നിർമാണം മുടങ്ങിക്കിടക്കുന്ന കോഴഞ്ചേരി സമാന്തരപാലം
കോഴഞ്ചേരി : എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നശേഷം പത്തനംതിട്ട ജില്ലയ്ക്കായി വിഭാവനംചെയ്ത സുപ്രധാന പദ്ധതികളിലൊന്നാണ് കോഴഞ്ചേരി സമാന്തരപാലം. 2016-ൽ പ്രഖ്യാപിച്ച പദ്ധതിക്കായി 2016-2017 സാന്പത്തിക വർഷത്തിൽ 19.69 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. 2018 ഡിസംബറിൽ നിർമാണം തുടങ്ങുകയുംചെയ്തു. ആറുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സമീപപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിൽ കുരുങ്ങി നിർമാണം മുടങ്ങി. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ഭൂഉടമകളുമായും തപാൽ വകുപ്പുമായും തർക്കമുണ്ടായതോടെ നിർമാണം അനന്തമായി നീണ്ടു.
ഗതാഗതക്കുരുക്കിന് പരിഹാരമായില്ല
നിലവിലുള്ള പാലത്തിന് സമാന്തരമായി കോഴഞ്ചേരി ചന്തയ്ക്കുള്ളിലൂടെ നെടുംപ്രയാർ കരതൊടുന്ന പാലം കോഴഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് പരിഹാരം എന്നനിലയിലാണ് കൊണ്ടുവരുന്നത്. വീതികുറവുള്ളതിനാൽ 1948-ൽ നിർമിച്ച നിലവിലെ പാലത്തിലൂടെ ഒരുസമയം രണ്ട് ഭാരവാഹനങ്ങൾ ഇരുവശത്തേക്കും കടന്നുപോകാനാകില്ല. നിർദ്ദിഷ്ട സമാന്തരപാലത്തിന് 198.80 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണ് ഉണ്ടാവുക. പാലം നിർമാണം പൂർത്തിയായിരുന്നെങ്കിൽ ഗതാഗതക്കുരുക്കിനും പാർക്കിങ് പ്രതിസന്ധിക്കും പരിഹാരമാകുമായിരുന്നു. ആകെ നാല് ആർച്ചുകളാണ് പാലത്തിനുള്ളത്. വെള്ളത്തിൽ മൂന്നും ഇരു കരകളോടും ചേർന്ന് ഓരോന്നും ഉൾപ്പെടെ അഞ്ചു തൂണുകളിലാണ് പാലം നിർമിക്കുന്നത്. തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റർ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റർ നീളത്തിലുമാണ് സമീപന പാത. തോട്ടപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽനിന്ന് ആരംഭിക്കുന്ന സമീപനപാത വണ്ടിപ്പേട്ടയ്ക്കു മുന്നിലുള്ള വൺവേ റോഡിൽ അവസാനിക്കും.
നീണ്ടുപോയ നിർമാണം
ആറുമാസംകൊണ്ട് പൂർത്തിയാക്കുമെന്ന് വീന്പ് പറഞ്ഞ് നിർമാണം തുടങ്ങുന്പോൾ ഉദ്ഘാടന സമയം വരെ പ്രഖ്യാപിച്ചിരുന്നു. 2018 വെള്ളപ്പൊക്കസമയത്ത് നിർമാണ പ്രവൃത്തികൾ നിന്നുപോകുകയും ആറുമാസത്തിന് ശേഷം 2019-ൽ പുനരാരംഭിക്കുകയുംചെയ്തു. 2020 വരെ പാലത്തിന്‍റെ രണ്ട് സ്പാനുകളിലെ ആർച്ചിന്റെ കോൺക്രീറ്റിങ് മാത്രമാണ് കഴിഞ്ഞത്. 2020 മാർച്ചിൽ കോവിഡ് ലോക്ഡൗൺ വരുകയും ഒന്നര വർഷത്തോളം യാതൊരു നിർമാണ പ്രവർത്തനങ്ങളും നടക്കാതെവരുകയുംചെയ്തു.
മൂന്നു തവണ ടെൻഡർ
അവസാനത്തോടെ ആദ്യ കരാറുകാരൻ നിർമാണം ഉപേക്ഷിച്ച് മടങ്ങുന്നു. ആദ്യം ടെൻഡർ കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടതിനാൽ കരാറുകാരന് സാന്പത്തിക നഷ്ടം ഉണ്ടായതാണ് കാരണം. രണ്ടാമത് ടെൻഡർ നടത്തിയെങ്കിലും പഴയതുകയ്ക്ക് കരാറുകാർ എത്താത്തതിനാൽ മൂന്നാം തവണ പാലത്തിന്റെ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ കേരള റോഡ് ഫണ്ട് ബോർഡ് 20.58 കോടി രൂപയ്ക്ക് ടെൻഡർ ചെയ്തു. ഉരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ എന്ന് എം.എൽ.എ. പ്രഖ്യാപിക്കുകയും ചെയ്തു എന്നാൽ നിർമാണം തുടങ്ങിയില്ല. കുറഞ്ഞ തുകയ്ക്ക് പാലം പണി പൂർത്തിയാക്കാനാവില്ല എന്ന് ഇവർ അറിയിച്ചതോടെ എം.എൽ.എ. നേരിട്ട് ഇടപെട്ട് ചർച്ചയാരംഭിച്ചു.
പാലം നിർമാണത്തിന് കിഫ്ബി തുക ഉയർത്തി
പാലം നിർമാണത്തിനായി കിഫ്ബിയിൽനിന്നു അനുവദിക്കുന്ന തുക 25 കോടിയായി ഉയർത്തിയെങ്കിലും നിർമാണം എന്ന് ആരംഭിക്കും എന്നതിനെപ്പറ്റി എം.എൽ.എ. ഓഫീസിൽനിന്നോ കരാറുകാരിൽനിന്നോ മറുപടിയില്ല. എന്ന് നിർമാണം ആരംഭിക്കുമെന്ന് എം.എൽ.എ. ഓഫീസിൽ വിളിച്ചാൽ കിട്ടുന്നത് ചർച്ചകൾ പുരോഗമിക്കുകയാണ്, ഉടൻ നിർമാണം തുടങ്ങും എന്നിങ്ങനെയുള്ള സ്ഥിരം പല്ലവികളാണ്. പാലം കൊണ്ടുവരുന്നതിനൊപ്പം ടൗൺഷിപ്പാക്കുമെന്ന് എം.എൽ.എ. ആഴ്ചകൾക്ക് മുന്പ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നാമാവശേഷമായ കോഴഞ്ചേരി ചന്തയും കച്ചവടമില്ലാതെ ബുദ്ധിമുട്ടുന്ന വ്യാപാരസ്ഥാപനങ്ങളും കാണാതെയാണ് ഇത്തരം പ്രസ്താവനകൾ.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..