ആസാദി കാ അമൃത് മഹോത്സവ്; ദേശീയപതാകയേന്തി ഘോഷയാത്ര


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള വിദ്യാർഥികളുടെ ഘോഷയാത്ര മൈസൂരു കൊട്ടാരത്തിൽനിന്ന് പുറപ്പെടുന്നു

മൈസൂരു : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ (ആസാദി കാ അമൃത് മഹോത്സവ്) ഭാഗമായി മൈസൂരുവിൽ വിദ്യാർഥികളുടെ വൻ ഘോഷയാത്ര അരങ്ങേറി. ദേശീയപതാകകളുമായി നൂറുകണക്കിന്‌ വിദ്യാർഥികളാണ് വെള്ളിയാഴ്ച നടന്ന ഘോഷയാത്രയിൽ അണിനിരന്നത്. രാവിലെ 9.30-ന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വിദ്യാരണ്യപുരത്താണ് സമാപിച്ചത്.

നഗരത്തിലെ വിവിധ സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾ യൂണിഫോം ധരിച്ച് ഘോഷയാത്രയിൽ അണിനിരന്നു.‘ഭാരത് മാതാ കീ ജയ്’ ഉയർന്നു. ഗൺഹൗസ് സർക്കിൾ, രാമാനുജ റോഡ്, സിദ്ധപ്പ സ്ക്വയർ, എൻ.എസ്. റോഡ്, ചാമുണ്ഡിപുരം സർക്കിൾ വഴി വിദ്യാരണ്യപുരത്തെ മൈതാനിയിലായിരുന്നു സമാപനം. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി പോലീസ്, ആംബുലൻസുകൾ എന്നിവ ഘോഷയാത്രയെ അനുഗമിച്ചു. ഘോഷയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ ഒരു സ്കൂൾ വിദ്യാർഥിനിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി പ്രാഥമിക ശുശ്രൂഷനൽകി.

നഗരത്തിലെ കെ.ആർ. നിയമസഭാമണ്ഡലത്തിൽ നടന്നുവരുന്ന ആസാദി കാ അമൃത് മഹോത്സവ വാരാഘോഷത്തിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. മണ്ഡലം എം.എൽ.എ. എസ്.എ. രാമദാസാണ് വാരാഘോഷത്തിന് നേതൃത്വം നൽകുന്നത്. ജനങ്ങൾക്കിടയിൽ രാജ്യസ്നേഹവും ദേശീയതയും ഉൾപ്രവേശിപ്പിക്കാൻവേണ്ടിയാണ് ഘോഷയാത്ര നടത്തിയതെന്ന് പരിപാടിക്കുമുമ്പ് മൈസൂരു കൊട്ടാരത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ രാമദാസ് പറഞ്ഞു. പൗരന്മാർക്കിടയിൽ സ്വാതന്ത്ര്യത്തിന്റെ ചൈതന്യം പുനരുജ്ജീവിപ്പിക്കാനാണ് വിവിധ പരിപാടികൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാദി കാ അമൃത് മഹോത്സവ വാരാഘോഷത്തിന്റെ ഭാഗമായി മണ്ഡലത്തിൽ ആകെയുള്ള 19 വാർഡുകളിലും ദേശഭക്തിഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള സംഗീതമേള നടക്കുന്നുണ്ട്. വാരാഘോഷത്തിന്റെ സമാപനദിവസമായ ഞായറാഴ്ച ദേശീയപതാകയുമേന്തി നഗരത്തിൽ യുവാക്കളുടെ ബൈക്ക് റാലി അരങ്ങേറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..