കോഴഞ്ചേരി : കോഴഞ്ചേരി പഞ്ചായത്തിൽ ഏഴാം വാർഡിൽ കോഴഞ്ചേരി ഈസ്റ്റ് കനാൽ റോഡ് സൈഡിൽ കക്കൂസ് മാലിന്യം വണ്ടിയിൽ കൊണ്ടുവന്ന് കനാൽ സൈഡിലേക്കും കനാലിലേക്കും നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ദുരിതമാകുന്നു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ മിനി ടാങ്കർലോറി ഈ ഭാഗത്തുകൂടി കടന്നുപോയതായി പ്രദേശവാസികൾ പറയുന്നു. കോഴഞ്ചേരി ഈസ്റ്റ് റോഡരികിൽ രാത്രിയിൽ സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നു എന്ന് പഞ്ചായത്ത് അധികാരികളെ അറിയിച്ചിട്ടും നാളിതുവരെയായി പഞ്ചായത്തിന് പരിഹാരം കാണാനായില്ലെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു. പഞ്ചായത്തിൽ ശുചിത്വ ഹർത്താലിനു ശേഷം സമാഹരിച്ച മാലിന്യം റോഡരികിൽ തള്ളിയെന്നും പ്രദേശവാസികളിൽ ചിലർ പറയുന്നു.
പഞ്ചായത്ത് പരിഹാരം കണ്ടില്ലെങ്കിൽ സമരം
നൂറുകണക്കിന് കുടുംബങ്ങളും ആരാധനാലയങ്ങളും സ്കൂളും സ്ഥിതിചെയ്യുന്ന റോഡ് തകർന്നടിഞ്ഞ് താറാവുകുളമായി മാറിയിരിക്കയാണ്.
മഴക്കാലത്ത് സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശമായതിനാൽ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യതയേറെയാണ്.
ഈ മാലിന്യം പൂർണമായി മാറ്റി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടി ചെയ്യണമെന്ന് ഈ വാർഡിന്റെ മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ഒരാൾ ആയതിനാൽ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് ചക്കുങ്കൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..