യാം എന്ന് മറുപടിനൽകിയിരുന്നു. സുനിതാ ഫിലിപ്പ് മോശമായ രീതിയിൽ സംസാരിച്ചതുകൊണ്ടാണ് അതേ രീതിയിൽ മറുപടി പറയേണ്ടിവന്നത്. കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നത് അടിസ്ഥാനരഹിതമാണെന്നും ബിജോ പറഞ്ഞു.
കോൺഗ്രസ് പ്രതിഷേധപ്രകടനം
വനിതാ അംഗത്തെ അപമാനിച്ച പഞ്ചായത്ത് അംഗം ബിജോ പി.മാത്യു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കോഴഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ എ. സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. ഡി.സി.സി. സെക്രട്ടറി ജെറി മാത്യു സാം, പഞ്ചായത്ത് അംഗങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസ്, സുനിത ഫിലിപ്പ്, റാണി കോശി, റോസമ്മ മത്തായി, മല്ലപ്പുഴശ്ശേരി മണ്ഡലം പ്രസിഡന്റ് ജേക്കബ് സാമുവൽ, ബാബു വടക്കേൽ, ബ്ലോക്ക് സെക്രട്ടറിമാരായ സത്യൻനായർ, നിജിത്ത് വർഗീസ്, സി. വർഗീസ് എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..